'പൊതു ശുചിത്വം കൂട്ടുത്തരവാദിത്തം' ഖത്തർ ലോക ശുചീകരണ ദിനമാചരിച്ചു
text_fieldsലോക ശുചിത്വ ദിനത്തിന്‍റെ ഭാഗമായി മുനിസിപ്പാലിറ്റി മന്ത്രാലയവുമായി സഹകരിച്ച് അൽ ഖോർ ബീച്ചിൽ നടന്ന ശുചീകരണത്തിൽ പങ്കെടുത്തവർ
ദോഹ: സുസ്ഥിര വികസനത്തിന്‍റെ മൗലികാടിത്തറകളിലൊന്നാണ് പൊതു ശുചിത്വമെന്ന ആഹ്വാനവുമായി ഖത്തർ ലോക ശുചിത്വ ദിനമാചരിച്ചു. രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ഉന്നത അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച് ശുചിത്വ സേവനങ്ങൾ ലഭ്യമാക്കുന്നതിന് മുനിസിപ്പാലിറ്റി മന്ത്രാലയം പ്രവർത്തിച്ച് വരുകയാണെന്ന് ലോക ശുചീകരണ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സന്ദേശത്തിൽ മുനിസിപ്പാലിറ്റി മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽസുബൈഈ പറഞ്ഞു.
മുനിസിപ്പാലിറ്റി മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽസുബൈഈ
രാജ്യത്തെ ഒരു പ്രത്യേക അതോറിറ്റിയുടെ മാത്രം ഉത്തരവാദിത്തത്തിൽ ഒതുങ്ങി നിൽക്കുന്നതല്ല പൊതു ശുചിത്വമെന്നും ഓരോ വ്യക്തിയുടെയും സ്ഥാപനങ്ങളുടെയും ഉത്തരവാദിത്തമാണെന്നും ഡോ. അൽ സുബൈഈ കൂട്ടിച്ചേർത്തു. ശുചിത്വം നമ്മുടെ ദൈനംദിന ചര്യകളുടെ ഭാഗമായിരിക്കണം. പെതുശുചിത്വം നിലനിർത്തുകയും പരിപാലിക്കുകയും ചെയ്യുന്നത് ഒരു ധാർമിക ചുമതല കൂടിയാണെന്നും ആരും ഇതിൽ നിന്നൊഴിവാകുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പൊതു ശുചിത്വം, മാലിന്യ സംസ്കരണം എന്നീ വിഷയങ്ങളിൽ മന്ത്രാലയം അടിയന്തര നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും ഇവ നടപ്പാക്കുന്നതിനായി നിയമങ്ങളും ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഈ മേഖലയിലെ മന്ത്രാലയത്തിന്‍റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ അവ പ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. മാലിന്യ ശേഖരണവും മാലിന്യം കൃത്യവും സുരക്ഷിതവുമായ മാർഗങ്ങളിലൂടെ ഉപേക്ഷിക്കുന്നതും ഉന്നത അന്താരാഷ്ട്ര മാനദണ്ഡങ്ങളും നിലവാര സൂചികകളും പാലിച്ചുകൊണ്ടായിരിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
മാലിന്യ സംസ്കരണം, പുനരുപയോഗം എന്നിവയുമായി ബന്ധപ്പെട്ട് സുപ്രധാനമായ രണ്ട് തീരുമാനങ്ങൾ ഈയിടെ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. അതിലൊന്ന് രാജ്യത്തെ സ്ഥാപനങ്ങളും അതോറിറ്റികളും മാലിന്യം തരംതിരിക്കുന്നതുമായി ബന്ധപ്പെട്ടാണ്. അത് അടുത്ത മാസം നിലവിൽ വരും. രണ്ടാമത്തേത്, ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനമാണ്. പരിസ്ഥിതിക്ക് കനത്ത നാശനഷ്ടങ്ങളാണ് ഇവ വരുത്തിവെക്കുന്നത്.
മാലിന്യം അതിന്‍റെ തുടക്കത്തിൽനിന്ന് തന്നെ വേർതിരിക്കുന്ന നടപടികൾ ആരംഭിച്ചതായും മന്ത്രി സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. സമഗ്ര ദേശീയ മാലിന്യ സംസ്കരണ പദ്ധതിക്ക് കീഴിൽ റീസൈക്ലിങ്, മാലിന്യ സംസ്കരണം, മാലിന്യത്തിൽ നിന്നുള്ള ഊർജ ഉൽപാദനം എന്നീ മേഖലകളിൽ രാജ്യം സത്വര നടപടികളാണ് സ്വീകരിച്ചുവരുന്നത്. അൽ അഫ്ജ പ്രദേശത്ത് റീസൈക്ലിങ് ഫാക്ടറികൾ സ്ഥാപിച്ചതായും 50 ഫാക്ടറികളാണ് ഇവിടെ പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മാലിന്യം വലിച്ചെറിഞ്ഞാൽ പിഴ
ദോഹ: പൊതു ഇടങ്ങളിലും വീടുകൾക്കു മുന്നിലുമായി മാലിന്യം വലിച്ചെറിഞ്ഞാൽ വൻതുക പിഴ. 2017ലെ പൊതുശുചിത്വ നിയമം 18 പ്രകാരം 10,000റിയാൽ പിഴ ചുമത്തുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.
ലോക ശുചിത്വ ദിനത്തിന്‍റെ ഭാഗമായി സാമൂഹിക മാധ്യമങ്ങൾ വഴി ഇതു സംബന്ധിച്ച ബോധവത്കരണ സന്ദേശങ്ങൾ നൽകി. പൊതുശുചിത്വ നിയമ ലംഘനമാണ് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നതെന്നും അറിയിച്ചു. വീടുകൾക്കു മുന്നിലോ പൊതുസ്ഥലങ്ങളിലോ മാലിന്യങ്ങൾ, മാലിന്യ സഞ്ചികൾ, ഭക്ഷണ അവശിഷ്ടങ്ങൾ എന്നിവ ഉപേക്ഷിക്കുന്നത് നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണെന്ന് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

