പുകയില അപകടകരം മുന്നറിയിപ്പുമായി പി.എച്ച്.സി.സി
text_fieldsദോഹ: പുകയില ഉൽപന്നങ്ങൾക്കെതിരെ പ്രത്യേകിച്ച് ‘തംബാക്’ ഉപയോഗവുമായി ബന്ധപ്പെട്ട ആരോഗ്യ അപകടങ്ങൾക്കെതിരെ മുന്നറിയിപ്പുമായി പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (പി.എച്ച്.സി.സി).
‘ഷമ്മ’ അല്ലെങ്കിൽ ‘തംബാക്’ എന്നറിയപ്പെടുന്ന സ്വെയ്ക, പ്രത്യേകമായി സംസ്കരിച്ച പുകയിലയുടെ ഒരു രൂപമാണ്. പലപ്പോഴും നിക്കോട്ടിൻ, സോഡിയം ബൈ കാർബണേറ്റ് എന്നിവയുമായി കലർത്തി ഇത് ഉപയോഗിക്കുന്നു.
തംബാക് ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് പി.എച്ച്.സി.സിയിലെ ഡോക്ടറായ ഡോ. ജിനാൻ മുഹമ്മദ് സുലൈമാൻ പറഞ്ഞു.
പുകയില ഉപയോഗം ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കായി നിരവധി മുൻകരുതൽ നടപടികൾ പി.എച്ച്.സി.സി സ്വീകരിച്ചിട്ടുണ്ട്. പരിശീലനം ലഭിച്ച ഡോക്ടർമാരുടെ സേവനവും മെഡിക്കൽ കൺസൽട്ടേഷനുകളും ലഭ്യമായ ക്ലിനിക്കുകൾ ഇതിനായി പ്രവർത്തിക്കുന്നു. തുടർന്ന് പി.എച്ച്.സി.സിയുടെ കസ്റ്റമർ സർവിസ് നമ്പറിൽ വിളിച്ചോ ചികിത്സിക്കുന്ന ഡോക്ടറുടെ അപ്പോയിൻമെന്റുകൾ എടുത്തോ എളുപ്പത്തിൽ ബുക്ക് ചെയ്യാം.
ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നു
പലരും പുകവലിക്ക് പകരമായി ഉപയോഗിക്കുന്ന സ്വെയ്ക സുരക്ഷിതമാണെന്ന് കരുതുന്നു. യഥാർഥത്തിൽ, തംബാക് വായിൽ വെക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നു. ഇത് വായ് ഭാഗത്തെ മാത്രമല്ല ബാധിക്കുന്നത്. അന്നനാളം, വൻകുടൽ, പാൻക്രിയാസ്, മൂത്രസഞ്ചി എന്നിവയിലേക്കും വ്യാപിക്കുന്നുവെന്ന് പി.എച്ച്.സി.സിയിലെ ഡോക്ടറായ ഡോ. ജിനാൻ മുഹമ്മദ് സുലൈമാൻ പറഞ്ഞു.
സ്വെയ്കയുടെ ഉപയോഗം അപകടകരമായ ഒരു ശീലമായി മാറുകയും നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.
രുചി തിരിച്ചറിയാനുള്ള ശേഷി കുറയുക, മോണയിലെ വീക്കം, ടാർട്ടാർ അടിഞ്ഞുകൂടൽ, ദന്തക്ഷയം എന്നിവക്ക് കാരണമാകുന്നു. പല്ലുകളിൽ പ്ലാക് അടിഞ്ഞുപിടിക്കുകയും പല്ല് ഇരുണ്ട നിറമാകാൻ കാരണമാകുകയും ചെയ്യുന്നു.
സ്വെയ്ക രക്തസമ്മർദം വർധിപ്പിക്കുന്നതിനും കൊറോണറി രക്തക്കുഴലുകൾ ചുരുങ്ങുന്നതിനും ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്നതിനും ഇടയാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന്റെ ദീർഘകാല ഉപയോഗം മൂലം വായ, ശ്വാസനാളം, അന്നനാളം, മോണ, ആമാശയം, പാൻക്രിയാസ് എന്നിവയെ ബാധിക്കുന്ന കാൻസറുകൾക്ക് കാരണമാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

