മഹാമാരിക്കിടയിലും സജീവമായി ഖത്തർ എയർവേസ് കാർഗോ
text_fieldsദോഹ: കോവിഡ് മഹാമാരിയുയർത്തിയ വെല്ലുവിളികൾക്കിടയിലും ഈവർഷം ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ ഖത്തർ എയർവേസ് കാർഗോക്ക് തിരക്കേറിയ സീസൺ. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് അവശ്യവസ്തുക്കളും മരുന്നുകളും മറ്റും തടസ്സങ്ങളില്ലാതെ എത്തിക്കുന്നതിൽ ഖത്തർ എയർവേസ് കാർഗോ നിർണായക പങ്കുവഹിച്ചു. ഈ കാലയളവിൽ 15 ലക്ഷം ടൺ കാർഗോയാണ് ലോകത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചത്.
കോവിഡ് മഹാമാരിയെത്തുടർന്ന് ആഗോള വ്യോമയാന മേഖല പ്രതിസന്ധി നേരിട്ടപ്പോൾ ചരക്കുനീക്കത്തിൽ ഖത്തർ എയർവേസ് കാർഗോ വളർച്ച രേഖപ്പെടുത്തി. 2020 ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ചരക്കുനീക്കത്തിൽ 13.42 ശതമാനം വർധന കൈവരിച്ചു.
2019മായി താരതമ്യം ചെയ്യുമ്പോൾ ഖത്തർ എയർവേസ് കാർഗോ ടണ്ണേജ് വളർച്ചയിൽ 3.78 ശതമാനം വർധനവുണ്ടായി. മെഡിക്കൽ ഉപകരണങ്ങൾ, പേഴ്സൽ പ്രൊട്ടക്ടിവ് എക്യുപ്മെൻറ് (പി.പി.ഇ), കോവിഡിനെ പ്രതിരോധിക്കുന്നതിനായുള്ള അടിയന്തര സാമഗ്രികൾ എന്നിവയാണ് ഏറെയും.
കോവിഡ് ആരംഭിച്ചതിനുശേഷം മാത്രം അഞ്ചുലക്ഷം ടൺ മെഡിക്കൽ കാർഗോയാണ് ഖത്തർ എയർവേസ് വഹിച്ചത്. ഇതിൽ 500 മില്യൻ കോവിഡ് വാക്സിൻ വിതരണം ഉൾപ്പെടും. യുനിസെഫിെൻറ കൊവാക്സ് പദ്ധതിയുടെ ഭാഗമായി ഏഴു ദശലക്ഷം വാക്സിൻ വിവിധ ഇടങ്ങളിലേക്ക് എത്തിച്ചതും ഇതിലുൾപ്പെടും. അഞ്ചുവർഷത്തെ വാക്സിൻ ട്രാൻസ്പോർട്ടുമായി ബന്ധപ്പെട്ട് ഖത്തർ എയർവേസും യൂനിസെഫും ഒപ്പുവെച്ച കരാർ പ്രകാരമാണിത്.
ഈവർഷം ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ ഖത്തർ എയർവേസ് ചരക്കുനീക്കത്തിൽ 72 ദശലക്ഷം കിലോഗ്രാം ഫാർമസ്യൂട്ടിക്കൽ വസ്തുക്കളും ഉൾപ്പെടും.
മുൻവർഷത്തെ അപേക്ഷിച്ച് ഫാർമസ്യൂട്ടിക്കൽ ഗതാഗതത്തിൽ എട്ടു ശതമാനം വരുമാന വർധനവും ഖത്തർ എയർവേസിനുണ്ടായിട്ടുണ്ട്.
എല്ലാ വിഭാഗം ചരക്കു നീക്കത്തിലും ഖത്തർ എയർവേസ് കാർഗോ വലിയ മുന്നേറ്റം സൃഷ്ടിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.
യാത്രാ ഗതാഗതത്തിലും ഖത്തർ എയർവേസ് വീണ്ടും വളർച്ചയുടെ പാതയിലാണ്. മഹാമാരിയെ തുടർന്ന് റദ്ദാക്കിയ നിരവധി സർവിസുകൾ ഖത്തർ എയർവേസ് പുനരാരംഭിച്ച് കൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

