45 വര്‍ഷത്തെ പ്രവാസത്തിനുശേഷം ഗഫൂര്‍ക്ക നാട്ടിലേക്ക് മടങ്ങി
text_fieldsദോഹ: ഖത്തറിലെ 45 വര്‍ഷത്തെ കുടിയേറ്റ ജീവിതം അവസാനിപ്പിച്ച് കൊച്ചി കലൂര്‍ സ്വദേശി അബ്ദുല്‍ ഗഫൂര്‍ നാട്ടിലേക്ക് വിമാനം കയറി. നാലര പതിറ്റാണ്ട് കാലം ഒരു കമ്പനിയുടെ ഒരു ആഫീസില്‍മാത്രം ജോലി ചെയ്ത അത്യപൂര്‍വ്വതയുമായാണ് ആ മടക്കം. 21 ാം വയസില്‍ മട്ടാഞ്ചേരിയിലെ പഴയ തറവാട്ടുവീട്ടില്‍ നിന്നും ഖത്തറില്‍ എത്തിയ അദ്ദേഹത്തിന്‍െറ പ്രവാസ ജീവിതത്തില്‍ ഇത്തരത്തിലുള്ള ഒത്തിരി നല്ല അനുഭവങ്ങള്‍ വന്നുപെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ മടക്കയാത്രയില്‍ അദ്ദേഹം ‘ഹാപ്പി’യാണ്. നാല് ഭരണാധികാരികളുടെ ഭരണം കാണാന്‍ കഴിഞ്ഞു, അടുത്തിടെയുള്ള 22 വര്‍ഷം ഒരേ വീട്ടില്‍ താമസിക്കാന്‍ കഴിഞ്ഞു ഇത്തരത്തിലുള്ള പ്രത്യേകതകള്‍ ഗഫൂര്‍ക്കാന്‍െറ ഖത്തര്‍ ജീവിതത്തിന് ഏറെ പറയാനുണ്ട്. വൈദ്യുതിയും എയര്‍ക്കണ്ടീഷണറും ഒന്നും ഇല്ലാതെയായിരുന്നു തുടക്കം. എന്നാല്‍ പിന്നീട് ആധുനിക ഖത്തറിന്‍െറ സുഖസൗകര്യങ്ങള്‍ക്ക് നടുവില്‍ കഴിഞ്ഞ് കൂടാനും ഭാഗ്യം ലഭിച്ചു. ഖത്തറിലെ പ്രശസ്തമായ എം.ഇ.എസ് സ്കൂളിന്‍െറ രൂപവല്‍ക്കരണത്തിന് മുന്‍കൈ എടുത്തതും അതിനുവേണ്ടി ഓടിനടന്നതും ഒക്കെ ഇന്നലെകളിലെ തെളിഞ്ഞ ഓര്‍മ്മകള്‍. ഇന്ന് വളര്‍ന്ന് പന്തലിച്ച ആ വിദ്യാലയത്തെ അഭിമാനത്തോടെയും അരുമയോടെയും കാണുന്ന ഇദ്ദേഹത്തിന് തന്‍െറ സ്ഥാപനത്തെ കുറിച്ച് പറയാന്‍ ഏറെ അനുഭവങ്ങളുണ്ട്. അതിലെല്ലാം ഖത്തറിന്‍െറ ഭരണാധികാരികളുടെ നന്‍മയും ഖത്തരികളുടെ സഹിഷ്ണുതയും സ്നേഹവും അടയാളപ്പെട്ടിരിക്കുന്നുവെന്നും ഗഫൂര്‍ക്ക വ്യക്തമാക്കുന്നു. 21 ാം വയസില്‍ ഇവിടെയത്തെി ‘കാഫ്സ്കോ’ എന്ന യൂറിയ വളം നിര്‍മ്മാണ കമ്പനിയുടെ എച്ച്.ആര്‍ ഓഫീസറായി പ്രവേശിക്കുകയായിരുന്നു. അന്നുമുതല്‍ കമ്പനിയുടെ കൂടെ നിന്നു. മറ്റുള്ളിടത്ത് നിന്ന് ഓഫറുകള്‍ വന്നിട്ടും പോയില്ല. ഇതിനിടയില്‍ മറ്റ് പല അപേക്ഷകര്‍ വന്നിട്ടും കമ്പനിയും ഗഫൂറിനെ കൈ വിട്ടില്ല. ഒടുവില്‍ സ്ഥാനക്കയറ്റം നല്‍കുകയും 60 വയസില്‍ നിയമപരമായ വിരമിക്കേണ്ടിയിരിന്നിട്ടും അഞ്ച് വര്‍ഷം കൂടി നീട്ടിക്കൊടുക്കുകയും ചെയ്തു. ഈ കാലയളവില്‍ തന്‍െറ സഹോദരങ്ങള്‍ അടക്കമുള്ളവരെ ഇവിടേക്ക് കൊണ്ടുവന്നു. അവരുടെ എല്ലാം ജീവിതം മെച്ചപ്പെട്ടു. തന്‍െറ മക്കള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കാന്‍ കഴിഞ്ഞു. എല്ലാത്തിനും ദൈവത്തിനോടും പിന്നെ ഖത്തറിന്‍െറ മണ്ണിനോടാണ് കടപ്പാട് എന്ന് അദ്ദേഹം പറയുന്നു. ഖത്തര്‍ ലോകത്തിന്‍െറ മുന്നില്‍ ഉയര്‍ന്ന് നില്‍ക്കാന്‍ കാരണം ഇവിടത്തെ നന്‍മകളും ഭരണാധികാരികളുടെ മഹിമയും കൊണ്ടാണന്നും ഗഫൂര്‍ക്ക ചൂണ്ടിക്കാട്ടുന്നു. നാല് ഭരണാധികാരികളുടെ കാലത്ത് ഇവിടെ തങ്ങാന്‍ പറ്റി. അതില്‍ ശൈഖ് ഖലീഫ, പിതാവ് അമീര്‍ എന്നിവരെ നേരിട്ട് കാണാന്‍ പറ്റി. ഇപ്പോഴത്തെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയെ നേരിട്ട് കാണാനുള്ള ആഗ്രഹം ഉണ്ടായിരുന്നു. ഖത്തറിനെ ഇനിയും മുന്നോട്ട് കൊണ്ടുപോകാന്‍ ഏറെ കഴിവുള്ള ഭരണാധികാരിയാണ് അദ്ദേഹമെന്ന് ഗഫൂര്‍ക്ക പറയുന്നു.
45 വര്‍ഷത്തെ ജീവിതത്തിനിടയില്‍ ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായി. അതില്‍ ഏറെയും നല്ല അനുഭവങ്ങള്‍ മാത്രമാണ്. ഒരുപാട് സൗഹൃദങ്ങള്‍ ലഭിച്ചു. തന്‍െറ ആഫീസില്‍ ട്രയിനികളായി വന്നവര്‍ രാജ്യത്തെ പ്രധാന സ്ഥാപനങ്ങളില്‍ എത്തിചേര്‍ന്നു. അവരുടെ എല്ലാം സ്നേഹം നേടാന്‍ കഴിഞ്ഞു. പിന്നെ മലയാളി സംഘടനകളുടെ ഭാഗമാകാന്‍ കഴിഞ്ഞു. ഇപ്പോള്‍
മകന്‍ അമേരിക്കയിലും മകള്‍ കാനഡയിലും ആണ്. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും ഒക്കെ ഇവിടെയാണ്. നാട്ടില്‍ ചെല്ലുമ്പോള്‍ ഒറ്റപ്പെടല്‍ ഉണ്ടാകുമോ എന്നൊന്നും അറിയില്ല അബ്ദുല്‍ ഗഫൂറിന്. എന്നാല്‍ നാട്ടിലുള്ള സംഗീതവുമായി ബന്ധപ്പെട്ട ‘നത്തിംഗ് ബട്ട് മ്യൂസിക്’ എന്ന വാട്ട്സാപ്പ് ഗ്രൂപ്പ് ഗ്രൂപ്പിലെ അംഗമായതിനാല്‍ സുഹൃത്തുക്കള്‍ ഏറെയുണ്ട്. അവരെയെല്ലാം നേരിട്ട് കാണണമെന്നും സൗഹൃദം ദൃഡപ്പെടുത്തണമെന്നും ഇദ്ദേഹം പറയുന്നു. 1971 ല്‍ ഖത്തറില്‍ കപ്പലില്‍ ബോംബെയില്‍ നിന്നാണ് ഖത്തറിലത്തെിയത്.
നടന്‍ ദിലീപ്കുമാറിനെ പതിറ്റാണ്ടാണ്ടുകള്‍ക്ക് മുമ്പ് പരിപാടിക്കായി കൊണ്ടുവന്നതും അനശ്വര ഗായകന്‍ മുഹമ്മദ് റഫിക്ക് ആതിഥ്യം നല്‍കിയതും ഒക്കെ മധുരതരമായ സ്മൃതികള്‍. പണ്ട് കല്ല്യാണ വീടുകളില്‍ പാടിയിട്ടുള്ള ഗഫൂറിക്കാക്ക് ഇനി പാട്ട് കേട്ടാല്‍ മതിയെന്നെ ആഗ്രഹമുള്ളൂ.. ഭാര്യ നസീമക്കൊപ്പം ഇന്നലെ ഉച്ചയോടെയാണ് അദ്ദേഹം മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
