ഫലസ്തീനികൾക്ക് ആശ്വാസവുമായി പ്രധാനമന്ത്രിയെത്തി
text_fieldsഅൽ സിദ്ര മെഡിസിനിൽ ചികിത്സയിൽ കഴിയുന്ന ഫലസ്തീനികളെ പ്രധാനമന്ത്രി ഡോ. മുഹമ്മദ് മുസ്തഫ സന്ദർശിക്കുന്നു. ഖത്തർ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ സമീപം
ദോഹ: ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങളിൽ പരിക്കേറ്റ് വേദന തിന്നുതീർക്കുന്ന തങ്ങളുടെ പൗരന്മാർക്ക് സാന്ത്വനവുമായി ഫലസ്തീൻ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഡോ. മുഹമ്മദ് മുസ്തഫ ദോഹയിലെത്തി. യുദ്ധം ആരംഭിച്ചതു മുതൽ വിവിധ ഘട്ടങ്ങളിലായി ഖത്തറിലെത്തിച്ച ഗസ്സക്കാരെ അൽ സിദ്ര മെഡിസിനിലെത്തിയാണ് പ്രധാനമന്ത്രി ആശ്വസിപ്പിച്ചത്. ഖത്തർ വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിറും ഇവർക്കൊപ്പമുണ്ടായിരുന്നു. ഫലസ്തീനികളുടെ ആരോഗ്യവിവരങ്ങൾ അറിയാനാണ് ദോഹയിലെത്തിയതെന്നും, യുദ്ധത്തിൽ പരിക്കേറ്റ തങ്ങളുടെ പൗരന്മാർക്ക് ഖത്തർ നൽകുന്ന കരുതലും ചികിത്സയും ഹൃദ്യമാണെന്നും ഡോ. മുഹമ്മദ് മുസ്തഫ പറഞ്ഞു. കഴിഞ്ഞ മാസങ്ങളിലെ ദുരിതസമാനമായ ജീവിതത്തിൽനിന്നും മാറി, അവർ ആരോഗ്യം വീണ്ടെടുക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. ഖത്തറിന്റെ സേവനങ്ങളെ നന്ദിയോടെ സ്മരിച്ച പ്രധാനമന്ത്രി എല്ലാവരും ഒരു ദിനം തങ്ങളുടെ ഭൂമിയിൽ തിരികെയെത്തുമെന്ന ശുഭാപ്തിവിശ്വാസവും പ്രകടിപ്പിച്ചു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശപ്രകാരം 1500 പേരെയാണ് ഖത്തറിലെത്തിച്ച് ചികിത്സ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

