പൊതുഗതാഗത സംവിധാനം ശക്തമാക്കാൻ മാർഗങ്ങളുമായി പൊതുഗതാഗത മന്ത്രാലയം
text_fieldsദോഹ: ഫിഫ ലോകകപ്പും ഖത്തർ 2030 വിഷൻ പദ്ധതിയുടെയും ഭാഗമായി രാജ്യത്തെ പൊതുഗതാഗത സംവിധാനം ശക്തമാക്കാനുള്ള മാർഗങ്ങളുമായി പൊതുഗതാഗത മന്ത്രാലയം. പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നത് ശീലമാക്കുന്നതിനായി വിവിധ മാർഗങ്ങളാണ് വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ച് ഗതാഗത വിഭാഗം നടപ്പാക്കുന്നത്. ലോകകപ്പ് മുൻനിർത്തി നടപ്പാക്കുന്ന സംയോജിത പൊതുഗതാഗത സംവിധാനത്തെ രാജ്യത്തിന്റെ ഭാവി ഗതാഗത മാർഗമാക്കി മാറ്റുകയാണ് ലക്ഷ്യം. ഇതുവഴി, പരിസ്ഥിതി സൗഹൃദ പൊതുഗതാഗത മാർഗമെന്ന ലക്ഷ്യത്തിലേക്കുള്ള എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും.
ഖത്തറിന്റെ നൂതന പൊതുഗതാഗത മേഖലയെ പ്രതിഫലിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതികവിദ്യകളും സവിശേഷതകളുമായി ഉയർന്ന നിലവാരമുള്ള സേവനവും സൗകര്യങ്ങളും പദ്ധതി വാഗ്ദാനം ചെയ്യുന്നതായി ഗതാഗത മന്ത്രാലയം കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അറിയിച്ചു. ജൈവ ഇന്ധന ഉപയോഗം കുറച്ച കാർബൺ ബഹിർഗമനം പരമാവധി തടയുകയാണ് ലക്ഷ്യം. അതുവഴി, പരിസ്ഥിതി മലിനീകരണ തോതും ഗണ്യമായി കുറയ്ക്കാൻ കഴിയും.
പബ്ലിക് ബസ് ഇൻഫ്രാസ്ട്രക്ചർ പ്രോഗ്രാം വഴി കൂടുതൽ ബസ് സ്റ്റേഷനുകളും ഡിപോകളും സ്ഥാപിക്കുന്നുണ്ട്. മുവാസലാത്തിന്റെ അഞ്ച് പുതിയ ബസ് സ്റ്റേഷനുകൾ കഴിഞ്ഞ ദിവസമാണ് ഉദ്ഘാടനം ചെയ്തത്. ലുസൈൽ, അൽ റയ്യാൻ, അൽ സുദാൻ, ഇൻഡസ്ട്രിയൽ ഏരിയ, അൽ വക്റ സ്റ്റേഷനുകളാണ് പുതുതായി തുറന്നത്. അൽ ഗറാഫ, വെസ്റ്റ് ബേ, മിഷൈരിബ് എന്നീ നിർമാണം പൂർത്തിയാവുന്ന ഘട്ടത്തിലാണ്. ലുസൈൽ, അൽ റയ്യാൻ, അൽവക്റ, ന്യൂ ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിൽ പുതിയ ബസ് ഡിപ്പോകളും തുറക്കുന്നു. ബസ്കെയർ സെന്റർ, ബസ് പാർക്കിങ്, ഇ-ബസ് ചാർജിങ് എന്നിവയോടെയാണ് പുതിയ ഡിപ്പോകൾ തുടങ്ങുന്നത്. താമസം, വിനോദം, പള്ളികൾ എന്നിവയും അനുബന്ധമായി ഒരുക്കുന്നുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് ഹമദ് തുറമുഖം വഴി 130 ഇലക്ട്രിക് ബസുകൾ കൂടി രാജ്യത്ത് എത്തിയത്. മുവാസലാത്തിനു കീഴിലെ ഈ ബസുകളാണ് ലോകകപ്പ് കാലത്ത് കാണികളുടെ സഞ്ചാരത്തിന് വഴിയൊരുക്കുന്നത്. ഇതുൾപ്പെടെ 741 ബസുകളാണ് ലോകകപ്പിനായി സർവിസ് നടത്തുന്നത്. ദോഹ മെട്രോ സ്റ്റേഷനുകളുമായി ചേർന്നുള്ള പാർക്ക് ആൻഡ് റൈഡ് ആണ് പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്ന മറ്റൊരു ഘടകം. ലുസൈൽ, എജ്യുക്കേഷൻ സിറ്റി, അൽ വക്റ, അൽ ഖാസർ എന്നി സ്റ്റേഷനുകളിൽ പാർക് ആൻഡ് റൈഡ് ഉപയോഗിച്ച് യാത്രക്കാർക്ക് സ്വന്തം വാഹനങ്ങൾ ഇവിടെ പാർക്കു ചെയ്ത് മെട്രോയിൽ യാത്രചെയ്യാം. ലോകകപ്പ് കാണികൾ, താമസക്കാർ, സന്ദർശകർ എന്നിവർ ഈ സൗകര്യം ഉപയോഗിക്കുന്നതോടെ വലിയൊരു ശതമാനം ട്രാഫിക് ഒഴിവാകുകയും പൊതുഗതാഗതം കൂടുതൽ കാര്യക്ഷമമായി ഉപയോഗപ്പെടുകയും ചെയ്യും. വരുംവർഷങ്ങളിൽ മാസ്റ്റർ പ്ലാൻ വഴി പൊതുഗതാഗത സംവിധാനങ്ങൾ ശക്തമാകാനും വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിലേക്കുള്ള യാത്രയും 50 ശതമാനമായി ഉയർത്താനുള്ള പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

