ഗാർഹിക തൊഴിലാളികളുടെ പ്രബേഷൻ ഇനി ഒമ്പത് മാസം
text_fieldsദോഹ: ഗാർഹിക ജോലിക്കാരുടെ പ്രബേഷൻ കാലയളവ് മൂന്നിൽനിന്നും ഒമ്പത് മാസമായി വർധിപ്പിക്കാനുള്ള തീരുമാനം ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതായി തൊഴിൽ മന്ത്രാലയം. കഴിഞ്ഞ ജൂലൈയിലായിരുന്നു ഇതുസംബന്ധിച്ച നിയമഭേദഗതിക്ക് മന്ത്രാലയം നിർദേശിച്ചത്. 2005ലെ തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തിയാണ് വീട്ടുജോലിക്കാരുടെ പ്രബേഷൻ മൂന്നിൽ നിന്നും ഒമ്പതു മാസമാക്കി ഉയർത്തിയത്. തൊഴിലാളികൾക്കും, തൊഴിലുടമക്കും അവകാശ സംരക്ഷണം ഉറപ്പാക്കുന്ന തരത്തിലാണ് പുതിയ നിയമഭേദഗതി നിലവിൽ വരുന്നത്. റിക്രൂട്ടിങ് ഏജൻസികളുമായും മറ്റും നടന്ന ചർച്ചകൾക്കൊടുവിലാണ് ഇതുസംബന്ധിച്ച് നിയമഭേദഗതി നടന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
തൊഴിലാളികളുടെ ഒമ്പതുമാസത്തെ പ്രബേഷൻ സംബന്ധിച്ച് തൊഴിലുടമക്ക് ഉറപ്പു നൽകേണ്ടത് ഏജൻസികളുടെ ഉത്തരവാദിത്തമാണെന്ന് നിയമം നിർദേശിക്കുന്നു. ആദ്യ മൂന്നു മാസത്തിൽ തൊഴിലാളിയുടെ സേവനം തൃപ്തികരമല്ലെങ്കിൽ പിരിച്ചുവിടാനും, ഏജൻസിക്ക് നൽകിയ തുക മുഴുവനായി തിരികെ വാങ്ങാനും തൊഴിലുടമക്ക് അവകാശമുണ്ടാവും. തുടർന്നുള്ള ആറുമാസ പ്രബേഷൻ കാലയളവിനുള്ളിലാണ് കരാർ റദ്ദാക്കുന്നതെങ്കിൽ, തൊഴിലുടമയിൽ നിന്നും കൈപ്പറ്റിയ ആകെ തുകയുടെ 15 ശതമാനം കഴിച്ച് തിരികെ നൽകാൻ ഏജൻസി ബാധ്യസ്ഥരാണ്. സർക്കാർ ഫീസ് ഉൾപ്പെടെ ചെലവായ തുകയും തൊഴിലുടമക്ക് വസൂൽ ചെയ്യാവുന്നതാണ്.
ആറുമാസത്തെ അധിക പ്രബേഷൻ കാലയളവിനുള്ളില്‍ തൊഴിലാളി ഓടിപ്പോവുകയോ ജോലി ചെയ്യാന്‍ വിസമ്മതിക്കുകയോ ഗുരുതര രോഗബാധിതനാവുകയോ ചെയ്താലും തൊഴിലുടമക്ക് കരാർ റദ്ദാക്കാൻ കഴിയും.അതേസമയം, തൊഴിലാളിയെ മർദിക്കുകയോ കരാര്‍ ലംഘനം നടത്തുകയോ ചെയ്താല്‍ തൊഴിലുടമയുടെ ഇതു സംബന്ധമായ അവകാശം നഷ്ടപ്പെടുകയും, തൊഴിലാളിക്ക് കരാർ റദ്ദാക്കാൻ അവകാശവും ഉണ്ടായിരിക്കും. തൊഴിൽ ഉടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന് മുൻതൂക്കം നൽകിയാണ് നിലവിലെ ഭേദഗതിയെന്ന് മന്ത്രാലയം നിർദേശിച്ചു.
തൊഴിൽ കരാർ ലംഘനം മൂലവും, തൊഴിലാളി ഓടിപ്പോകുന്ന സാഹചര്യത്തിലും ഇതുസംബന്ധിച്ച ബാധ്യതകൾ ഖത്തരി തൊഴിൽ ഉടമകൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ എല്ലാ നടപടികളും തീരുമാനങ്ങളും മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്നും അധികൃതർ വ്യക്തമാക്കി.
ശനിയാഴ്ച പ്രാബല്യത്തിൽ വന്ന നിയമം നടപ്പാവുന്നത് മന്ത്രാലയം നിരീക്ഷിക്കും. റിക്രൂട്ട്മെന്റ് ഓഫിസുകളിൽ പരിശോധന വ്യാപിപ്പിക്കുമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും, ഇത്തരം ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ തൊഴിലുടമകൾക്ക് മന്ത്രാലയത്തെ സമീപിക്കാമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

