ഗസ്സയിലെ ദുരിതം; ഫലസ്തീനിൽ നിയന്ത്രണം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഇസ്രായേൽ നടപടിക്കെതിരെ പ്രതിഷേധം
text_fieldsദോഹ: ഗസ്സയിൽ മാനുഷിക സഹായങ്ങളും പുനരധിവാസവും ഉറപ്പാക്കുന്ന സമഗ്ര സമാധാന പദ്ധതിയുടെ ഒന്നാം ഘട്ടം അടിയന്തരമായി നടപ്പിലാക്കണമെന്ന് അറബ് -ഇസ്ലാമിക രാജ്യങ്ങൾ. ഗസ്സയിൽ തുടരുന്ന മാനുഷിക ദുരിതങ്ങളിൽ ആശങ്ക രേഖപ്പെടുത്തി ഖത്തർ ഉൾപ്പെടെയുള്ള എട്ട് അറബ് -ഇസ്ലാമിക രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരാണ് വാർത്തക്കുറിപ്പിലൂടെ ഗസ്സയിൽ വാഗ്ദാനം ചെയ്ത സമഗ്ര പദ്ധതി അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടത്.
ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയുടെ 81ാമത് സമ്മേളനത്തോടനുബന്ധിച്ച് ന്യൂയോർക്കിൽ ചേർന്ന കൂടിക്കാഴ്ചക്കിടെയാണ് മന്ത്രിമാർ ആവശ്യമുന്നിയിച്ചത്. ഖത്തറിനു പുറമേ, ഈജിപ്ത്, ജോർഡാൻ, യു.എ.ഇ, ഇന്തോനേഷ്യ, പാകിസ്താൻ, തുർക്കിയ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരാണ് പങ്കെടുത്തത്.
തടസ്സങ്ങളില്ലാതെ മാനുഷിക സഹായങ്ങളും പുനരധിവാസ സാമഗ്രികളും എത്തിക്കുക, അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക, വെടിനിർത്തൽ പൂർണ്ണമായി പാലിക്കുക എന്നിവയാണ് ഒന്നാം ഘട്ടത്തിൽ പ്രാഥമികമായി നടപ്പാക്കേണ്ടത്. സമഗ്ര സമാധാന പദ്ധതിയുടെ അവിഭാജ്യ ഘടകമാണ് റോഡ് മാപ്പ് എന്നും, അത് രണ്ടാം ഘട്ടത്തിലേക്ക് വഴിതുറക്കുമെന്നും മന്ത്രിമാർ വ്യക്തമാക്കി.
അധിനിവേശ സേനയുടെ പിൻവാങ്ങൽ, അന്താരാഷ്ട്ര സ്റ്റെബിലൈസേഷൻ ഫോഴ്സിനെ വിന്യസിക്കൽ, ഗസ്സ ഭരണത്തിനായുള്ള ദേശീയ സമിതി ചുമതലയേൽക്കൽ എന്നിവയാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നത്. എല്ലാ കക്ഷികളും തങ്ങളുടെ ഉത്തരവാദിത്തങ്ങൾ കാലതാമസമില്ലാതെ നിറവേറ്റണമെന്നും മന്ത്രിമാർ ഓർമപ്പെടുത്തി.
ഫലസ്തീനിൽ നിയന്ത്രണം ഉറപ്പാക്കാനും പ്രദേശങ്ങൾ കൂട്ടിച്ചേർക്കാനും ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ നിയമവിരുദ്ധ നടപടികളെ മന്ത്രിമാർ വിമർശിച്ചു. അനധികൃത കുടിയേറ്റം, വസ്തുവകകൾ ഭൂമി പിടിച്ചെടുക്കൽ, വീടുകൾ തകർക്കൽ, കുടിയേറ്റക്കാരുടെ അതിക്രമങ്ങൾ എന്നിവ അടിയന്തരമായി അവസാനിപ്പിക്കണം. ജെറുസലേമിലെ മുസ്ലിം -ക്രിസ്ത്യൻ വിശുദ്ധ കേന്ദ്രങ്ങളുടെ ചരിത്രപരമായ സ്ഥിതി മാറ്റാനുള്ള ശ്രമങ്ങളിൽ അവർ കടുത്ത ആശങ്ക രേഖപ്പെടുത്തി. നിയമവിരുദ്ധ ഇസ്രായേലി കുടിയേറ്റ പ്രദേശങ്ങളിൽ നിന്നുള്ള വ്യാപാരം നിർത്തലാക്കാൻ ബ്രിട്ടനും മറ്റ് യൂറോപ്യൻ രാജ്യങ്ങളും കൈക്കൊണ്ട നടപടികളെ മന്ത്രിമാർ സ്വാഗതം ചെയ്തു.
ഗസ്സ ഫലസ്തീൻ ഭൂപ്രദേശത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് പ്രസ്താവനയിൽ ആവർത്തിച്ചു. കിഴക്കൻ ജെറുസലേം തലസ്ഥാനമായി സ്വതന്ത്രവും പരമാധികാരമുള്ളതുമായ ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിലൂടെ മാത്രമേ ശാശ്വത സമാധാനം സാധ്യമാകൂ. സമഗ്ര പദ്ധതിയുടെ വിജയം ഉറപ്പാക്കുന്നതിൽ യു.എസിന്റെ പങ്കാളിത്തം അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രിമാർ, ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി യു.എസ്, ബോർഡ് ഓഫ് പീസ്, ഫലസ്തീൻ അതോറിറ്റി എന്നിവയുമായി ചേർന്ന് പ്രവർത്തിക്കാൻ സദ്ധരാണെന്നും പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

