വിദ്വേഷങ്ങൾക്കുള്ള മറുപടി പ്രവാചകന്റെ കാരുണ്യസന്ദേശം - ഡോ. മുസ്തഫ തൻവീർ
text_fieldsദോഹ: കാരുണ്യം, സാഹോദര്യം, നീതിബോധം, പരസ്പര ബഹുമാനം തുടങ്ങിയ ഉദാത്തമായ മാനുഷിക മൂല്യങ്ങളുടെ ജീവിക്കുന്ന മാതൃകയായിരുന്നു മുഹമ്മദ് നബി എന്ന് ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനുമായ ഡോ. മുസ്തഫ തൻവീർ. ഖത്തർ ഔഖാഫ് മന്ത്രാലയത്തിന് കീഴിലുള്ള ശൈഖ് അബ്ദുല്ല ബിൻ സൈദ് ആൽ മഹമൂദ് ഇസ്ലാമിക് കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ‘മുഹമ്മദ് നബി (സ): മാനവ മൂല്യങ്ങളുടെ നേർസാക്ഷ്യം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്രത്യേക പ്രഭാഷണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്വേഷവും അസഹിഷ്ണുതയും സമൂഹത്തിൽ വെല്ലുവിളി ഉയർത്തുന്ന സമകാലിക സാഹചര്യത്തിൽ പ്രവാചകന്റെ കാരുണ്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശങ്ങൾക്ക് കൂടുതൽ പ്രസക്തിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മതവിശ്വാസം കേവലം ആചാരാനുഷ്ഠാനങ്ങളിൽ ഒതുങ്ങുന്നതല്ലെന്നും സഹജീവികളോടുള്ള കരുണയും സാമൂഹിക ഉത്തരവാദിത്തവും നീതിപൂർവമായ പെരുമാറ്റവും അതിന്റെ അവിഭാജ്യ ഘടകങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഖുർആൻ ആസ്വാദനത്തിന് റസീഫ് അലീ ഫാറൂക്കി, അബ്ദുല്ല തിരൂർക്കാട്, അബ്ദുറഹ്മാൻ, അബ്ദുൽ വഹാബ് എന്നിവർ നേതൃത്വം നൽകി.
പ്രഭാഷണ വിഷയത്തെ ആസ്പദമാക്കി തത്സമയ സ്പോട്ട് ക്വിസ് മത്സരവും സംഘടിപ്പിച്ചു. ഇസ്മായിൽ വില്ലാപള്ളിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ നജീബ് അബൂബക്കർ സ്വാഗതവും ഹനീഫ് ആയപ്പള്ളി നന്ദിയും പറഞ്ഞു. ഹുസൈൻ മുഹമ്മദ്, യു. അബ്ദുറഹ്മാൻ ഗാലക്സി, മുഹമ്മദ് ലയിസ്, മിസ്ബാഹ് കണ്ണൂർ, അൻസാർ കണ്ണൂർ, ശരീഫ് മങ്കട, ഡോ. ഹഷിയത്തുല്ല, ബഷീർ മൈ ബെയ്ക്ക്, നൂറുദീൻ, നൗഷാദ് കരിപ്പ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

