പൊതു വൈഫൈ ഉപയോഗിക്കും മുമ്പ് സുരക്ഷ ഉറപ്പാക്കുക
text_fieldsദോഹ: പൊതു വൈഫൈ കണക്ഷനുകളെ അപകടകരമായ ഇന്റർനെറ്റ് ഇടമായാണ് പലരും കണക്കാക്കുന്നത്. പൊതു വൈഫൈ നെറ്റ് വർക്കുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രധാന ആശങ്കകളിലൊന്നായ സുരക്ഷയുടെ അഭാവം തന്നെയാണ് ഇതിന്റെ കാരണം.
ഹാക്കർമാർക്ക് പൊതു വൈഫൈ കണക്ഷനുകളിലൂടെ സ്വകാര്യ വിവരങ്ങളിലേക്ക് നിയമവിരുദ്ധമായ പ്രവേശനം ലഭിക്കുമെന്നതും ഉപയോക്താക്കളെ ആശങ്കപ്പെടുത്തുന്നു. പൊതു വൈഫൈ കണക്ഷനുകൾ സുരക്ഷിതമല്ലാത്തതിനാൽ സ്വകാര്യ വിവരങ്ങൾക്കായി ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ഇത് വിവരങ്ങൾ ചോർത്തപ്പെടാൻ ഇടയാക്കുമെന്നും ഖത്തർ നാഷനൽ സൈബർ സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നൽകുന്നു.
പൊതു വൈഫൈ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട രീതികളെക്കുറിച്ച് ദേശീയ സൈബർ സുരക്ഷ ഏജൻസി ഈയിടെ ചില നിർദേശങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. അവ ഇങ്ങനെ.
ഇന്റർനെറ്റ് ലോകത്ത് പാലിക്കേണ്ട രീതികളെക്കുറിച്ചും ഉപദേശങ്ങൾ സംബന്ധിച്ചും അവബോധം ഉയർത്തുകയെന്ന ലക്ഷ്യം മുൻനിർത്തി ദേശീയ സൈബർ സുരക്ഷ ഏജൻസി സൈബർ സുരക്ഷ അപകടസാധ്യതകളെക്കുറിച്ചും സംരക്ഷണ രീതികളെക്കുറിച്ചും അടുത്തിടെ ബോധവൽക്കരണ ശിൽപശാലകൾ സംഘടിപ്പിച്ചിരുന്നു.
വൈഫൈ കണക്ട് ചെയ്യും മുമ്പ് ഒരു നിമിഷം...
(ദേശീയ സൈബർ സുരക്ഷ ഏജൻസി സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട നിർദേശങ്ങൾ)
1. വിശ്വസനീയമായ ആന്റി വൈറസ് ഉപയോഗിക്കുക: ഉപകരണങ്ങളിൽ വിശ്വസനീയമായ ആന്റിവൈറസ് പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്യുക. പൊതു നെറ്റ് വർക്കുകളിലേക്ക് കണക്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ലഘൂകരിക്കാൻ ഇത് സഹായകമാകും.
2.സാമ്പത്തിക ഇടപാടുകൾ ഒഴിവാക്കുക: പൊതു വൈഫൈ കണക്ഷനിലായിരിക്കുമ്പോൾ ഒൺലൈൻ ഇടപാടുകൾ നടത്തുന്നതിൽ നിന്നും ഇലക്ട്രോണിക് ബില്ലുകൾ അടക്കുന്നതിൽ നിന്നും കഴിയുന്നതും വിട്ടുനിൽക്കുക. ഇത്തരം ഇടപാടുകൾ സുരക്ഷിതമായ ഡിജിറ്റൽ കണക്ഷനുകളിൽനിന്ന് മാത്രമാക്കുക.
3. എൻക്രിപ്ഷൻ തിരഞ്ഞെടുക്കുക: പൊതു വൈഫൈ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ എപ്പോഴും ‘എച്ച്.ടി.ടി.പി.എസ്’ എൻക്രിപ്ഷനുള്ള വെബ്സൈറ്റുകളിലേക്ക് മാത്രം കണക്ട് ചെയ്യുക. ഇത് ബ്രൗസറിനും സെർവറിനുമിടയിൽ കൈമാറ്റംചെയ്യുന്ന ഡേറ്റക്ക് സുരക്ഷയൊരുക്കും. കൂടാതെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയും സൈബർ ആക്രമണ ഭീഷണികളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും.
4. ഓട്ടോ-കണക്ട് പ്രവർത്തനരഹിതമാക്കുക: പൊതു ഹോട്ട്സ്പോട്ടിലേക്കുള്ള ഓട്ടോ-കണക്ട് പ്രവർത്തനരഹിതമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. അപകടസാധ്യതയുള്ള നെറ്റ് വർക്കിലേക്ക് സ്വയമേവ കണക്ട് ചെയ്യുന്നതിൽനിന്ന് ഇത് നിങ്ങളുടെ ഉപകരണത്തെ തടയും.
5. ടൂ സ്റ്റെപ് വെരിഫിക്കേഷൻ നടപ്പാക്കുക: നിങ്ങളുടെ പാസ് വേഡ് അപഹരിക്കപ്പെട്ടാൽ അനധികൃത ആക്സസ് സാധ്യത കുറക്കുന്നതിന് അക്കൗണ്ടുകളിൽ ഒരു അധിക സുരക്ഷാ പാളിയായി ടൂ സ്റ്റെപ് വെരിഫിക്കേഷൻ ഉപയോഗിക്കുക.
6. സോഫ്റ്റ് വെയർ പതിവായി അപ്ഡേറ്റ് ചെയ്യുക. സിസ്റ്റത്തിലെ കേടുപാടുകൾ പരിഹരിക്കുന്നതിനും പൊതു വൈഫൈ നെറ്റ് വർക്കുകളിൽ ഹാക്കർമാർ ചൂഷണം ചെയ്യപ്പെടാൻ സാധ്യതയുള്ള ഭീഷണികളിൽ നിന്ന് ഉപകരണത്തെ സംരക്ഷിക്കുന്നതിനായി രൂപകൽപന ചെയ്തിരിക്കുന്ന പാച്ചുകൾ അടങ്ങിയിരിക്കുന്നതിനാൽ സോഫ്റ്റ് വെയർ അപ്ഡേറ്റുകൾ സ്ഥിരമായി ഡൗൺലോഡ് ചെയ്യുകയും ഇൻസ്റ്റാൾ ചെയ്യുകയും ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

