റാഗിംഗിനെ തുടര്‍ന്ന് പ്രവാസിയുടെ മകളുടെ ആത്മഹത്യ: പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കണമെന്ന് സംഘടനകള്‍
text_fieldsദോഹ: കോളജിലെ റാഗിംഗിലും തുടര്‍ന്നുണ്ടായ മാനസിക പീഡനങ്ങളിലും വിഷമിച്ച് മകള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസിന്‍െറ അനാസ്ഥക്കെതിരെ പ്രവാസിയായ പിതാവ് വാര്‍ത്താസമ്മേളനം നടത്തിയതിന് ഫലമുണ്ടായി. കുറ്റപത്രം നല്‍കുന്നതില്‍ വീഴ്ച്ച വരുത്തുന്നുന്നുവെന്ന ആരോപണവുമായി വാര്‍ത്താസമ്മേളനം നടത്തിയതിന്‍െറ മൂന്നാംനാള്‍ പോലീസ് പയ്യോളി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സംഭവത്തില്‍ പോലീസ് ഒത്തുകളിക്കുന്നുവെന്ന പ്രതീതി ഉയര്‍ന്നതോടുകുടിയാണ് പോലീസിന്‍െറ തീരുമാനമെന്ന് അറിയുന്നു.
എന്നാല്‍ ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസിന് ഏഴുമാസം വേണ്ടിവന്നു എന്നത് ഏറ്റവും വലിയ അനാസ്ഥയാണന്ന് പ്രവാസസമൂഹത്തില്‍ വിമര്‍ശമുയരുന്നു. വടകര ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ് കോളജിലെ ബി.എസ്.ഇ മൈക്രോ ബയോളജി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന ഹസ്നാസ് (18) കഴിഞ്ഞ വര്‍ഷം ജൂലൈലാണ് ആത്മഹത്യ ചെയ്തത്.
ഈ വിഷയത്തില്‍ രണ്ട് ദിവസം മുമ്പാണ് കുട്ടിയുടെ പിതാവും ഖത്തറിലെ ഹമദ് ആശുപത്രി ജീവനക്കാരനുമായ തൈയുള്ളതില്‍ അബ്ദുല്‍ ഹമീദ് ദോഹയിലെ മാധ്യമ പ്രവര്‍ത്തകരെ നേരില്‍ കണ്ട് കേസ് അട്ടിമറിക്കപ്പെടുകയാണന്ന ആക്ഷേപം ഉയര്‍ത്തിയത്.
വിഷയത്തില്‍ കോളേജ് അധികൃതരുടെയും അദ്ധ്യാപകരുടെയും ചില വിദ്യാര്‍ഥികളുടെയും കുറ്റകരമായ പങ്കിനെതിരെ അന്നുതന്നെ ജനരോഷം ഉയര്‍ന്നിരുന്നു. ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തുവെങ്കിലും കുറച്ച് കഴിഞ്ഞപ്പോള്‍ എല്ലാം ആറിത്തണുക്കുകയായിരുന്നുവെന്നാണ് പിതാവ് ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല കുറ്റപത്രം അനിശ്ചിതമായി വൈകുന്നത് കേസിലെ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള അവസരമാണന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.
ഈ ആക്ഷേപത്തിന്‍െറ പശ്ചാത്തലത്തില്‍ ഖത്തറിലെ പ്രമുഖ മലയാളി സംഘടനകളും സംഭവത്തില്‍ മതിയായ നീതി ലഭിച്ചിട്ടില്ല എന്ന നിലയിലുള്ള പ്രതികരണങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട്.
കുറ്റപത്രം വൈകിപ്പിച്ചത് ഞെട്ടിപ്പിക്കുന്നതാണന്ന് പ്രവാസ സംഘടനകള്‍ വിമര്‍ശമുയര്‍ത്തുന്നു. സംഭവം നടന്ന് 40 ദിവസത്തിനുശേഷം നാട്ടില്‍ നിന്നും ഖത്തറിലേക്ക് വരേണ്ടി വന്ന പിതാവിന് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കീഴ്മേല്‍ മറിയുന്നത് വൈകിയാണ് വ്യക്തമായതത്രെ. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനും കൃത്യമായ അന്വേഷണം നടത്താനുമായി അബ്ദുല്‍ ഹമീദ് ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒരു മറുപടി പോലും ലഭിച്ചില്ളെന്നും ഇദ്ദേഹം പറയുന്നു. ഇക്കാര്യത്തില്‍ എംബസിയുടെ ഭാഗത്ത് നിന്നുള്ള വീഴ്ച്ചയെയും പ്രവാസികള്‍ ഗൗരവത്തോടെയാണ് കാണുന്നത്.
പ്രവാസികളും അവരുടെ നാട്ടിലെ ബന്ധുക്കളും ഇരകളാകുന്ന ഗൗരവമുള്ള വിഷയങ്ങളില്‍ എംബസി വഴി നല്‍കുന്ന പരാതികള്‍ ഇപ്പോള്‍ പരിഗണിക്കാറില്ളെന്നും ആക്ഷേപമുണ്ട്. മുമ്പ് എംബസി വഴി ലഭിക്കുന്ന പരാതികള്‍ കേരള സര്‍ക്കാരിന് നല്‍കുകയും എസ്.പിയില്‍ കുറയാത്ത റാങ്കുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് എംബസിക്ക് നല്‍കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നതായും ഖത്തറിലെ പ്രവാസി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
കാമ്പസുകളില്‍ തുടരുന്ന റാഗിംങിന്‍െറ ഇരയാണ് ചെരണ്ടത്തൂര്‍ എം എച്ച് ഇ എസ് കോളജിലെ ജീവനൊടുക്കേണ്ടി വന്ന വിദ്യാര്‍ഥിനിയെന്ന് കെ.എം.സി.സി സംസ്ഥാന സെക്രട്ടറി സലീം നാലകത്ത് പറഞ്ഞു. ഈ സംഭവത്തില്‍ കുട്ടിക്കെതിരെ മാനസിക പീഡനം നടന്നുവെന്ന് പോലീസ് എഫ്.ഐ.ആറില്‍ പറയുന്നുമുണ്ട്. എന്നാല്‍ കേസില്‍ കുറ്റപത്രം ഏഴ് മാസം വൈകി എന്നത് നീതീകരിക്കാനാകില്ലായെന്നും അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. സംഭവത്തില്‍ കുറ്റവാളികളെ ശിക്ഷിക്കാനുള്ള ജാഗ്രത ഗവണ്‍മെന്‍റിന്‍െറ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് ‘ഇന്‍കാസ് ’കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ തൂവരിക്കല്‍ ആവശ്യപ്പെട്ടു.
ഇത്തരം ഗുരുതരമായ വിഷയങ്ങളില്‍ കുറ്റപത്രങ്ങള്‍ വൈകുന്നത് നമ്മുടെ നാട്ടിലെ ഇരകള്‍ക്ക് നീതി നിഷേധിക്കുന്നതിന് തുല്ല്യമാണന്ന് ഐ.സി.ബി.എഫ് വൈസ് പ്രസിഡന്‍റ് ബാബുരാജ് പറഞ്ഞു. പ്രവാസിയുടെ മകള്‍ക്കുണ്ടായ അനുഭവത്തിന് ഉത്തര വാദികളായവര്‍ക്കെതിരെ ശക്തമായ ശിക്ഷാനടപടികള്‍ ഉണ്ടാകണമെന്ന് പ്ളാനിംഗ് ബോര്‍ഡിലെ നോര്‍ക്ക അഡൈ്വസറിംഗ് അംഗം കെ.കെ ശങ്കരന്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
