ദോഹ: സഹോദര മതസ്ഥരോട് ഏറ്റവും മാന്യമായ രീതിയിൽ തന്നെ പെരുമാറണമെന്ന അധ്യാപനമാണ് ഇസ്ലാമിേൻറതെന്ന് അന്താരാഷ്ട്ര ഇസ്ലാമിക പണ്ഡിത സഭ അധ്യക്ഷൻ ഡോ. യൂസുഫുൽ ഖറദാവി. അക്രമവും അനീതിയും അസഹിഷ്ണുതയും ഇല്ലാതെ ജീവിക്കാൻ കഴിയുന്ന സാഹചര്യമാണ് ഉണ്ടാകേണ്ടത്.
ബഹുസ്വര സമൂഹത്തിൽ ജീവിക്കുമ്പോൾ എല്ലാ മത വിഭാഗങ്ങളോടും ഏറ്റവും നല്ല രീതിയിൽ വർത്തിക്കാനാണ് ശ്രമിക്കേണ്ടത്. സന്തോഷങ്ങളും ദുഖങ്ങളും പരസ്പരം പങ്കുവെക്കണം. ഇടപഴകി ജീവിക്കുകയുമാണ് വേണ്ടത്. മുസ്ലിം അല്ലാത്ത ഒരാൾക്ക് അർഹതപ്പെട്ടത് പിടിച്ചെടുക്കാനോ അനുഭവിക്കാനോ ഇസ്ലാം അനുമതി നൽകുന്നില്ല.
മുസ്ലിംകൾ അല്ലാത്തവരുടെ ആഘോഷങ്ങൾക്ക് ആശംസ അർപ്പിക്കുന്നതിൽ അനിസ്ലാമികമായി ഒന്നുമില്ലെന്ന് അദ്ദേഹം ഫത്വ നൽകി.
നന്മയാണ് പ്രധാനം. ഒരുത്തെൻറ അവകാശത്തെ സംബന്ധിച്ച് പറയുന്നതിന് മുമ്പ് അവനോട് ചെയ്യേണ്ട നൻമയെ സംബന്ധിച്ചാണ് വിശുദ്ധ ഖുർആൻ പരാമർശിച്ചത്. അയൽവാസിക്ക് നൽകേണ്ട നൻമയെ സംബന്ധിച്ച് പ്രവാചകൻ മുഹമ്മദ് നൽകിയ ഉപദേശം കേട്ട അനുചരർ പറഞ്ഞതായി രേഖപ്പെടുത്തിയത് ഇങ്ങനെയാണ്. ‘‘അയൽവാസിക്ക് നൽകേണ്ട പ്രാധാന്യം പ്രവാചകൻ വിവരിച്ചപ്പോൾ അയൽവാസി അനന്തരാവകാശത്തിന് വരെ അർഹനാണോയെന്ന് ഞങ്ങൾ വിചാരിച്ചുപോയി’’ എന്ന്. ഇവിടെ അയൽവാസി മുസ്ലിം ആയിരിക്കണമെന്ന് പ്രത്യേകം പരാമർശിച്ചിട്ടില്ല.