ജൂണിൽ റോഡ് അപകടങ്ങൾ കുറഞ്ഞുവെന്ന് പി.എസ്.എ
text_fieldsദോഹ: കർശനമായ ഗതാഗത നിയന്ത്രണങ്ങളുടെയും സുരക്ഷയുടെയും ഭാഗമായി രാജ്യത്തെ റോഡ് അപകടങ്ങൾ ഗണ്യമായി കുറയുന്നതായി റിപ്പോൾട്ട്. പ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി (പി.എസ്.എ) പുറത്തുവിട്ട് റിപ്പോർട്ട് പ്രകാരം ജൂൺ മാസത്തിൽ 619 വാഹനപകട കേസുകളാണ് രേഖപ്പെടുത്തിയത്.
മെയ് മാസത്തെ അപേക്ഷിച്ച് 12.1 ശതമാനം കുറവാണ് അപകടങ്ങളിലുണ്ടായിരിക്കുന്നതെന്നും വാർഷിക താരതമ്യത്തിൽ 17 ശതമാനം കുറവുണ്ടായതായും പി.എസ്.എ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. പരിക്കുകളില്ലാത്ത അപകടങ്ങളെ ഈ കണക്കുകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
അപകടങ്ങളിൽ 94 ശതമാനവും നേരിയ പരിക്കുകളാണ് സംഭവിച്ചിരിക്കുന്നത്. നാല് ശതമാനം കേസുകളിൽ ഗുരുതര പരിക്കുകൾ രേഖപ്പെടുത്തിയപ്പോൾ രണ്ട് ശതമാനം അപകട മരണങ്ങളാണ്. 14 അപകട മരണങ്ങളാണ് ജൂൺ മാസം രേഖപ്പെടുത്തിയത്.
അതേസമയം, ജൂൺ മാസം 6593 പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്തതായി പ്രതിമാസ റിപ്പോർട്ടിൽ വ്യക്തമാക്കി. പ്രതിമാസക്കണക്കുകളിൽ 19.7 ശതമാനം കുറവും വാർഷികാടിസ്ഥാനത്തിൽ 17.7 ശതമാനം കുറവുമാണ് വാഹനങ്ങളുടെ രജിസ്‌ട്രേഷനിലുണ്ടായിരിക്കുന്നത്.
ജൂൺ മാസം ഖത്തറിലെത്തിയ സന്ദർശകരുടെ എണ്ണത്തിൽ 1.1 ശതമാനം കുറവുണ്ടായതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 282,000 സന്ദർശകരാണ് ജൂണിൽ ഖത്തറിലെത്തിയത്. എന്നാൽ, വാർഷികാടിസ്ഥാനത്തിൽ സന്ദർശകരുടെ എണ്ണത്തിൽ 93.6 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
സന്ദർശകരിൽ 44 ശതമാനം പേരും ജി.സി.സി രാജ്യങ്ങളിൽ നിന്നാണെത്തിയിരിക്കുന്നത്. കര, വ്യോമ, നാവിക അതിർത്തികൾ വഴി സന്ദർശകർ ഖത്തറിലെത്തിയപ്പോൾ ഏറ്റവും കൂടുതൽ പേർ എത്തിയത് വിമാനമാർഗം തന്നെയാണ്, 60 ശതമാനം.
ജനസംഖ്യാ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഈ വർഷം ജൂണിൽ രാജ്യത്തെ ജനസംഖ്യ 25.65 ലക്ഷത്തിലെത്തി. 2022 ജൂണിൽ 26.57 ലക്ഷമായിരുന്നു. ജൂൺ മാസത്തിൽ 2216 ജനനവും 186 മരണങ്ങളും രജിസ്റ്റർ ചെയ്തു. പ്രതിമാസ കണക്കുകൾ പ്രകാരം ജനന, മരണ നിരക്കിൽ യഥാക്രമം 3.8 ശതമാനവും 11.8 ശതമാനവും കുറവ് രേഖപ്പെടുത്തി.
ഇക്കാലയളവിൽ മെയ് മാസത്തെ അപേക്ഷിച്ച് വിവാഹങ്ങളിൽ 19.8 ശതമാനം വർധവുണ്ടായപ്പോൾ വിവാഹ മോചനക്കേസുകളിൽ 17 ശതമാനം കുറവ് രേഖപ്പെടുത്തി. ജൂൺ മാസത്തിൽ ആകെ അനുവദിച്ച ബിൽഡിംഗ് പെർമിറ്റുകൾ 641. മെയ് മാസത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 15.4 ശതമാനം കുറവും വാർഷികാടിസ്ഥാനത്തിൽ 15.1 ശതമാനവും കുറവും ഈ വിഭാഗത്തിൽ രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

