ദോഹയിൽ ഖത്തർ–അഫ്ഗാൻ ചർച്ച:വികസന, ദുരിതാശ്വാസ മേഖലകളിൽ സഹകരണ നിർദേശം
text_fieldsദോഹയിൽ നടന്ന അഫ്ഗാൻ -ഖത്തർ സർക്കാർ പ്രതിനിധി ചർച്ച
ദോഹ: വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട് ദോഹയിൽ നടന്ന ഖത്തർ–അഫ്ഗാൻ പ്രതിനിധികളുടെ ചർച്ച സമാപിച്ചു. അഫ്ഗാൻ ഇടക്കാല ഭരണകൂടം വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയും ഖത്തർ അസി. വിദേശകാര്യ മന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിറും ചർച്ചക്ക് നേതൃത്വം നൽകി. ഖത്തർ വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം, എജുക്കേഷൻ എബോവ് ഓൾ ഫൗണ്ടേഷൻ (ഇ.എ.എ), ഖത്തർ ഡെവലപ്മെൻറ് ഫണ്ട്, ഖത്തർ ചാരിറ്റി, ഖത്തർ റെഡ് ക്രസൻറ് സൊസൈറ്റി തുടങ്ങിയ സുപ്രധാന സ്ഥാപനങ്ങളും മന്ത്രാലയവും ചർച്ചയിൽ പങ്കെടുത്തു.
അഫ്ഗാൻ ഇടക്കാല സർക്കാറിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി മവ്ലവി അബ്ദുൽ ബഖി ഹഖാനി, സാമ്പത്തിക മന്ത്രാലയം പ്രതിനിധി, അഫ്ഗാൻ സെൻട്രൽ ബാങ്ക് പ്രതിനിധി തുടങ്ങിയവരും സംബന്ധിച്ചു.
വിദ്യാഭ്യാസം പ്രത്യേകിച്ചും അഫ്ഗാൻ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ അവസരങ്ങൾ നൽകുന്നത് സംബന്ധിച്ചും യോഗ്യരായ അധ്യാപകരുടെ നിയമനം സംബന്ധിച്ചും ചർച്ച ചെയ്തു. അറബി ഭാഷ, ഇസ്ലാമിക പഠനം, സാമ്പത്തിക ശാസ്ത്രം, കാർഷികമേഖല, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ അഫ്ഗാൻ വിദ്യാർഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുകയും അഫ്ഗാനിൽനിന്നുള്ള പ്രതിഭകളെ വളർത്തുന്നതിന് സംഭാവന ചെയ്യുന്നതും സംബന്ധിച്ചും ഇരുകക്ഷികളും വിശകലനം ചെയ്തു.
ചർച്ചക്കിടെ, അഫ്ഗാനിലെ വിദ്യാഭ്യാസ മേഖലയുടെ വളർച്ചക്കാവശ്യമായ സാങ്കേതിക, സംവിധാന സഹായം ലഭ്യമാക്കുന്നതിനുള്ള താൽപര്യം ഖത്തർ മുന്നോട്ടുവെച്ചു.
അഫ്ഗാന്റെ വികസന മേഖലയിലും ദുരിതാശ്വാസ പ്രവർത്തനരംഗത്തും പൂർണ പിന്തുണ ഉറപ്പുനൽകുന്നുവെന്നും ഖത്തർ പ്രതിനിധികളും സ്ഥാപനങ്ങളും അറിയിച്ചു. അഫ്ഗാൻ ജനതയുടെ ശാക്തീകരണവും ദുരിതാശ്വാസവും ഉറപ്പുവരുത്തുന്നതിൽ ഇസ്ലാമിക രാജ്യങ്ങളുടെ സഹകരണത്തിന്റെ പ്രാധാന്യവും ചർച്ചയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

