ആകാശത്തും ഗെയിമിങ്; അതിശയിപ്പിച്ച് ഖത്തർ എയർവേസ്
text_fieldsഖത്തർ എയർവേസിന്റെ ‘ഗെയിമിങ് ഇൻ ദ സ്കൈ’ മത്സരങ്ങളിൽ പങ്കെടുത്ത ഓൺലൈൻ സ്ട്രീമിങ് താരങ്ങൾ
ദോഹ: 35,000 അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിലിരുന്ന് അതിവേഗ ഇന്റർനെറ്റിന്റെ സഹായത്തോടെ ഒരു ഗെയിമിങ് മത്സരം. അതും ഗെയിമിങ് രംഗത്തെ മുൻനിര പ്രതിഭകളെ പങ്കെടുപ്പിച്ച്. ഖത്തർ എയർവേസാണ് ആകാശത്ത് ‘ഗെയിമിങ് ഇൻ ദ സ്കൈ’ എന്ന പേരിൽ ഇ-സ്പോർട്സ് മത്സരം ആരംഭിച്ച് പുതിയ നാഴികക്കല്ല് കുറിച്ചത്. കഴിഞ്ഞയാഴ്ചയിൽ ദോഹയിൽനിന്നും ലണ്ടനിലേക്ക് പറന്ന വിമാനമാണ് ലോകം ഉറ്റുനോക്കിയ ഗെയിമിങ് മത്സരത്തിന് വേദിയായത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രമുഖരായ ഓൺലൈൻ സ്ട്രീമർമാരായ ടിഫ്യൂ എന്നറിയപ്പെടുന്ന ടർണർ ടെന്നി, കാസ്ട്രോ 1021, ലിസ സിമൗച്, അലോഡിയ ഗോസിൻഫിയോ, ഡാന്റിക്, എസ്.വി 2 തുടങ്ങിയ താരങ്ങളാണ് ഖത്തർ എയർവേസിന്റെ പരീക്ഷണ മത്സരത്തിൽ അണിനിരന്നത്.
വ്യോമയാനമേഖലയെ വിനോദ, സാങ്കേതികവിദ്യ എന്നിവയുമായി കൂട്ടിയിണക്കിയാണ് ആകാശത്തെ ഗെയിമിങ് മത്സരം എന്ന പുതിയ നാഴികക്കല്ല് സൃഷ്ടിച്ചത്. ടീം ബർഗണ്ടി ഒറിക്സും ടീം ഗ്രേ ഏവിയേറ്റേഴ്സും തമ്മിലാണ് മിഡ് എയർ ഷോഡൗണിൽ ഏറ്റുമുട്ടിയത്. സ്റ്റാർലിങ്കിന്റെ അൾട്രാ ഫാസ്റ്റ്, ലോ ലേറ്റൻസി ഇന്റർനെറ്റ് സാങ്കേതികവിദ്യയുടെ സഹായത്തോടെ കളിക്കാർ തടസ്സമില്ലാതെ ഗെയിമിങ്ങിന്റെ ഭാഗമായി. തത്സമയ അപ്ഡേറ്റുകളുമായി ഖത്തർ എയർവേസിന്റെ സോഷ്യൽ മീഡിയ ചാനലുകളും സജീവമായി.
യാത്രക്കാർക്ക് തങ്ങൾ വീടുകളിലാണെന്ന് തോന്നിപ്പിക്കും വിധത്തിൽ ആകാശത്ത് ഇൻഫ്ലൈറ്റ് അനുഭവം നൽകാൻ ഖത്തർ എയർവേസ് എപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നെന്നും ഈ രംഗത്തെ സുപ്രധാനവും ധീരമായതുമായ ചുവടുവെപ്പാണ് ആകാശ ഗെയിമിങ് മത്സരമെന്നും ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ എൻജി. ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു.
ലോകമെമ്പാടുമുള്ള ഗെയിമിങ് ആരാധകർ മത്സരത്തിന്റെ തത്സമയ വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പിന്തുടർന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ബോയിങ് 777 വിമാനങ്ങളിലെ സ്റ്റാർലിങ്ക് കണക്ടിവിറ്റി അവസാന ഘട്ടത്തിലാണ്. എയർബസ് എ 380ൽ സ്റ്റാർലിങ്ക് സേവനം അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചതെന്നും ബദർ അൽ മീർ വ്യക്തമാക്കി. യാത്രക്കാർക്ക് ഭൂമിയിലെന്ന പോലെ, ആകാശ യാത്രയിലും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്ന ചുവടുവെപ്പാണ് സ്റ്റാർലിങ്ക് കണക്ടിവിറ്റി. ഹൈ സ്പീഡ് ഓൺബോർഡ് ഇന്റർനെറ്റ് നൽകുന്ന മിന മേഖലയിലെ ആദ്യ വിമാനക്കമ്പനിയും ഏകവിമാനക്കമ്പനിയുമാണ് ഖത്തർ എയർവേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

