ഓൾഡ് ദോഹ പോർട്ട് പരിസരത്തേക്ക് പൊതുഗതാഗതം ഉടൻ
text_fieldsഓൾഡ് ദോഹ പോർട്ട്
ദോഹ: ഓൾഡ് ദോഹ തുറമുഖത്തേക്കും സമീപപ്രദേശങ്ങളിലേക്കും പൊതുഗതാഗത സേവനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നു. ദോഹ തുറമുഖത്തേക്കും സമീപത്തെ ഇസ്ലാമിക് ആർട്ട് മ്യൂസിയമുൾപ്പെടെ സ്ഥാപനങ്ങളിലേക്കും എതിർവശത്ത് ഖത്തർ നാഷനൽ മ്യൂസിയത്തിലേക്കുമുൾപ്പെടെ പൊതുഗതാഗത സംവിധാനം ഏർപ്പെടുത്തുന്നതു സംബന്ധിച്ച് ഇതുമായി ബന്ധപ്പെട്ട കക്ഷികളുമായി ചർച്ചയിലാണെന്ന് ഓൾഡ് ദോഹ പോർട്ട് എക്സിക്യൂട്ടിവ് ഡയറക്ടർ എൻജി. മുഹമ്മദ് അബ്ദുല്ല അൽ മുല്ല പറഞ്ഞു.
ദോഹ തുറമുഖത്തോടൊപ്പം സമീപത്തെ മറ്റു വികസന പദ്ധതികൾക്കും സഹായകമാകുന്ന പദ്ധതിയാണ് ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് സഹപ്രവർത്തകരുമായും സഹസ്ഥാപനങ്ങളുമായും ചേർന്ന് പ്രവർത്തിക്കുകയാണെന്നും എൻജി. അൽ മുല്ല കൂട്ടിച്ചേർത്തു.
ഫിഫ ലോകകപ്പ് കാലത്ത് നവംബർ, ഡിസംബർ മാസങ്ങളിൽ പൊതുജനങ്ങൾക്കും സന്ദർശകർക്കും സൂഖ് വാഖിഫ്, കോർണിഷ്, ഫ്ലാഗ് പ്ലാസ, ബോക്സ് പാർക്ക്, ക്രൂസ് ടെർമിനൽ എന്നീ സ്റ്റോപ്പുകളുൾപ്പെടുത്തി ദോഹ തുറമുഖ പ്രദേശത്തേക്ക് സമർപ്പിത ബസ് സർവിസ് നടത്തിയിരുന്നു.
സ്വകാര്യ വാഹനത്തിലോ ടാക്സിയിലോ പൊതുജനങ്ങൾക്ക് ഇപ്പോൾ പഴയ ദോഹ തുറമുഖ പ്രദേശത്തെത്താം. കാൽനടയും താൽപര്യമുള്ളവർക്ക് തിരഞ്ഞെടുക്കാം. എന്നാൽ, ഫ്ലാഗ് പ്ലാസയിൽനിന്ന് ലക്ഷ്യസ്ഥാനത്തെത്താൻ അരമണിക്കൂറെങ്കിലും സമയമെടുക്കും.
പൊതുഗതാഗത സംവിധാനം വരുംമാസങ്ങളിൽ പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം, പക്ഷേ, പുതിയ വികസനം എപ്പോൾ നടപ്പാക്കുമെന്ന് വെളിപ്പെടുത്തിയില്ല. ആസൂത്രിതമായ പൊതുഗതാഗത സേവനം പഴയ തുറമുഖ പ്രദേശത്തിനു മാത്രമല്ല, സമീപത്തെ കമ്യൂണിറ്റി സ്പേസ്, മ്യൂസിയങ്ങൾ, ഗാലറികൾ, പാർക്ക് എന്നിവയുൾപ്പെടുന്ന പ്രദേശത്തിനും ഉപകാരപ്പെടുമെന്നും എക്സിക്യൂട്ടിവ് ഡയറക്ടർ പറഞ്ഞു.
സുപ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുൾപ്പെടുന്ന പഴയ ദോഹ തുറമുഖ പ്രദേശം ഒരു തന്ത്രപ്രധാന ഇടമായാണ് കണക്കാക്കുന്നത്. മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടും അതിനോട് ചേർന്ന് മിയ പാർക്കും ഇവിടെയുണ്ട്. ഫ്ലാഗ് പ്ലാസ, ഖത്തർ മ്യൂസിയം അൽ റിവാഖ് ഗാലറി, ഖത്തർ നാഷനൽ മ്യൂസിയം എന്നിവയെല്ലാം ഇതിനോടു ചേർന്നാണ് സ്ഥിതി ചെയ്യുന്നത്.
ബോക്സ് പാർക്ക് എന്നറിയപ്പെടുന്ന കണ്ടെയ്നേഴ്സ് യാർഡ് തുറമുഖത്തിന്റെ പ്രധാന സവിശേഷതയാണ്. യാച്ചുകൾ ഡോക്ക് ചെയ്തിരിക്കുന്ന മരത്തടികൊണ്ട് നിർമിച്ച നടപ്പാത, സാംസ്കാരിക സ്പർശമുള്ള മിന ഡിസ്ട്രിക്ട്, നടപ്പാതയും ജോഗിങ് ട്രാക്കും, പൊതുജനങ്ങൾക്ക് ഇരിപ്പിടമൊരുക്കുന്ന കസേരകളുമായി വിശാലമായ പച്ചപ്പുള്ള ഗ്രീൻ പാർക്ക്, സൂപ്പർ യാച്ച്സ് ബർത്തിങ്, ബോട്ടുകളുടെയും മത്സ്യത്തൊഴിലാളികളുടെയും സഞ്ചാരം സുഗമമാക്കുന്നതിന് തുറമുഖ ഡോക്കിൽനിന്ന് കടൽവെള്ളം പ്രവേശിക്കാൻ അനുവദിക്കുന്ന അൽ ബന്ദർ, ഫ്രഷ് മത്സ്യച്ചന്ത, വലിയ ക്രൂസ് കപ്പലുകളെ വരവേൽക്കുന്ന ഗ്രാൻഡ് ടെർമിനൽ കെട്ടിടം എന്നിവയും ദോഹ പോർട്ടിനോടു ചേർന്നാണ് സ്ഥിതി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

