സ്വകാര്യ മേഖല തൊഴിൽ സ്വദേശിവത്കരണം; തൊഴിൽ പരിശീലനവുമായി മന്ത്രാലയം
text_fieldsദോഹ: സ്വകാര്യ മേഖലയിലെ തൊഴിൽ ദേശസാത്കരണ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ദേശീയ കമ്പനികളുമായി സഹകരിച്ച് ഖത്തരി പൗരന്മാർക്കും ഖത്തരി സ്ത്രീകളുടെ മക്കൾക്കുമായി തൊഴിൽ മന്ത്രാലയം പരിശീലന പരിപാടികൾ ആരംഭിച്ചു. ഹൈസ്കൂൾ ഗ്രാജ്വേറ്റ് ഡെവലപ്മെന്റ് പ്രോഗ്രാം, ടൂറിസം, ഹോസ്പിറ്റാലിറ്റി, ഇവന്റ് മാനേജ്മെന്റ് പ്രോഗ്രാം, കസ്റ്റമർ സർവിസ് പ്രോഗ്രാം എന്നീ പരിപാടികൾക്കാണ് തൊഴിൽ മന്ത്രാലയം തുടക്കം കുറിച്ചിരിക്കുന്നത്.
ഖത്തർ എയർവേസുമായി സഹകരിച്ച് വ്യോമയാന മേഖലയിൽ ആവശ്യമായ അടിസ്ഥാന കഴിവുകളും പ്രഫഷനൽ കഴിവുകളും നേടുന്നതിന് ഉദ്യോഗാർഥികളെ സജ്ജമാക്കാൻ ലക്ഷ്യമിടുന്ന ഒരു വർഷത്തെ പരിപാടിയാണ് ഹൈസ്കൂൾ ഗ്രാജ്വേറ്റ് ഡെവലപ്മെന്റ് പ്രോഗ്രാം. അപേക്ഷകർക്ക് കുറഞ്ഞത് 4.5 ഐ.ഇ.എൽ.ടി.എസ് സ്കോർ ലഭിച്ചിരിക്കണം.
അൽ റയ്യാൻ ഇന്റർനാഷനൽ യൂനിവേഴ്സിറ്റി കോളജുമായി സഹകരിച്ച് ടൂറിസം മേഖലയിൽ പരിശീലനവും വൈദഗ്ധ്യവും നൽകുന്ന പരിപാടിയാണ് ടൂറിസം, ഹോസ്പിറ്റാലിറ്റി, ഇവന്റ് മാനേജ്മെന്റ് പ്രോഗ്രാം. ടൂറിസം മേഖലയിലെ സൗകര്യങ്ങളിൽ നേരിട്ട് ഫീൽഡ് പരിശീലനം നൽകുന്ന ആദ്യത്തെ അക്കാദമിക് പരിപാടി കൂടിയാണിത്. ആറ് മാസമാണ് കോഴ്സ് കാലാവധി. ദോഹ ബാങ്കുമായി സഹകരിച്ച് ബാങ്കിങ് ജോലികൾക്കും ബാങ്കിങ് സംവിധാനങ്ങളുടെ ഉപയോഗത്തിനും ആവശ്യമായ അടിസ്ഥാന കഴിവുകൾ നൽകുന്ന ആറ് മാസത്തെ കോഴ്സാണ് കസ്റ്റമർ സർവിസ് പ്രോഗ്രാം.
പരിശീലനാർഥികൾക്ക് ഫീൽഡ് ലേണിങ് ഉൾപ്പെടെയാണ് കോഴ്സ് നൽകുന്നത്. എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും പൂർത്തിയാക്കുന്നതോടെ തൊഴിലന്വേഷകരെ വിവിധ സ്ഥാനങ്ങളിൽ നിയമിക്കും. പരിശീലന കാലയളവിൽ തൊഴിൽ മന്ത്രാലയത്തിൽ നിന്നുള്ള പ്രത്യേക സ്റ്റൈപൻഡും പരിശീലനാർഥികൾക്ക് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

