ഉപ്പ് നിർമാണത്തിന് ‘ക്യൂ സാൾട്ട്’; ധാരണപത്രമായി
text_fieldsദോഹ: എണ്ണയും പ്രകൃതിവാതകവും യൂറിയയും പാൽ ഉൽപന്നങ്ങളും ഉൾപ്പെടെ വിജയം വരിച്ച വൈവിധ്യമാർന്ന ഉൽപാദന പദ്ധതികൾക്കൊടുവിൽ ഉപ്പുനിർമാണത്തിലും കൈവെച്ച് ഖത്തർ. ഖത്തർ സാൾട്ട് പ്രൊഡക്ട്സ് കമ്പനി (ക്യൂ സാൾട്ട്) എന്ന പേരിൽ സ്ഥാപിക്കുന്ന ഉപ്പ് നിർമാണ കേന്ദ്രത്തിന്റെ പങ്കാളികൾ കമ്പനി രൂപവത്കരണം സംബന്ധിച്ച് ധാരണപത്രത്തിൽ ഒപ്പുവെച്ചു. ഖത്തർ എനർജിയിൽ നടന്ന ചടങ്ങിൽ ഊർജകാര്യ സഹമന്ത്രിയും ഖത്തർ എനർജി പ്രസിഡന്റും സി.ഇ.ഒയുമായ സഅദ് ഷെരീദ അൽ കഅബി പങ്കെടുത്തു. മൂന്ന് പ്രമുഖ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംയുക്ത സംരംഭമായാണ് ഉപ്പ് ഉൽപാദന കേന്ദ്രം സ്ഥാപിക്കുന്നത്.
ക്യൂസാൾട്ടിന്റെ 40 ശതമാനം ഓഹരികൾ മിസൈദ് പെട്രോകെമിക്കൽ ഹോൾഡിങ് കമ്പനിയും (എം.പി.എച്ച്.സി) 30 ശതമാനം ഓഹരികൾ ഖത്തർ ഇൻഡസ്ട്രിയൽ മാനുഫാക്ചറിങ് കമ്പനിയും (ക്യു.ഐ.എം.സി) 30 ശതമാനം തുർക്കിയയുടെ അറ്റ്ലസ് യതിരിം പ്ലാൻലമയും പങ്കുവെച്ചുകൊണ്ടാണ് ‘ക്യൂ സാൾട്ടി’ന് തുടക്കം കുറിക്കുന്നത്. ഉം അൽ ഹൂൽ പ്രദേശത്ത് സ്ഥാപിക്കുന്ന ഉപ്പ് ഉൽപാദന കേന്ദ്രം ഖത്തർ പെട്രോകെമിക്കൽ കമ്പനിയും (കാപ്കോ) ഖത്തർ വിനെയിൽ കമ്പനിയും (ക്യു.വി.സി) ചേർന്നാണ് പ്രവർത്തിപ്പിക്കുക. ഖത്തർ എനർജിക്ക് കീഴിലുള്ള തൗത്തീൻ പ്രാദേശികവത്കരണ പരിപാടിയുടെ ഭാഗമായാണ് പുതിയ സംയുക്ത സംരംഭം ആരംഭിച്ചിരിക്കുന്നത്.
ചടങ്ങിൽ മന്ത്രിക്കു പുറമെ, ഖത്തർ എനർജിയിലെ മുതിർന്ന ഉദ്യോഗസ്ഥർ, സംയുക്ത സംരംഭത്തിൽ അണിനിരക്കുന്ന കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പ്രാദേശിക, അന്തർദേശീയ കയറ്റുമതിയെ പിന്തുണക്കുന്നതിനും വ്യാവസായിക, ടേബിൾ സാൾട്ടുകൾ ഉൽപാദിപ്പിക്കുന്നതിനും ഖത്തറിന്റെ സ്വയം പര്യാപ്തത വർധിപ്പിക്കാൻ സഹായിക്കുന്ന ഈ സുപ്രധാന സംരംഭം സ്ഥാപിക്കുന്നതിന് സാക്ഷ്യം വഹിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മന്ത്രി അൽ കഅ്ബി പറഞ്ഞു.
പദ്ധതിയിലുൾപ്പെടുന്ന മുഴുവൻ കമ്പനികൾക്കും അഭിനന്ദനം നേരുന്നുവെന്നും വിതരണ ശൃംഖലക്കും വ്യാവസായിക പ്രാദേശികവത്കരണത്തിനുമൊപ്പം സുസ്ഥിരമായ പാരിസ്ഥിതിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഈ പദ്ധതി കൂടുതൽ പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്യു.ഐ.എം.സി ചെയർമാൻ ശൈഖ് അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് ബിൻ ജബർ ആൽഥാനി, അറ്റ്ലസ് യതിരിം പ്ലാൻലാമ ഡയറക്ടർ ബോർഡ് ചെയർമാൻ നുസ്രെത് അർഗുൻ തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.നൂറ് കോടി ഖത്തർ റിയാലിൽ നിർമിക്കുന്ന പുതിയ ഉപ്പ് പ്ലാന്റ് പ്രവർത്തനമാരംഭിച്ചതിനുശേഷം സമീപഭാവിയിൽ തന്നെ പെട്രോകെമിക്കൽ വ്യവസായത്തിന് ആവശ്യമായ വ്യാവസായിക ലവണങ്ങൾ, ബ്രോമിൻ, പൊട്ടാസ്യം ക്ലോറൈഡ്, ഡീമിനറലൈസ്ഡ് വെള്ളം എന്നിവയും ഉൽപാദിപ്പിക്കും. ഇത് ഉൽപന്ന വൈവിധ്യവത്കരണത്തിനും സാമ്പത്തിക വളർച്ചക്കും ഗണ്യമായ സംഭാവന നൽകും.
ഖത്തർ ഊർജകാര്യ സഹമന്ത്രി സഅദ് അൽ ഷെരീദയുടെ സാന്നിധ്യത്തിൽ ക്യൂസാൾട്ട് കമ്പനി പ്രതിനിധികൾ ധാരണാ പത്രത്തിൽ ഒപ്പുവെച്ചപ്പോൾ
പ്രതിവർഷം ദശലക്ഷം ടൺ ഉൽപാദനശേഷിയുള്ള പ്ലാന്റ് രാജ്യത്തിന്റെ ഇറക്കുമതി അസംസ്കൃത വസ്തുക്കളെ ആശ്രയിക്കുന്നത് വലിയതോതിൽ കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിവർഷം 8.50 ലക്ഷം ടൺ വ്യാവസായിക, ടേബിൾ ഉപ്പ് ഇറക്കുമതി കുറക്കാനും പ്ലാന്റ് സഹായിക്കും. മിഡിൽ ഈസ്റ്റിൽ തന്നെ ആദ്യ ഉപ്പ് ഉൽപാദന കേന്ദ്രമാണ് ഖത്തർ എനർജിയുടെ പിന്തുണയോടെ ആരംഭിക്കാൻ ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

