പ്രവാസി വോട്ട് ചേര്‍ക്കല്‍; രേഖകള്‍ ഇ-മെയിലായി സമര്‍പ്പിക്കുന്നതിന് സംവിധാനം ഒരുക്കണം -പ്രവാസി വെല്‍ഫെയര്‍
text_fieldsദോഹ: പ്രവാസി വോട്ട് ചേര്‍ക്കലിനുള്ള രേഖകള്‍ ഇ-മെയിലായി സമര്‍പ്പിക്കുന്നതിന് സംവിധാനം ഒരുക്കണമെന്ന് പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. രേഖകള്‍ നേരിട്ടോ തപാലിലോ സമര്‍പ്പിക്കുന്നതിന് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള സമയത്തിനകം എത്തിക്കല്‍ അപ്രായോഗികമാണ്.
പ്രവാസി വോട്ടര്‍മാര്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി 4എ ഫോറത്തില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച് പ്രിന്റ് എടുത്ത് ഒപ്പുവെച്ച് അനുബന്ധ രേഖകള്‍ സഹിതം നോരിട്ടോ തപാലിലോ തെരഞ്ഞെടുപ്പ് രജിസ്ട്രേഷന് ഓഫിസര്‍ക്ക് എത്തിക്കണമെന്നാണ് ജൂലൈ 28ലെ കമീഷന്റെ വിജ്ഞാപനത്തില്‍ പറയുന്നത്. എന്നാല്‍, വിദേശത്തുള്ളവര്‍ക്ക് നേരിട്ട് അപേക്ഷ എത്തിക്കുക എന്നതും ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള സമയത്തിനകം തപാലില്‍ എത്തിക്കുക എന്നതും അപ്രായോഗികമാണ്.
ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാകാനുള്ള പൗരന്റെ അവകാശത്തെ സംരക്ഷിക്കുന്നതിനായി കൂടുതല്‍ സൗകര്യപ്രദമായ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കാന്‍ തെരഞ്ഞെടൂപ്പ് കമീഷന് തയാറാകണം. ജോലി, വിദ്യാഭ്യാസം തുടങ്ങിയ കാരണങ്ങളാലോ മറ്റു വിധത്തിലോ വിദൂര സ്ഥലങ്ങളില്‍ താമസിക്കുന്ന സംസ്ഥാനത്തിനകത്തെ വോട്ടര്‍മാര്‍ക്ക് ഹിയറിങ്ങിന് ഇളവ് നല്‍കുകയും അപേക്ഷ ഇ-മെയിലായി നല്‍കുന്നതിന് അവസരം നല്‍കുകയും ചെയ്തതായി കമീഷന്റെ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
ഇതേ മാതൃകയില്‍ പ്രവാസി വോട്ടര്‍മാര്‍ക്കും അപേക്ഷയുടെ പ്രിന്റ് ഔട്ടില്‍ ഒപ്പ് രേഖപ്പെടുത്തി സ്കാന്‍ ചെയ്ത് അനുബന്ധ രേഖകള്‍ സഹിതം ഇ-മെയിലായി സമര്‍പ്പിക്കുന്നതിന് സംവിധാനം ഒരുക്കണം. ഈ വിഷയം ഉന്നയിച്ചുകൊണ്ട് പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് കത്തയച്ചു. വിഷയത്തില്‍ സര്‍ക്കാറും പ്രതിപക്ഷ പാര്‍ട്ടികളും ഇടപെടണമെന്നും പ്രവാസി വെല്‍ഫെയര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

