നയതന്ത്ര വഴികളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണം -രാഷ്ട്രനേതാക്കൾ
text_fieldsഅമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ
ദോഹ: ഇസ്രായേൽ ആക്രമണത്തിനു പിന്നാലെ ഇറാനിലെ ആണവനിലയങ്ങൾ ലക്ഷ്യമാക്കി അമേരിക്കയും ആക്രമണം നടത്തിയതിനു പിന്നാലെ സൗഹൃദ രാഷ്ട്ര നേതാക്കളുമായി ചർച്ചകൾ നടത്തി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. സൗദി അറേബ്യ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ, യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഞായറാഴ്ച പകലിൽ ഫോൺ ആശയ വിനിമയം നടത്തി. യുദ്ധ വ്യാപനം തടയണമെന്നും, നയതന്ത്ര ശ്രമങ്ങളിലൂടെ പരിഹാരം കാണണമെന്നും ഇരുരാഷ്ട്ര നേതാക്കളുമായുള്ള സംഭാഷണത്തിൽ വ്യക്തമാക്കി.
ശൈഖ് മുഹമ്മദുമായി നടന്ന ഫോൺ സംഭാഷണത്തിൽ ഇരുരാജ്യങ്ങളും തമ്മിലെ സൗഹൃദം അവലോകനം ചെയ്യുകയും ഇറാൻ ഉൾപ്പെടെ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാൻ- ഇസ്രായേലി ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തു. ഇതിൽ സംഘർഷം കുറക്കുകയും നയതന്ത്ര പരിഹാരങ്ങളിൽ എത്തിച്ചേരുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ഇരു വിഭാഗവും വ്യക്തമാക്കി.സൗദി കിരീടാവകാശിയുമായി നടത്തിയ ഫോൺ സംഭാഷണങ്ങളിലും നയതന്ത്ര വഴികളിലൂടെ പ്രശ്നപരിഹാരം സാധ്യമാക്കണമെന്നും യുദ്ധവ്യാപനം തടയുന്നത് സംബന്ധിച്ച നടപടികളും ചർച്ചചെയ്തു.
ഇറാനിൽ ആണവ കേന്ദ്രങ്ങൾക്കു നേരെ ആക്രമണം; ആശങ്കയറിയിച്ച് ഖത്തർ
ദോഹ: ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണത്തിൽ ആശങ്കയറിയിച്ച് ഖത്തർ. ആക്രമണത്തെത്തുടർന്ന് സ്ഥിതിഗതികൾ വഷളായ സാഹചര്യത്തിൽ എല്ലാ സൈനിക നടപടികളും നിർത്തിവെച്ച് പ്രശ്നം പരിഹരിക്കുന്നതിന് എല്ലാവരും തയാറാകണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.മേഖലയിലെ സംഘർഷങ്ങൾ പ്രാദേശിക -അന്തർദേശീയ തലങ്ങളിൽ കൂടുതൽ വിനാശങ്ങൾക്ക് കാരണമാകും. തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും ഖത്തർ മന്ത്രാലയം പൂർണ പിന്തുണ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

