ഇ-മൊബിലിറ്റിയിൽ ഖത്തറിന് അതിവേഗം
text_fieldsകർവയുടെ ഇലക്ട്രിക് ബസും ചാർജിങ് പോയന്റും (ഫയൽ)
ദോഹ: വൈദ്യുതി വാഹന ഉപയോഗ മേഖലയിൽ ഖത്തർ അതിവേഗം മുന്നോട്ട് പോകുന്നതായി റിപ്പോർട്ട്. ഖത്തർ നാഷനൽ വിഷൻ 2030, സുസ്ഥിരത, സാമ്പത്തിക വൈവിധ്യവത്കരണം, സാങ്കേതികവിദ്യ വളർച്ച എന്നിവക്ക് ഊന്നൽ നൽകുന്ന മൂന്നാം ദേശീയ വികസനപരിപാടി (എൻ.ഡി.എസ്) എന്നിവയുമായി യോജിപ്പിച്ച് തയാറാക്കിയ പദ്ധതികൾ രാജ്യത്തെ സുസ്ഥിരമായ ഒരു മൊബിലിറ്റിയിലേക്ക് നയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് പി.ഡബ്ല്യു.സി അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഖത്തറിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രചാരം വർധിക്കുകയാണ്.
ബാറ്ററി ഇലക്ട്രിക് വാഹനങ്ങളുടെ വിൽപന 2024 ൽ 1.1 ശതമാനത്തിൽനിന്ന് 2035ൽ 14.4 ശതമാനം ആയി ഉയരുമെന്നും പ്ലഗ്-ഇൻ ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളുടെ വിൽപന 2024ൽ 0.7 ശതമാനത്തിൽനിന്ന് 2035 ൽ 9.6 ശതമാനമായി ഉയരുമെന്നും റിപ്പോർട്ട് പറയുന്നു. കാര്യക്ഷമവും പരിസ്ഥിതി ബോധമുള്ളതുമായ ഭാവിക്കായി വിവിധ പരിപാടികളിലൂടെ സുസ്ഥിര മൊബിലിറ്റിയിലേക്കുള്ള മാറ്റത്തിന് നേതൃത്വം നൽകുന്നതിൽ ഗതാഗത മന്ത്രാലയത്തിന്റെ പങ്ക് പ്രധാനമാണ്.
ഖത്തറിലെ പൊതുഗതാഗതത്തിനുപയോഗിക്കുന്ന ബസുകളിൽ 73 ശതമാനവും ഇലക്ട്രിക് ആണെന്നും ഇത് പരിസ്ഥിതി സൗഹൃദ ഗതാഗതത്തിലേക്കുള്ള മാറ്റത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2022 ഫിഫ ലോകകപ്പ് ഖത്തറിന്റെ ഇ-മൊബിലിറ്റി കഴിവുകൾ പ്രകടിപ്പിക്കുന്നതിന് ഒരു നാഴികക്കല്ലായി. ഫുട്ബാൾ ആരാധകർക്കും സന്ദർശകർക്കും ഗതാഗതത്തിനായി ആയിരത്തിലധികം ഇലക്ട്രിക് ബസുകൾ ഒരുക്കി. വൈദ്യുതി ഗതാഗതത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മിഡിലീസ്റ്റിൽ നടക്കുന്ന ആദ്യത്തെ ഫിഫ ലോകകപ്പായിരുന്നു ഖത്തറിലേത്.
ഇ-മൊബിലിറ്റിയിലേക്കും ക്ലീനർ പവർ ജനറേഷനിലേക്കും മാറുന്നതിലൂടെ കാർബൺ ബഹിർഗമനം ഏകദേശം അഞ്ചു ശതമാനം കുറക്കാൻ സാധിക്കും.
2030 ഓടെ ആയിരത്തിലധികം ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള ശ്രമങ്ങളെ റിപ്പോർട്ട് എടുത്തുകാണിക്കുന്നു. 2035 ഓടെ അഞ്ച് ജിഗാവാട്ടായി വളരുമെന്ന് പ്രതീക്ഷിക്കുന്ന സൗരോർജ ശേഷിയുള്ള പുനരുപയോഗ ഊർജപദ്ധതികൾ ഖത്തർ നിശ്ചയിച്ചിട്ടുണ്ട്. ഇതിലൂടെ ഇ.വി ചാർജിങ് ആവശ്യകത പൂർണമായും നിറവേറ്റാൻ കഴിവുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഖത്തർ തങ്ങളുടെ ഇ-മൊബിലിറ്റി വികസിപ്പിക്കുന്നതിന് വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ട്.
കൂടാതെ, ഇ.വി ചാർജിങ് സൊല്യൂഷനുകളിൽ ആഗോളതലത്തിൽ മുൻനിരയിലുള്ള എ.ബി.ബി ഇ-മൊബിലിറ്റി, പൊതുമരാമത്ത് അതോറിറ്റിയുമായി സഹകരിച്ച് ഇ.വി ചാർജിങ് സൗകര്യങ്ങൾക്കായി പ്രായോഗിക പരിശീലനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച് ഉമ്മുൽ ഹൗൽ ഫ്രീ സോണിൽ അത്യാധുനിക സേവന പരിശീലന കേന്ദ്രവും തുറക്കുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി എസ്.കെ ഓൺ പോലുള്ള പ്രമുഖ ഇ.വി ബാറ്ററി നിർമാണക്കമ്പനികളിൽ ഗണ്യമായ നിക്ഷേപം നടത്തിയതോടെ അന്താരാഷ്ട്ര തലത്തിൽ ഖത്തർ ഒരു പ്രധാന നിക്ഷേപ പങ്കാളിയായി. യുടോങ്ങിന് പുറമേ, ഫോക്സ്വാഗൺ, പോർഷെ, ഗൗസിൻ തുടങ്ങിയ ഇ.വി നിർമാതാക്കളും ഖത്തറുമായി കച്ചവടത്തിന് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

