പി.എസ്.ജിയുടെ വിജയം ഖത്തറിന്റെയും
text_fieldsചാമ്പ്യൻസ് ലീഗ് ട്രോഫിയുമായി മ്യൂണികിൽ നിന്നും ഖത്തർ എയർവേസ് വിമാനത്തിൽ
പാരിസിലേക്ക് പുറപ്പെടാൻ ഒരുങ്ങുന്ന പി.എസ്.ജി ടീം അംഗങ്ങൾ
ദോഹ: യൂറോപ്യൻ ക്ലബ് ഫുട്ബാളിന്റെ സ്വപ്ന കിരീടമായ ചാമ്പ്യൻസ് ലീഗ് ട്രോഫി മ്യുണികിൽ നിന്നും പാരീസിലേക്കാണ് പറന്നതെങ്കിലും ആഘോഷങ്ങൾ ഖത്തറിന്റെ ഫുട്ബാൾ ഹൃദയങ്ങളിലാണ്. ശനിയാഴ്ച രാത്രിയിൽ മ്യുണികിലെ അലയൻസ് അറീനയിൽ കരുത്തരായ ഇറ്റാലിയൻ സംഘം ഇന്റർമിലാനെ മറുപടിക്ക് അവസരം നൽകാതെ അഞ്ച് ഗോളിന് തരിപ്പണമാക്കി പാരിസ് സെന്റ് ജർമൻ ചാമ്പ്യൻസ് ലീഗിൽ മുത്തമിടുമ്പോൾ അവസാനിക്കുന്നത് 14 വർഷത്തോളം നീണ്ടുനിന്ന കാത്തിരിപ്പ്.
അരനൂറ്റാണ്ടോളം പഴക്കമുള്ള ക്ലബ്, 2011ലാണ് ഖത്തറിന്റെ ഉടമസ്ഥതയിലേക്ക് വരുന്നത്. ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റിന്റെ വൻ നിക്ഷേപത്തോടെ യൂറോപ്പിലെ തന്നെ ശക്തമായ സാമ്പത്തിക അടിത്തറയുള്ള ക്ലബായി പി.എസ്.ജി മാറിയതോടെ സ്വപ്നങ്ങളുടെ കനവും കൂടി. യൂറോപ്യൻ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലോ, കിരീടമോ വിദൂരസാധ്യത മാത്രം കൽപിച്ച സംഘത്തിന്റെ പിന്നീടുള്ള തയ്യാറെടുപ്പെല്ലാം അതിനുവേണ്ടിയായിരുന്നു.
ലയണൽ മെസ്സിയും നെയ്മറും കിലിയൻ എംബാപ്പെയും എയ്ഞ്ചൽ ഡി മരിയയും ഉൾപ്പെടെ ലോകോത്തര താരങ്ങളെ പൊന്നും വിലക്ക് ക്ലബിലെത്തിച്ചിട്ടും വഴുതിമാറുകയായിരുന്നു ആ സ്വപ്നം.
പി.എസ്.ജിയുടെ നീലനിറമണിഞ്ഞ ഖത്തർ എയർവേസ് വിമാനം
2019-20 സീസണിൽ ഫൈനലിലെത്തിയതായിരുന്നു ഏറ്റവും വലിയ കുതിപ്പ്. അന്ന് ലിസ്ബണിൽ നടന്ന ഫൈനലിൽ പക്ഷേ, ബയേൺ മ്യൂണികിന് മുന്നിൽ കീഴടങ്ങി മടങ്ങി. വീണ്ടുമൊരിക്കൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പി.എസ്.ജി എത്തിയപ്പോൾ പ്രതീക്ഷകളോടെ ഗാലറി നിറഞ്ഞു. ഖത്തറിൽ നിന്ന് ആരാധക സംഘങ്ങൾ മ്യൂണികിലേക്ക് പറന്നു. ദോഹയിലും അൽ വക്റയിലും മുശൈരിബിലും ഉൾപ്പെടെ ഫുട്ബാൾ പ്രദർശന വേദികളിൽ പതിവിലേറെ ആഘോഷമായി.
ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ശൈഖ അൽ മയാസ മ്യുണികിലെത്തി, ഗാലറി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ക്ലബ് പ്രസിഡന്റും ക്യൂ.എസ്.ഐ ചെയർമാനുമായ നാസർ അൽ ഖുലൈഫിയുടെ വിജയമായും ആരാധകർ വിലയിരുത്തി. ക്ലബിനും ടീം മാനേജ്മെന്റിനും ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനി അഭിനന്ദനം അറിയിച്ചു.
വൻകര ജയിച്ച് മ്യുണികിൽ നിന്നും പാരിസിലേക്ക് പറന്ന ടീമിന്റെ യാത്രക്കായി പി.എസ്.ജിയുടെ നീലനിറം ചാലിച്ച വിമാനം ഒരുക്കിയായിരുന്നു സ്പോൺസർമാർ കൂടിയായ ഖത്തർ എയർവേസ് വിജയം ആഘോഷിച്ചത്. വിമാനം പെയിന്റ് ചെയ്യുന്ന ദൃശ്യങ്ങളും ടീമിന്റെ യാത്രയുമെല്ലാം സാമൂഹിക മാധ്യമങ്ങളിലും വൈറലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

