മേഖലയിലെ സമാധാനം ഉറപ്പാക്കണം; രാഷ്ട്ര നേതാക്കളുമായി പ്രധാനമന്ത്രി ചർച്ച നടത്തി
text_fieldsശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ്, ഹകാൻ ഫിദാൻ, ശൈഖ് തഹ്‌നൂൻ ബിൻ സായിദ് അൽ നഹ്‌യാൻ
ദോഹ: പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിലെ നയതന്ത്ര സഹകരണവും സുരക്ഷയും കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി ആശയവിനിമയം നടത്തി. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ്, തുർക്കിയ വിദേശകാര്യമന്ത്രി ഹകാൻ ഫിദാൻ, യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ് യാൻ, യു.എ.ഇ ദേശീയ സുരക്ഷാ ഉപദേഷ്ടടവ് ശൈഖ് തഹ്‌നൂൻ ബിൻ സായിദ് അൽ നഹ്‌യാൻ എന്നിവരുമായാണ് ഇന്നലെ തിരക്കിട്ട ചർച്ചകൾ നടന്നത്.
മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് വിവിധ നേതാക്കൾ വിലയിരുത്തി. സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനും സുസ്ഥിരത ഉറപ്പാക്കുന്നതിനും സംയുക്ത നയതന്ത്ര നീക്കങ്ങൾ ശക്തമാക്കാൻ നേതാക്കൾ തമ്മിലുള്ള ഫോൺ സംഭാഷണത്തിനിടെ ധാരണയിലെത്തി.
അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണാപത്രത്തിലെ വ്യവസ്ഥകൾ പാലിക്കാൻ ബന്ധപ്പെട്ട കക്ഷികൾ തയാറാകണമെന്ന് ഖത്തർ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ടത് മേഖലയുടെ സാമ്പത്തിക ഭദ്രതക്കും സുരക്ഷക്കും അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രശ്നങ്ങൾ ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കപ്പെടണമെന്നാണ് ഖത്തറിന്റെ നിലപാട്. മേഖലയിൽ സമാധാനം കൊണ്ടുവരുന്നതിനായി നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും പിന്തുണയുണ്ടാകുമെന്നും പ്രധാനമന്ത്രി ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

