നീലാകാശത്തിലൂടെ തിമിംഗല യാത്ര
text_fieldsദോഹ: കാനഡയിലെ ഒന്റാറിയോയിൽ നിന്ന് പറന്നുയർന്ന കൂറ്റൻ ഖത്തർ എയർവേസ് കാർഗോ വിമാനത്തിൽ ഇത്തവണ സാധാരണ ചരക്കുകൾക്ക് പകരം അപൂർവ്വ അതിഥികളായിരുന്നു. വെളുത്ത നിറമുള്ള, ആരെയും ആകർഷിക്കുന്ന ബെലൂഗ തിമിംഗലക്കുഞ്ഞുങ്ങൾ!.
കാനഡയിൽ നിന്ന് ബെലൂഗ തിമിംഗലക്കുഞ്ഞുങ്ങളെ സുരക്ഷിതമായി അമേരിക്കയിലെ പുതിയ പരിചരണ കേന്ദ്രത്തിലേക്ക് എത്തിച്ചുകൊണ്ട് ഖത്തർ എയർവേസ് സങ്കീർണ്ണമായ രക്ഷാദൗത്യത്തിൽ പങ്കാളികളായി. അന്താരാഷ്ട്ര തലത്തിൽ നടന്ന പുനരധിവാസ ദൗത്യം വിജയകരമായി പൂർത്തിയാക്കിയതായി കമ്പനി ഖത്തർ എയർവേസ് കാർഗോ വിഭാഗം അധികൃതർ അറിയിച്ചു.
കാനഡയിലെ ഒന്റാറിയോയിലുള്ള 'മറൈൻലാന്റിൽ' നിന്നാണ് ആറ് ബെലുഗ തിമിംഗലങ്ങളെ അമേരിക്കയിലെ അംഗീകൃത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. സാമ്പത്തിക പ്രതിസന്ധിയും പരിപാലനത്തിലെ ബുദ്ധിമുട്ടുകളും കാരണം 2024ൽ അടച്ചുപൂട്ടിയ മറൈൻലാന്റിൽ നിന്ന് അവശേഷിക്കുന്ന തിമിംഗലങ്ങളെ മറ്റ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിന്റെ ഭാഗമായാണ് രക്ഷാദൗത്യത്തിൽ ഖത്തർ എയർവേസ് പങ്കാളികളായത്.
യാത്രയിൽ തിമിംഗല കുഞ്ഞുങ്ങളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കാൻ കൃത്യമായ പ്ലാനിങ്ങും ഏകോപനം നടത്തിയിരുന്നു. ബെലൂഗ തിമിംഗലങ്ങളുടെ ശരീരപ്രകൃതിക്ക് അനുയോജ്യമായി പ്രത്യേകം രൂപകൽപന ചെയ്ത കണ്ടെയ്നറുകളിലായാണ് വിമാനത്തിൽ എത്തിച്ചത്. നിരീക്ഷണത്തിനും പരിചരണത്തിനുമായി വെറ്ററിനറി ഡോക്ടർമാരും തിമിംഗലങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുള്ള വിദഗ്ധരും യാത്രയിലുടനീളം പങ്കാളികളായി.
വിമാനയാത്രക്ക് ശേഷവും അമേരിക്കയിലെ പുതിയ കേന്ദ്രങ്ങളിൽ എത്തുന്നതുവരെ വിദഗ്ധ സംഘം ഒപ്പമുണ്ടായിരുന്നു. യാത്രയുടെ തുടക്കം മുതലുള്ള ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ വിഡിയോ ഖത്തർ എയർവേസ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

