റമദാന് ഒരുക്കം; ഇഫ്താർ കാമ്പയിനുമായി ഔഖാഫ് മന്ത്രാലയം
text_fieldsഔഖാഫിലെ ഇഫ്താർ കമ്മിറ്റി അധ്യക്ഷൻ മുഹമ്മദ് യാഖൂബ് അൽ അലി വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
ദോഹ: റമദാനെ വരവേൽക്കാനുള്ള ഒരുക്കത്തിനു തുടക്കം കുറിച്ച് ഔഖാഫ് ഇസ് ലാമികകാര്യ മന്ത്രാലയം. ഇഫ്താർ കിറ്റുകൾ ഉൾപ്പെടെ വിതരണം ചെയ്യാനുള്ള പദ്ധതികളുമായി ഇഫ്താർ കാമ്പയിൻ ആരംഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യവ്യാപകമായി ഒമ്പതു കേന്ദ്രങ്ങളിലായി മൂന്നു ലക്ഷം ഇഫ്താർ ഭക്ഷണക്കിറ്റുകളുടെ വിതരണമാണ് ലക്ഷ്യമിടുന്നത്.
ഇസ്ലാം മുന്നോട്ട് വെക്കുന്ന മൂല്യങ്ങൾ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മന്ത്രാലയം ഏറ്റെടുത്ത കമ്യൂണിറ്റി സംരംഭങ്ങളിലൊന്നാണ് കാമ്പയിനെന്ന് ഔഖാഫ് മന്ത്രാലയത്തിലെ ഇഫ്താർ കമ്മിറ്റി അധ്യക്ഷൻ മുഹമ്മദ് യാഖൂബ് അൽ അലി വാർത്തസമ്മേളനത്തിൽ പറഞ്ഞു. മുറൈഖിലെയും ഇൻഡസ്ട്രിയൽ ഏരിയയിലെയും ഇഫ്താറിന്റെ ചെലവ് രണ്ട് പേർ ചേർന്നാണ് വഹിക്കുന്നത്. റമദാനിൽ 30,000 ഇഫ്താർ ഭക്ഷണക്കിറ്റുകളാണ് അവർ ഈ പ്രദേശങ്ങളിൽ വാഗ്ദാനം ചെയ്തതെന്നും അൽ അലി ചൂണ്ടിക്കാട്ടി.
ഐൻ ഖാലിദിലെ തേർസ്ഡേ ഫ്രൈഡേ മാർക്കറ്റ്, സൈലിയയിലെ പുതിയ സെൻട്രൽ മാർക്കറ്റ്, റയ്യാനിലെ ഈദ് പ്രാർഥന സ്ക്വയർ, വക്റയിൽ പഴയ വക്റ സൂഖിന് എതിർവശം, അൽഖോറിൽ ഉസ്മാൻ ബിൻ അഫ്ഫാൻ പള്ളി, ഫരീജ് ബിൻ ഉംറാനിൽ ഈദ് പ്രാർഥന ഗ്രൗണ്ട്, അസീസിയയിലെ ഈദ് പ്രാർഥന ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് കാമ്പയിനുവേണ്ടി സംഭാവനകളർപ്പിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സംഭാവനകൾക്ക് അനുസരിച്ച് ഗുണഭോക്താക്കളുടെയും ഭക്ഷണക്കിറ്റുകളുടെയും എണ്ണം വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ഭക്ഷ്യ കിറ്റിന് 23 റിയാലാണ് ചെലവ്. https://www.awqaf.gov.qa/tfr എന്ന ലിങ്കിലൂടെ ഒരു പ്രദേശം തെരഞ്ഞെടുത്ത് കാമ്പയിനിലേക്ക് സംഭാവനകളർപ്പിക്കാം.
തെരഞ്ഞെടുത്ത പ്രദേശങ്ങളിൽ അധികൃതരുടെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള വലിയ ടെന്റുകൾ നിർമിച്ചായിരിക്കും ഔഖാഫിന്റെ ഇഫ്താർ കാമ്പയിനിലൂടെ ഭക്ഷണ വിതരണം നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

