ആകാശവും കീഴടക്കുന്ന കരാർ
text_fieldsദോഹ: ഒരൊറ്റ ഒപ്പിൽ 210 വിമാനങ്ങളുടെ കരാർ, 9600 കോടി ഡോളറിന്റെ ഇടപാട്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പശ്ചിമേഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി ഖത്തറിലെ രണ്ടുദിവസത്തെ പര്യടനം പൂർത്തിയാക്കി മടങ്ങുമ്പോൾ അന്താരാഷ്ട മാധ്യമങ്ങളിൽ നിറയുന്നത് ഖത്തർ എയർവേസിനുവേണ്ടി ഒപ്പുവെച്ച ഈ ഭീമൻ വിമാനകരാറാണ്. അമേരിക്കയുടെ വിമാന നിർമാണ കമ്പനിയായ ബോയിങ്ങിൽനിന്നും ഖത്തർ എയർവേസിന്റെ വിമാനനിരയിലേക്ക് പുതുതായി വാങ്ങാൻ ഒരുങ്ങുന്ന 210 വിമാനങ്ങൾക്കുവേണ്ടിയാണ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെയും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും സാന്നിധ്യത്തിൽ ഒപ്പുവെച്ചത്.
ചരിത്രത്തിലെ ഏറ്റവും വലിയ വിമാനകരാറിനായിരുന്നു അമിരിദിവാനിലെ ചടങ്ങിൽ ഒപ്പുവെച്ചത്. ഖത്തർ ദേശീയ വിമാനക്കമ്പനിയുടെ വളർച്ചയിൽ സുപ്രധാന പങ്ക് വഹിക്കുന്ന കരാറിൽ ഏറ്റവും വലിയ ഡ്രീംലൈനർ ഓർഡറും ഉൾപ്പെടും. 787 ഡ്രീംലൈനർ ഇനത്തിലുള്ള 130 വിമാനങ്ങൾക്കാണ് ഖത്തർ എയർവേസ് ഓർഡർ നൽകിയിരിക്കുന്നത്.
ഇരട്ട എൻജിൻ വിമാനമായ 777-9 ബോയിങ്ങിന്റെ 30 വിമാനങ്ങളും കരാർ പ്രകാരം സ്വന്തമാക്കും. ആവശ്യമെങ്കിൽ 787, 777 എക്സ് എന്നീ മോഡലുകളുടെ 50 വിമാനങ്ങളും കരാറിൽ ഉൾപ്പെടുന്നു. ഇതെല്ലാം കൂടിയാണ് 210 വിമാന കരാർ. ഇതിനു പുറമെ 60 ജി.ഇ 9 എക്സ്, 206 ജി.ഇ.എൻ.എക്സ് എൻജിനുകൾ ഉൾപ്പെടെ 400ൽ അധികം എൻജിനുകൾക്കുവേണ്ടിയുള്ള കരാറിലും ജി.ഇ എയ്റോസ്പേസുമായി ഖത്തർ എയർവേസ് ഒപ്പുവെച്ചിട്ടുണ്ട്.
പുതിയ തലമുറ ബോയിങ് 777-9, ബോയിങ് 787 വിമാനങ്ങൾക്ക് ഊർജം നൽകുന്നതിന് ജി.ഇ എയ്റോസ്പേസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വൈഡ്ബോഡി എൻജിൻ ഓർഡർ കരാറായി ഇത് അറിയപ്പെടും. ആധുനിക വത്കരണവും, ഏറ്റവും പുതിയ സാങ്കേതിക സൗകര്യങ്ങളുമായി അതിവേഗത്തിൽ ലോകത്തെ മുൻനിര എയർലൈൻ കമ്പനിയായി മാറുന്ന ഖത്തർ എയർവേസിന്റെ സ്വീകാര്യത വർധിപ്പിക്കുന്നതാണ് ചുവടുവെപ്പ്.
കരാർ ഒപ്പുവെച്ചതിനു പിന്നാലെ, വ്യോമയാന മേഖലയിൽ ഏറ്റവും ചർച്ചയായതും ഖത്തർ എയർവേസിനെ ശക്തിപ്പെടുത്താൻ എത്തുന്ന ബോയിങ് വിമാനങ്ങളുടെ നിരയെക്കുറിച്ചുതന്നെ. ദീർഘദൂര, അൾട്രാ എഫിഷ്യൻസി വൈഡ്ബോഡി വിമാന നിരയിലെ ഏറ്റവും പ്രമുഖനാണ് 787 ഡ്രീംലൈനർ. ഇത്തരത്തിലുള്ള 130 വിമാനങ്ങൾക്കാണ് ഖത്തർ എയർവേസ് ഓർഡർ നൽകിയിരിക്കുന്നത്. ഇന്ധന ഉപയോഗത്തിൽ 25 ശതമാനത്തോളം കാര്യക്ഷമതയും യാത്രക്കാർക്ക് മികച്ച സുഖസൗകര്യങ്ങളുമാണ് 787 ഡ്രീംലൈനറുകൾ വാഗ്ദാനം ചെയ്യുന്നത്.
ഓർഡറിൽ ഉൾപ്പെടുന്ന മറ്റൊരു വിമാനമായ 777-9 വിഭാഗത്തിൽ പെടുന്ന ഇരട്ട എഞ്ചിൻ വിമാനങ്ങളാണ്. ഇന്ധന ഉപയോഗത്തിലും കാർബൺ പുറന്തള്ളുന്നതിലും മറ്റുവിമാനങ്ങളെ അപേക്ഷിച്ച് 25 ശതമാനം കുറവാണ് ഇവ. ലോകത്തിലെ ഏറ്റവും വലിയ ഇരട്ട എൻജിൻ വിമാനമെന്നും 777-9 വിമാനങ്ങൾ അറിയപ്പെടുന്നു. ഖത്തർ എയർവേസ് ബോയിങ്ങുമായി റെക്കോർഡ് ബ്രേക്കിങ് ഓർഡർ നൽകിയതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്നും, ഖത്തർ എയർവേസിന്റെ വിമാന നിരയെ ശക്തിപ്പെടുത്തുന്നതിൽ വൈഡ്ബോഡി വിമാനങ്ങൾ നിർണായക പങ്ക് വഹിക്കുമെന്നും ബോയിങ് കമേഴ്സ്യൽ എയർപ്ലൈൻസ് പ്രസിഡന്റും സി.ഇ.ഒയുമായ സ്റ്റെഫാനി പോപ്പ് പറഞ്ഞു. അടുത്ത പത്തു വർഷത്തിനുള്ളിൽ ഖത്തർ എയർവേസിന്റെ പ്രധാന വിമാനങ്ങളായി ബോയിങ് 787, 777 വിമാനങ്ങൾ മാറുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ 150ൽ അധികം ബോയിങ് വിമാനങ്ങളാണ് ഖത്തർ എയർവേസ് നിരയിലുള്ളത്. 777, 787 വിഭാഗങ്ങളിൽ ഉൾപ്പെടുന്ന പാസഞ്ചർ ജെറ്റുകളും 777 കാർഗോ വിമാനങ്ങളും ഉൾപ്പെടുന്നു. പുതിയ ഓർഡറോടെ ഖത്തർ എയർവേസ് മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഡ്രീംലൈനർ ഓപറേറ്റർമാരായി മാറും. ബോയിങ്ങുമായുള്ള കരാറും ചരിത്രത്തിലെ ഏറ്റവും വലിയ വൈഡ്ബോഡി വിമാന ഓർഡറിലും ഖത്തർ എയർവേസിന്റെ പങ്കാളിത്തം പ്രഖ്യാപിക്കുന്നതിൽ സന്തോഷം പങ്കുവെക്കുന്നതായി ഗ്രൂപ് സി.ഇ.ഒ എൻജി. ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു. ആഗോള വ്യോമയാന മേഖലയിലെ ഏറ്റവും പ്രായം കുറഞ്ഞതും മികച്ചു നിൽക്കുന്നതുമായ ഖത്തർ എയർവേസ് അതിന്റെ പ്രയാണത്തിലെ നിർണായക ഘട്ടത്തിലേക്കാണ് പ്രവേശിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

