മനുഷ്യാവകാശ സംരക്ഷണം ഖത്തറിെൻറ മുൻഗണന വിഷയം
text_fieldsയു.എൻ മനുഷ്യവകാശ ദിന പരിപാടിയിൽ സംസാരിക്കുന്ന ഡോ. അഹ്മദ് ബിൻ ഹസൻ അൽ ഹമ്മാദി
ദോഹ: മനുഷ്യാവകാശ സംരക്ഷണം ഖത്തറിെൻറ മുൻഗണന വിഷയങ്ങളിൽ പ്രധാനപ്പെട്ടതാണെന്ന് വിദേശകാര്യമന്ത്രാലയം. മനുഷ്യാവകാശ സംരക്ഷണം ഉറപ്പുവരുത്താൻ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്നും അറബ്, ഇസ്ലാമിക മൂല്യങ്ങളെ ആധാരമാക്കിയുള്ള മനുഷ്യാവകാശ സംരക്ഷണ നയമാണ് ഖത്തർ സ്വീകരിച്ചിരിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. അഹ്മദ് ബിൻ ഹസൻ അൽ ഹമ്മാദി പറഞ്ഞു. ലോക മനുഷ്യാവകാശദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ ഖത്തറിനെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശത്തെ ഉയർത്തിപ്പിടിക്കുന്നതും അതിെൻറ സംരക്ഷണം ഉറപ്പുവരുത്തുന്നതും ഖത്തറിെൻറ തന്ത്രപ്രധാന തെരഞ്ഞെടുപ്പിനെയാണ് പ്രതിനിധീകരിക്കുന്നത്.
ഖത്തറിെൻറ പ്രധാന മുൻഗണന വിഷയങ്ങളിലൊന്നാണ് മനുഷ്യാവകാശമെന്നും അദ്ദേഹം വിശദീകരിച്ചു. ഖത്തർ വിഷൻ 2030, ദേശീയ വികസന സ്ട്രാറ്റജി 2011-2016, 2018-2022 എന്നിവയിൽ മനുഷ്യാവകാശത്തിന് വലിയ പ്രാധാന്യം നൽകിയാണ് അവതരിപ്പിച്ചിരിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ, വനിത ശാക്തീകരണം, കുട്ടികളുടെയും പ്രായമായവരുടെയും ഭിന്നശേഷിക്കാരുടെയും അവകാശങ്ങൾ തുടങ്ങിയ മേഖലകളിലെല്ലാം മനുഷ്യാവകാശത്തിന് വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ ഹൈകമീഷണർ പുറത്തുവിട്ട സൂചികയിൽ ഖത്തർ മറ്റുരാജ്യങ്ങൾക്കൊപ്പം മുമ്പന്തിയിലാണെന്ന് അദ്ദേഹം പറഞ്ഞു.
ദുർബലരെ ശാക്തീകരിക്കേണ്ടതിെൻറ പ്രാധാന്യം ഓർമിപ്പിക്കുന്നതാണ് മനുഷ്യാവകാശ ദിനമെന്നും മനുഷ്യനെ ആദരിക്കുന്ന ഇസ്ലാമിക, അറബ് സംസ്കാരത്തിൽ നിന്നുമാണ് മനുഷ്യാവകാശങ്ങൾ രൂപപ്പെട്ടതെന്നും ഖത്തർ മനുഷ്യാവകാശ വിഭാഗം മേധാവി ഡോ. തുർക്കി ബിൻ അബ്ദുല്ല ആൽ മഹ്മൂദ് പറഞ്ഞു. ഖത്തറിെൻറ ഭരണഘടന ചുമതലകളിൽപെട്ടതാണ് മനുഷ്യാവകാശ സംരക്ഷണം. എല്ലാ മേഖലകളിലും മനുഷ്യാവകാശ സംരക്ഷണം ഉറപ്പാക്കാൻ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്നും ഡോ. ആൽ മഹ്മൂദ് വ്യക്തമാക്കി.