ഇറാഖിന് വെളിച്ചവും ഊർജവുമെത്തിക്കാൻ ഖത്തർ സഹായം
text_fieldsജി.സി.സി ഇന്റർകണക്ഷൻ അതോറിറ്റിയും ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റും കരാറിൽ ഒപ്പുവെക്കുന്നു
ദോഹ: രൂക്ഷമായ വൈദ്യുതിക്ഷാമം നേരിടുന്ന ഇറാഖിന് സഹായവുമായി ഖത്തര്‍. ഗള്‍ഫ് സഹകരണ കൗണ്‍സിലുമായി ചേർന്ന് തെക്കൻ ഇറാഖിലേക്ക് വൈദ്യുതിയെത്തിക്കുന്നതിനുള്ള കരാറിൽ ഗൾഫ് കോഓപറേഷൻ കൗൺസിൽ ഇന്റർകണക്ഷൻ അതോറിറ്റി (ജി.സി.സി.ഐ.എ)യുമായി ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് ഒപ്പുവെച്ചു. ഗള്‍ഫ് ഇലക്ട്രിക്കല്‍ ഇന്റര്കണക്ഷന് സിസ്റ്റം ഇറാഖിലേക്കും വ്യാപിക്കാനാണ് പദ്ധതി. കടുത്ത വൈദ്യുതിക്ഷാമം നേരിടുന്ന ഇറാഖിന് വെളിച്ചവും ഊർജവും പകരുന്നതാണ് പദ്ധതി. ഇതിനായി കുവൈത്തിലെ വഫ്രയില്‍ പുതിയ 400 കെ.വി ട്രാന്‍സ്ഫോമര്‍ സബ്സ്റ്റേഷന് സ്ഥാപിക്കും. ഇവിടെനിന്ന് തെക്കന്‍ ഇറാഖിലെ അൽഫൗ വൈദ്യുതി ട്രാന്സ്ഫോറുമായാണ് ബന്ധിപ്പിക്കുന്നത്. ജി.സി.സി ഇലക്ട്രിസിറ്റി ഇന്റര്കണക്ഷന് അതോറിറ്റിയാണ് ഇറാഖില്‍ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍
ഈ മാസം തന്നെ തുടങ്ങും. 2024ഓടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേഖലയുടെ സാമ്പത്തിക- അടിസ്ഥാന സൗകര്യ വളര്‍ച്ചയില്‍ പദ്ധതിക്ക് വലിയ സംഭാവനകള്‍ നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മാസം സൗദി അറേബ്യയുമായും ഇറാഖ് വൈദ്യതി പങ്കുവെക്കുന്നതിന് കരാറില്‍ ഒപ്പുവെച്ചിരുന്നു.
മേഖലയുടെ സാമ്പത്തിക, അടിസ്ഥാന സൗകര്യവികസനത്തിൽ നിർണായകമായ പങ്കാളിത്തമാണ് ഈ പദ്ധതിയെന്ന് ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് ഡയറക്ടർ ജനറൽ ഖലീഫ ബിൻ ജാസി അൽ കുവാരി പറഞ്ഞു.
ശക്തമായ വേനൽ കാരണം അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിയാണ് ഇറാഖ് നേരിടുന്നത്. പ്രതിസന്ധി തരണംചെയ്യുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം തെക്കൻ പ്രവിശ്യയായ മെയ്സനിൽ പുതിയ പവർസ്റ്റേഷൻ ഉദ്ഘാടനം ചെയ്തിരുന്നു. പതിറ്റാണ്ടുകളായി തുടരുന്ന യുദ്ധവും ആഭ്യന്തര സംഘർഷങ്ങളും കാരണം അടിസ്ഥാന സൗകര്യങ്ങളും നിർമാണങ്ങളും താറുമാറായ ഇറാഖ് വിവിധ മേഖലകളിൽ കടുത്ത പ്രതിസന്ധികളാണ് നേരിടുന്നത്. വരൾച്ച, മണൽക്കാറ്റ്, മരുഭൂവത്കരണം, ജലനിരപ്പ് കുറയൽ എന്നിവയുടെ ദുരിതവും പേറുന്നു. ഇതിനിടയിലാണ് സാധാരണ ജീവിതം മുതൽ വ്യവസായ വളർച്ചവരെ അസാധ്യമാക്കുന്ന തരത്തിൽ വൈദ്യുതി ക്ഷാമവും നേരിടുന്നത്.
ഗൾഫ് രാജ്യങ്ങൾക്കിടയിലെ വൈദ്യുതി വിതരണം സുഗമമാക്കുന്നത് ലക്ഷ്യമിട്ട് 2001ലാണ് ജി.സി.സി.ഐ.എ ആരംഭിക്കുന്നത്. വിപ്ലവകരമായി ആരംഭിച്ച ഇന്റർകണക്ഷൻ പദ്ധതി 2009ഓടെ പൂർത്തിയാക്കി. അതേവർഷം മുഴുവൻ ശേഷിയിൽ പ്രവർത്തനം ആരംഭിച്ച പദ്ധതി വഴി 300കോടി ഡോളറെങ്കിലും ലാഭകരമാക്കാൻ കഴിഞ്ഞതായാണ് കണക്കുകൂട്ടൽ. ഗൾഫ് മേഖലയിലെ വൈദ്യുതി വിതരണത്തിലെ തടസ്സങ്ങളും ഒഴിവാക്കാൻ കഴിഞ്ഞു. മേഖലയുടെ വ്യവസായി, സാമ്പത്തിക വളർച്ചയിലും പദ്ധതി നിർണായക പുരോഗതി സമ്മാനിച്ചതായി ഗൾഫ് ഇലക്ട്രിസിറ്റി ഇന്റർകണക്ഷൻ അതോറിറ്റി സി.ഇ.ഒ അഹമ്മദ് ബിൻ അലി അൽ ഇബ്രാഹിം പറഞ്ഞു.
ഒമാനിൽ തുടങ്ങി യു.എ.ഇ, സൗദി, ഖത്തർ, ബഹ്റൈൻ, കുവൈത്ത് എന്നീ ഗൾഫ് രാജ്യങ്ങളിലെ വൈദ്യുതി വിതരണത്തെ ബന്ധിപ്പിക്കുന്നതാണ് ജി.സി.സി ഇന്റർ കണക്ഷൻ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

