റസിഡൻഷ്യൽ സിറ്റിയിൽ പ്രധാനമന്ത്രിയുടെ സന്ദർശനം
text_fieldsറസിഡൻഷ്യൽ സിറ്റി മാതൃക പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി സന്ദർശിക്കുന്നു
ദോഹ: ബർവ റിയൽ എസ്റ്റേറ്റിനു കീഴിൽ അൽ വക്റയിലും ഉം ബെഷാറിലും നിർമിക്കുന്ന റെസിഡൻഷ്യൽ സിറ്റിയുടെ മാതൃക പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി സന്ദർശിച്ചു. തൊഴിലാളികൾക്കായി അൽ വക്റ മേഖലയിൽ നിർമിക്കുന്ന ബറഹാത് അൽ ജനൂബ് റെസിഡൻഷ്യൽ സിറ്റിയുടെ മാതൃകയാണ് ഉദ്യോഗസ്ഥർക്കൊപ്പം പ്രധാനമന്ത്രി വിലയിരുത്തിയത്.
റസിഡൻഷ്യൽ സിറ്റിയുടെ സൗകര്യങ്ങളെക്കുറിച്ചും നിർമാണ വിശദാംശങ്ങളെ കുറിച്ചും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. തൊഴിലാളി വിഭാഗത്തിന്‍റെ താമസ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഉന്നത നിലവാരത്തിലെ റസിഡൻഷ്യൽ സിറ്റിയുടെ നിർമാണം പുരോഗമിക്കുന്നത്. ഇതിനു പുറമെ, ഉം ബെഷാർ ഏരിയയിലെ മദിനത്നയിൽ കുടുംബങ്ങൾക്കായി ഒരുക്കുന്ന റസിഡൻഷ്യൽ സിറ്റിയും അദ്ദേഹം സന്ദർശിച്ചു. മികച്ച താമസ സൗകര്യത്തോടെ ഒരുങ്ങുന്ന പാർപ്പിട സമുച്ചയങ്ങൾ, ലോകകപ്പ് കാലത്ത് കാണികൾക്കുകൂടി താമസസൗകര്യം ഒരുക്കാനുള്ള സംവിധാനത്തോടെയാണ് തയാറാവുന്നത്.