ഇൻസ്റ്റയിലും അരങ്ങേറ്റംകുറിച്ച് ‘സമ’
text_fieldsസമ ദ്യോകോവിചിനൊപ്പം
ദോഹ: ഖത്തർ എയർവേസിന്റെ സ്വന്തം ‘സമ’യെ ഇനി സമൂഹ മാധ്യമ പേജിലൂടെ ജനമധ്യത്തിലേക്ക്. ഖത്തർ എയർവേസ് അവതരിപ്പിച്ച ലോകത്തിലെ ആദ്യ എ.ഐ ഡിജിറ്റൽ കാബിൻ ക്രൂ ആയ ‘സമ’ ഇൻസ്റ്റഗ്രാം പേജിലൂടെ ഒറ്റ ക്ലിക്കിൽ മുന്നിലെത്തും. യാത്രക്കാർക്ക് ഉപദേശങ്ങളും നിർദേശങ്ങളും യാത്രാവിശേഷങ്ങളുമെല്ലാമായാണ് ‘@SamaOnTheMove’ എന്ന പേജിലൂടെ സോഷ്യൽ മീഡിയ ലോകത്തിലെത്തുന്നത്.
പുതുവർഷത്തിലെ ശ്രദ്ധേയ ചുവടുവെപ്പായാണ് ‘സമ’യുടെ ഇൻസ്റ്റഗ്രാമിലെ അരങ്ങേറ്റം. മനുഷ്യരെ സാങ്കേതിക മുന്നേറ്റവുമായി ഒന്നിപ്പിക്കുകയെന്ന കാഴ്ചപ്പാടിന്റെ ഭാഗമാണ് സമയുടെ ഇൻസ്റ്റ അരങ്ങേറ്റമെന്ന് ഖത്തർ എയർവേസ് മാർക്കറ്റിങ് ആൻഡ് കോർപറേറ്റ് കമ്യൂണിക്കേഷൻ സീനിയർ വൈസ് പ്രസിഡന്റ് ബാബർ റഹ്മാൻ പറഞ്ഞു.
വിമാനത്താവളത്തിലും വെബ് പോർട്ടലിലുമായി യാത്രക്കാർക്ക് നിർദേശങ്ങളും വിശേഷങ്ങളും നൽകിയ നിർമിത ബുദ്ധിയിലധിഷ്ഠിതമായ സമ സമൂഹ മാധ്യമ പേജിലെത്തുന്നതോടെ ലോകമെങ്ങുമുള്ള ഖത്തർ എയർവേസ് യാത്രക്കാരിലേക്ക് വേഗത്തിൽ എത്തിച്ചേരും. 2024 ബെർലിൻ ഐ.ടി.ബിയിലാണ് ‘സമയെ ആദ്യമായി അവതരിപ്പിക്കുന്നത്.
മേയ് മാസത്തിൽ ദുബൈയിൽ നടന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ സമ ലോക ശ്രദ്ധയിലുമെത്തി. വ്യോമയാന ചരിത്രത്തിലെ ആദ്യ എ.ഐ കാബിൻ ക്രൂവായി ചുരുങ്ങിയ കാലത്തിനുള്ളിൽതന്നെ സ്വീകാര്യതയും നേടിയിരുന്നു. നഗരവിശേഷങ്ങൾ, വിമാന യാത്രാ വിവരങ്ങൾ, ഖത്തർ എയർവേസ് യാത്രചെയ്യുന്ന 170 ഡെസ്റ്റിനേഷനുകളുടെ സചിത്ര വിവരണം തുടങ്ങി ചോദ്യങ്ങൾക്കെല്ലാം ഉത്തരവുമായി സമയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

