ഹാജിക്ക മെമ്മോറിയൽ ഉപന്യാസ രചന മത്സര വിജയികൾക്ക് സമ്മാന വിതരണം
text_fieldsഐ.സി.ബി.എഫ് സംഘടിപ്പിച്ച 11ാമത് ഹാജിക്ക
മെമ്മോറിയൽ ഉപന്യാസ രചനാമത്സര വിജയികൾക്ക്
സമ്മാനം വിതരണം ചെയ്യുന്നു
ദോഹ: ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) സംഘടിപ്പിച്ച 11ാമത് ഹാജിക്ക മെമ്മോറിയൽ ഉപന്യാസ രചനാ മത്സരത്തിന്റെ സമ്മാന വിതരണ ചടങ്ങ് ഐ.സി.ബി.എഫ് കഞ്ചാണി ഹാളിൽ സംഘടിപ്പിച്ചു. 2015 മുതൽ സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളെ ആസ്പദമാക്കി ഐ.സി.ബി.എഫ് വർഷംതോറും നടത്തിവരുന്ന മത്സരം, ഈ വർഷവും വലിയ ആവേശത്തോടെയാണ് നടന്നത്. 13 ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള 245 വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു. നവംബർ 21ന് ഭവൻസ് പബ്ലിക് സ്കൂളിലായിരുന്നു മത്സരം സംഘടിപ്പിച്ചത്.
ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷ പ്രസംഗം നടത്തി. സേവനത്തിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും മൂല്യങ്ങൾ യുവമനസ്സുകളിൽ വളർത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു. ഇന്ത്യൻ എംബസിയിലെ ഫസ്റ്റ് സെക്രട്ടറിയും ഐ.സി.ബി.എഫ് കോഓഡിനേറ്റിങ് ഓഫിസറായ ഐശ് സിങാൾ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഭവൻസ് പബ്ലിക് സ്കൂൾ വൈസ് പ്രിൻസിപ്പൽ ധർമരാജ് കുമാർ വിശിഷ്ടാതിഥിയായിരുന്നു.
മത്സരത്തിന്റെ മൂല്യനിർണയം നടത്തിയ പദ്മജ ഒറുഗണ്ടി, ജയശ്രീ ശ്രീധർ എന്നിവർ ഉപന്യാസങ്ങളുടെ നിലവാരം, വിഷയത്തിന്റെ പ്രസക്തി, ഹാജിക്കയുടെ ഉന്നത ആശയങ്ങളും പൈതൃകവും പ്രചരിപ്പിക്കുന്നതിലുള്ള ഐ.സി.ബി.എഫിന്റെ തുടർച്ചയായ ശ്രമങ്ങൾ എന്നിവയെ പ്രശംസിച്ചു. ഐ.സി.ബി.എഫ് മാനേജ്മെന്റ് കമ്മിറ്റി സമൂഹ നേതാക്കളുടെയും സാന്നിധ്യത്തിൽ, മുഖ്യാതിഥി വിജയികൾക്കും പങ്കെടുത്ത വിദ്യാർഥികൾക്കും മത്സരങ്ങൾക്ക് മേൽനോട്ടം വഹിച്ചവർക്കും ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
മാനേജിങ് കമ്മിറ്റി അംഗം ഇർഫാൻ അൻസാരി നടത്തിയ സ്വാഗത പ്രസംഗത്തോടെയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് ജനറൽ സെക്രട്ടറി ദീപക് ഷെട്ടി മത്സരത്തെക്കുറിച്ചുള്ള വിശദീകരണം നടത്തി. ഹാജിക്കയുടെ കുടുംബാംഗങ്ങൾ, ഐ.സി.ബി.എഫ് അഡ്വൈസറി കൗൺസിൽ ചെയർമാൻ പ്രസാദ് ഗാർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.വി. ബോബൻ, മുൻ ഐ.സി.ബി.എഫ് പ്രസിഡന്റ് ഡേവിസ് എടക്കലത്തൂർ, അനുബന്ധ സംഘടനകളുടെ ഭാരവാഹികൾ, കമ്മ്യൂണിറ്റി നേതാക്കൾ, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ് പരിപാടിക്ക് നേതൃത്വം നൽകി. മാനേജിങ് കമ്മിറ്റി അംഗങ്ങളായ മണി ഭാരതി, ശങ്കർ ഗൗഡ്, നീലാംബരി, മിനി സിബി, അമർവീർ സിങ്, അഡ്വൈസറി കൗൺസിൽ അംഗം സതീഷ് വി. എന്നിവർ സന്നിഹിതരായിരുന്നു. സെക്രട്ടറി ജാഫർ തയിൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

