വിഷാംശ സാന്നിധ്യം; ബ്യൂട്ടോണി പിസ്സ പിൻവലിക്കാൻ നിർദേശം
text_fieldsദോഹ: വിഷാംശ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ബ്യൂട്ടോണി ഫ്രെയ്ച്ച് അപ് ഫ്രോസണ്‍ പിസ്സ വിപണിയില്‍നിന്ന് പിന്‍വലിച്ച് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം.
യൂറോപ്യന്‍ റാപ്പിഡ് അലര്‍ട്ട് സിസ്റ്റം ഫോര്‍ ഫുഡ് ആന്‍ഡ് ഫീഡില്‍ അറിയിപ്പിനെ തുടർന്നാണ് നടപടി. ഇ-കോളി ഉൽപാദിപ്പിക്കുന്ന ഷിഗാ ടോക്സിന് മൂലം ചില ബാച്ചുകളില്‍ വിഷാംശ സാധ്യതയുള്ളതിനാൽ വിപണിയിൽനിന്ന് പിൻവലിക്കാൻ യൂറോപ്യൻ രാജ്യങ്ങളിൽ നിർദേശം നൽകിയിരുന്നു. ഫ്രാൻസ് ഉൾപ്പെടെയുള്ള വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ പുതിയ കണ്ടെത്തലിന്റെ പേരിൽ നടപടി സ്വീകരിച്ചു. യൂറോപ്യൻ റാപിഡ് അലർട്ട് സിസ്റ്റം അറിയിപ്പിനെ തുടർന്ന് 08/07/2021, 24/09/2021 ബാച്ചിലെ ഫ്രോസൺ പിസ ബാച്ചുകൾ പിൻവലിക്കാൻ നിർദേശിച്ചു.
ലബോറട്ടറി വിശകലനത്തിനായി സാമ്പിളുകള്‍ എടുക്കുകയും ചെയ്തു. സംശയാസ്പദമായ തരത്തിലുള്ള പിസ്സകളൊന്നും കഴിക്കരുതെന്നും പനി, വയറിളക്കം തുടങ്ങിയ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യ കേന്ദ്രത്തില്‍ അറിയിക്കണമെന്നും മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും അഭ്യർഥിച്ചു.