ബെസ്റ്റ് ഖത്തർ എയർവേസ് തന്നെ
text_fieldsസ്കൈട്രാക്സിന്റെ ഏറ്റവും മികച്ച എയർലൈൻസ് പുരസ്കാരങ്ങൾ ഖത്തർ എയർവേസ് ഏറ്റുവാങ്ങിയപ്പോൾ
ദോഹ: ലോകത്തെ ഏറ്റവും മികച്ച എയർലൈൻസിനുള്ള പുരസ്കാരം തുടർച്ചയായ ഒമ്പതാം തവണയും സ്വന്തമാക്കി ഖത്തറിന്റെ ദേശീയ എയർലൈൻ കമ്പനിയായ ഖത്തർ എയർവേസ്. അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ സ്കൈട്രാക്സാണ് തുടർച്ചയായ വർഷങ്ങളിൽ ഖത്തർ എയർവേസിലെ ലോകത്തെ മുൻനിര എയർലൈൻസായി വീണ്ടും തെരഞ്ഞെടുത്തത്.ഏറ്റവും മികച്ച ബിസിനസ് ക്ലാസ്, മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച എയർലൈൻസ്, ഏറ്റവും മികച്ച ബിസിനസ് ക്ലാസ് എയർലൈൻ ലോഞ്ച്, സ്കൈട്രാക്സ് ഫൈവ്സ്റ്റാർ അംഗീകാരം എന്നിവയും ഖത്തർ എയർവേസിനെ തേടിയെത്തി. ഒമ്പതാം തവണയും സ്കൈട്രാക്സ് ലോകത്തിലെ ഏറ്റവും മികച്ച എയർലൈൻ ആയി ഖത്തർഎയർവേസിനെ തെരഞ്ഞെടുത്തത് അസാധാരണ ബഹുമതിയാണെന്ന് ഗ്രൂപ് സി.ഇ.ഒ എൻജി. ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു. ‘ഈ അംഗീകാരം ഒരു അവാർഡിനേക്കാൾ വിലപിടിപ്പുള്ളതാണ്.
എയർലൈൻ എന്ന നിലയിൽ നമ്മളെ നിർവചിക്കുന്ന ഘടകങ്ങളുടെ ആഘോഷമാണ് ഈ നേട്ടം. മത്സരാധിഷ്ഠിതവും നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നതുമായ വ്യോമയാന വ്യവസായത്തിൽ നേതൃത്വം മുതൽ താഴേക്കിടയിൽ വരെയുള്ള എല്ലാവരുടെയും പരിശ്രമങ്ങൾക്കുള്ള അംഗീകാരമാണ്’ -ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു.മിഡിലീസ്റ്റിലെ ഏറ്റവും മികച്ച എയർലൈൻസ്, ബെസ്റ്റ് ബിസിനസ് ക്ലാസ്, ബെസ്റ്റ് ബിസിനസ് ക്ലാസ് എയർലൈൻ ലോഞ്ച് തുടങ്ങിയ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. ആകാശത്തും, ഗ്രൗണ്ടിലും തങ്ങളുടെ യാത്രക്കാർക്ക് ഏറ്റവും മികച്ച അനുഭവം സമ്മാനിച്ചതിന്റെ നേട്ടമാണിതെന്നും അദ്ദേഹം വിശദീകരിച്ചു.ഖത്തർ എയർവേസിന്റെ ഹബായ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അൽ മൗർജാൻ ലോഞ്ചാണ് ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ് എയർലൈൻ ലോഞ്ചായി തെരഞ്ഞെടുക്കപ്പെട്ടത്. ആഗോള എയർലൈൻ മേഖലയിലെ വിശ്വസനീയ എയർലൈൻ റേറ്റിങ് സ്ഥാപനമായ സ്കൈട്രാക്സിന്റെ പുരസ്കാരം ഒമ്പതാം തവണയാണ് ഖത്തർ എയർവേസിനെ തേടിയെത്തുന്നത്.
യാത്രക്കാരായ ഉപഭോക്താക്കൾ നൽകുന്ന റേറ്റിങ്ങിന്റെയും സർവേകളുടെയും അടിസ്ഥാനത്തിലാണ് 1999 മുതൽ സ്കൈട്രാക്സ് അന്താരാഷ്ട്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്. വ്യോമയാന മേഖലയിലെ ഓസ്കർ പുരസ്കാരം എന്നുമാണ് സ്കൈട്രാക്സ് അവാർഡിനെ വിശേഷിപ്പിക്കുന്നത്. 2022 മുതൽ ഓൺലൈൻ വഴിയും യാത്രക്കാരിൽനിന്നും സർവേയിലൂടെ അഭിപ്രായങ്ങൾ സ്വീകരിക്കാറുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 350ഓളം എയർലൈൻസുകൾ തമ്മിലെ ശക്തമായ മത്സരത്തിൽനിന്നാണ് സ്കൈട്രാക്സ് വിജയികളെ പ്രഖ്യാപിക്കുന്നത്.
ആകാശത്തിലെ ചാമ്പ്യൻ
ഒമ്പതാം തവണയാണ് സ്കൈട്രാക്സിന്റെ മികച്ച എയർലൈൻ പുരസ്കാരം ഖത്തർ എയർവേസിനെ തേടിയെത്തുന്നത്. 2011, 2012, 2015, 2017, 2019, 2021, 2022, 2024 വർഷങ്ങളിൽ നേരത്തേ പുരസ്കാരമെത്തിയിരുന്നു.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഹബായി പ്രവർത്തിക്കുന്ന ഖത്തർ എയർവേസ് ലോകത്തെ 170 നഗരങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്. മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളമായി തുടർച്ചയായി 11 തവണയാണ് ഹമദ് പുരസ്കാരം നേടിയത്. ലോകത്തെ മികച്ച ഷോപ്പിങ് എയർപോർട്ടായി മൂന്നു തവണയും തെരഞ്ഞെടുക്കപ്പെട്ടു.സ്കൈ ട്രാക്സ് ബെസ്റ്റ് എയർപോർട്ടായി 2021, 2022, 2024 വർഷങ്ങളിലും തെരഞ്ഞെടുക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

