പ്രാഥമികാരോഗ്യ സേവനങ്ങൾ; എങ്ങനെ ഉപയോഗപ്പെടുത്താം
text_fieldsദോഹ: രാജ്യത്തെ ആരോഗ്യ പരിരക്ഷ സംവിധാനത്തിലെ ആദ്യ കോൺടാക്ട് പോയന്റായാണ് പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനെ കണക്കാക്കുന്നത്. പരിചരണത്തിന്റെ ആദ്യ പോയന്റ് മാത്രമായല്ല, സമൂഹത്തിന് വേണ്ടിയുള്ള ആരോഗ്യ പരിചരണത്തിന്റെ തുടർച്ചയുടെ പ്രധാന കേന്ദ്രബിന്ദുവായും പി.എച്ച്.സി.സി പ്രവർത്തിക്കുന്നു. രാജ്യത്തുടനീളം 30 ആരോഗ്യകേന്ദ്രമാണ് പി.എച്ച്.സി.സിക്ക് കീഴിലുള്ളത്. ജനറൽ പ്രാക്ടീസ്, വാക്സിനേഷൻ, ഒപ്റ്റോമെട്രി, അടിയന്തര പരിചരണം, മറ്റു സേവനങ്ങൾ തുടങ്ങി നിരവധി പ്രാഥമിക ആരോഗ്യ പരിരക്ഷ സേവനങ്ങളാണ് പി.എച്ച്.സി.സി കേന്ദ്രങ്ങളിൽ നൽകുന്നത്. ആരോഗ്യ വിദ്യാഭ്യാസം, പ്രതിരോധ പരിചരണം, പതിവ് പരിശോധനകൾ, പ്രതിരോധ കുത്തിവെപ്പുകൾ, സ്ക്രീനിങ് ടെസ്റ്റുകൾ തുടങ്ങിയവയുൾപ്പെടെ ആവശ്യമായ അടിസ്ഥാന വൈദ്യസഹായം ഫാമിലി ഫിസിഷ്യൻ വഴി ലഭ്യമാകും. കൂടാതെ ആരോഗ്യസ്ഥിതിയുടെ സ്വഭാവവും സാഹചര്യവുമനുസരിച്ച് രോഗിയെ ഒരു സ്പെഷലിസ്റ്റ് അല്ലെങ്കിൽ സെക്കൻഡറി കെയർ സേവനങ്ങളിലേക്ക് ഇവിടെ നിന്ന് റഫർ ചെയ്യും.
കാർഡും ചികിത്സയും ലഭിക്കാൻ
- അടുത്തുള്ള പി.എച്ച്.സി.സി ആരോഗ്യ കേന്ദ്രത്തിൽ നേരിട്ടോ അല്ലെങ്കിൽ ഹുകൂമി വഴി ഓൺലൈനായോ ഇത് കരസ്ഥമാക്കാം.
- പ്രവാസികളായ താമസക്കാർക്ക് 100 റിയാലാണ് ഹെൽത്ത് കാർഡിന് നൽകേണ്ടത് (സ്വദേശികൾക്ക് 50 റിയാൽ).
- കാർഡിനായി അപേക്ഷിക്കുമ്പോൾ പാസ്പോർട്ട് അല്ലെങ്കിൽ ഐ.ഡി കാർഡ്, റെഡിസന്റ് പെർമിറ്റ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, താമസ മേൽവിലാസത്തിന് തെളിവ് (വാടക കരാർ അല്ലെങ്കിൽ യൂടിലിറ്റി ബിൽ തുടങ്ങിയവ), വാക്സിനേഷൻ കാർഡ് (കുട്ടികൾക്ക് മാത്രം), സ്പോൺസറുടെ ഐ.ഡി (ഗാർഹിക ജീവനക്കാർക്ക് മാത്രം) എന്നിവ ഹാജരാക്കണം.
- ഒരിക്കൽ രജിസ്റ്റർ ചെയ്താൽ പി.എച്ച്.സി.സി ‘നർആകും’എന്ന ആപ് വഴിയോ 107 നമ്പറിൽ വിളിച്ചോ സേവനം നേടാം.
- നേരിട്ടോ ഓൺലൈൻ ആയോ അപ്പോയിന്റ്മെന്റ് എടുക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്.
- രാവിലെ ഏഴ് മുതൽ രാത്രി 11 വരെയുള്ള സമയങ്ങളിൽ അടിയന്തര ടെലിഫോൺ അല്ലെങ്കിൽ വിഡിയോ കൺസൽട്ടേഷനായി 16000 നമ്പറിൽ ബന്ധപ്പെടാം.
- ഒരു നഴ്സിന്റെ നേതൃത്വത്തിൽ രാത്രി 11 മുതൽ രാവിലെ ഏഴ് വരെ ടെലിഫോൺ സേവനവും ലഭ്യമാണ്.
- ചെറിയ പൊള്ളൽ, ഉളുക്ക്, കഠിനമായ തലവേദന അല്ലെങ്കിൽ ചെവിവേദന, കഠിനമായ പനി, നിർജലീകരണം, തലകറക്കം എന്നിവ പോലുള്ള അടിയന്തര ശ്രദ്ധ ആവശ്യമുള്ളതും അപകടകരമല്ലാത്തതുമായ രോഗാവസ്ഥകൾക്കും പി.എച്ച്.സി.സി അടിയന്തര പരിചരണ നൽകുന്നു.
- റൗദത് അൽ ഖൈൽ, അൽ റയ്യാൻ, അൽ കഅ്ബാൻ, അൽ ഷഹാനിയ, അൽ റുവൈസ്, മുഐദർ, അബൂബക്കർ സിദ്ദീഖ്, ഉംസലാൽ, അൽ മഷാഫ് എന്നീ ഒമ്പത് ഹെൽത്ത് സെന്ററുകളിലും 24 മണിക്കൂർ അടിയന്തര പരിചരണം ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

