ഖത്തർ എയർവേസ് ദോഹ- ന്യൂഡൽഹി സർവിസ്; മുന്നൂറിലധികം ഇന്ത്യക്കാർ നാടണഞ്ഞു
text_fieldsദോഹ: വ്യോമാതിർത്തി ഭാഗികമായി തുറന്നതോടെ ദോഹയിൽനിന്ന് മുന്നൂറിലധികം യാത്രക്കാരുമായി ഖത്തർ എയർവേസ് ന്യൂഡൽഹിയിലേക്ക് സർവിസ് നടത്തി. കഴിഞ്ഞദിവസം ലണ്ടൻ അടക്കം പ്രധാന നഗരങ്ങളിലേക്കും മറ്റ് എയർ കാർഗോ പ്രവർത്തനങ്ങൾക്കും സിവിൽ ഏവിയേഷൻ ഡിപാർട്ട്മെന്റ് അനുമതി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡൽഹി അടക്കം കൂടുതൽ നഗരങ്ങളിലേക്ക് വിമാന സർവിസുകൾക്ക് ഖത്തർ എയർവേസ് അനുമതി നൽകിയത്. ഇന്ന് ന്യൂഡൽഹി, മുംബൈ, കൊച്ചി എന്നിവിടങ്ങളിലേക്ക് മൂന്ന് വിമാന സർവിസുകൾ കൂടി ഖത്തർ എയർവേസ് നടത്തുന്നുണ്ട്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ട്രാൻസിറ്റ് വിസയിലോ ഹ്രസ്വകാല സന്ദർശനത്തിനായോ ദോഹയിൽ എത്തിയ 1000ത്തോളം ഇന്ത്യക്കാരെയാണ് ഖത്തർ എയർവേസ് വിമാനങ്ങളിലായി നാട്ടിൽ തിരിച്ചെത്തിച്ചത്. അതേസമയം, ഷെഡ്യൂൾ പ്രകാരമുള്ള സാധാരണ വിമാന സർവിസുകൾ പുനരാരംഭിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ഖത്തർ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യോമാതിർത്തി വീണ്ടും സുരക്ഷിതമായി തുറന്നാൽ വിമാന സർവിസുകൾ പുനരാരംഭിക്കും.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്ക് മുൻഗണന നൽകിയും സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തിയും ബന്ധപ്പെട്ട അധികാരികളുടെ നിർദേശാനുസരണമായിരിക്കും വരും ദിവസങ്ങളിൽ വിമാന സർവിസുകൾ പുനരാരംഭിക്കുക.
ഖത്തർ വ്യോമപാത അടച്ചതിനെത്തുടർന്ന് വിമാന സർവിസുകൾ തടസ്സപ്പെട്ട സാഹചര്യത്തിൽ, ഇന്ത്യൻ ട്രാൻസിറ്റ് യാത്രക്കാർക്ക് ഇന്ത്യൻ എംബസി സഹായ ഇടപെടൽ നടത്തുന്നുണ്ട്. സംശയങ്ങൾക്ക് ദുരീകരിക്കാൻ ഇന്ത്യൻ എംബസിയുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ഫോൺ: +974 55647502, 55362508, 55384683. അല്ലങ്കിൽ cons.doha@mea.gov.in എന്ന ഇമെയിൽ വഴിയും ബന്ധപ്പെടാവുന്നതാണ്.
കൂടാതെ, ഇന്ത്യൻ കമ്യൂണിറ്റി സംഘടനകളായ ഐ.സി.സി, ഐ.സി.ബി.എഫ് എന്നിവയുടെ നേതൃത്വത്തിൽ ഹെൽപ് ലൈനുകളും ഹെൽപ് ഡെസ്കുകളും പ്രവർത്തിക്കുന്നുണ്ട്.
ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിക്കുന്ന സുരക്ഷ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സോഷ്യൽ മീഡിയ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്നും ആധികാരിക വിവര സ്രോതസുകളെ മാത്രം ആശ്രയിക്കണമെന്നും ദോഹയിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

