ചരിത്ര-പൈതൃക സംരക്ഷണം മുഖ്യ അജണ്ടയാവണം -ഗ്രെയ്സ് ഖത്തർ
text_fieldsസയ്യിദ് അഷ്റഫ് തങ്ങളുടെ ‘മുസ്ലിം രാഷ്ട്രീയ രേഖകൾ 1947-48’ പുസ്തകത്തിന്റെ പ്രകാശം നിർവഹിക്കുന്നു
ദോഹ: ബൗദ്ധിക -സാംസ്കാരിക സംരംഭങ്ങളിൽ പ്രവാസി സംഘടനകൾ കൂടുതലായി നിക്ഷേപം നടത്തണമെന്ന് ഗ്രെയ്സ് ഖത്തർ സംഗമം അഭിപ്രായപ്പെട്ടു. ജീവകാരുണ്യ -രാഷ്ട്രീയ പ്രവർത്തനങ്ങൾക്കപ്പുറത്തേക്ക് പ്രവാസി സംഘടനകളുടെ സജീവമായ ഇടപെടൽ വ്യാപിക്കണമെന്നും ഇത്തരം ഇടപെടലുകളുടെ പ്രസക്തി സംഘടനകൾ തിരിച്ചറിയണമെന്നും സംഗമത്തിൽ ഗ്രെയ്സ് എജുക്കേഷനൽ അസോസിയേഷൻ ജനറൽ സെക്രട്ടറി അഷ്റഫ് തങ്ങൾ പറഞ്ഞു.
സാംസ്കാരികാസ്തിത്വത്തെക്കുറിച്ചുള്ള ബോധവും അത് ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ചരിത്ര-പൈതൃക സംരക്ഷണത്തിന് മുൻഗണന ലഭിക്കേണ്ടതുണ്ട്. ഇതിനായി ക്രിയാത്മകമായ പദ്ധതികൾ ആവിഷ്കരിക്കപ്പെടണം. നൂതനമായ മാർഗങ്ങൾ ഉപയോഗപ്പെടുത്തണം -അദ്ദേഹം പറഞ്ഞു. മാപ്പിള സമൂഹത്തിന്റെ പൈതൃകവും ചരിത്രവും സംരക്ഷിക്കാൻ ഗ്രെയ്സ് എജുക്കേഷനല്‍ അസോസിയേഷൻ നടത്തുന്ന പ്രവർത്തനങ്ങളും ഇടപെടലുകളും അദ്ദേഹം വിശദീകരിച്ചു.
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച്. മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡെവലപ്പിങ് സൊസൈറ്റീസ്, കഴിഞ്ഞ 400 വര്‍ഷത്തെ മാപ്പിള സമൂഹത്തിന്റെ പൈതൃകം വരമൊഴിയായും വാമൊഴിയായും രേഖപ്പെടുത്തിയ മാപ്പിള ഹെറിറ്റേജ് ലൈബ്രറി, ഡിജിറ്റല്‍ ആര്‍ക്കൈവ്സ്, ഓഡിയോ വിഷ്വല്‍ ലൈബ്രറി, അറബി മലയാള ശേഖരം, പുസ്തക ലൈബ്രറി, ഗ്രെയ്സ് ബുക്സ് എന്നിവ അസോസിയേഷന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
അൽ തുമാമ കെ.എം.സി.സി ഓഫിസിൽ നടന്ന സംഗമത്തിൽ സയ്യിദ് അഷ്റഫ് തങ്ങൾ എഡിറ്റ് ചെയ്ത് ഗ്രെയ്സ് ബുക്സ് പ്രസിദ്ധീകരിച്ച ‘മുസ്ലിം രാഷ്ട്രീയ രേഖകൾ 1947-48’ പുസ്തകത്തിന്റെ ഖത്തർ തല പ്രകാശനം നടന്നു. റഈസ് അലി അധ്യക്ഷനായിരുന്നു. കെ.എം.സി.സി സംസ്ഥാന ഉപദേശക സമിതി അംഗം പി.വി മുഹമ്മദ് മൗലവി ഉദ്ഘാടനം നിർവഹിച്ചു.
കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ടി.കെ ബഷീർ പുസ്തകം കൈമാറി. അലി ഹസ്സൻ പുസ്തകം ഏറ്റുവാങ്ങി. അബ്ദുൽ മജീദ് ഹുദവി പുസ്തക പരിചയം നടത്തി. കെ.എം.സി.സി നേതാക്കളായ അഷ്റഫ് ആറളം, പുതുക്കുടി അബൂബക്കർ, താഹിർ താഹക്കുട്ടി, അലി മൊറയൂർ, വി.ടി.എം സാദിഖ്, ശംസുദ്ദീൻ വാണിമേൽ, ജില്ല ഭാരവാഹികളായ സവാദ് വെളിയങ്കോട്, അതീഖ് റഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

