പ്രശംസ നേടി എച്ച്.എം.സി ആംബുലൻസ് സേവനം
text_fieldsദോഹ: വിവിധ മേഖലകളിൽ പ്രശംസ നേടി ഹമദ് മെഡിക്കൽ കോർപറേഷന്‍റെ ആംബുലൻസ് സേവനങ്ങൾ.
ആംബുലൻസുകളിൽനിന്നും ലഭിക്കുന്ന അടിയന്തര ചികിത്സ, ജീവനക്കാരുടെ പെരുമാറ്റം, സുരക്ഷിതത്വം, കൃത്യസമയം പാലിക്കൽ എന്നിവയിലെല്ലാം രോഗികളും അവരുമായി ബന്ധപ്പെട്ടവരും സംതൃപ്തി രേഖപ്പെടുത്തുന്നതായി പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ആംബുലൻസ് സേവനങ്ങളുടെ ഗുണമേന്മ അറിയുന്നതിനുവേണ്ടി ഹമദ് ബിൻ ഖലീഫ സർവകലാശാലയിലെ ഗ്ലെൻഹേൽ കറോലസ്, കനയ്യകുമാർ സിങ്, ജലാൽ യൂനുസ്, ഗ്വിലമോ അലിനീർ എന്നിവരാണ് പഠനം നടത്തിയത്. ദോഹക്കകത്ത് 10 മിനിറ്റിനുള്ളിലും പുറത്ത് 15 മിനുറ്റിനുള്ളിലും ആംബുലൻസ് സേവനം രോഗികളിലേക്ക് എത്തുന്നുവെന്ന് വ്യക്തമാക്കുന്നു. ആംബുലൻസ് ജീവനക്കാർ കൃത്യസമയത്ത് ചികിത്സ നൽകുന്നുവെന്നും രോഗികളോട് അനുകമ്പയോടെ പെരുമാറുന്നുവെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടി.
ഹമദ് ജനറൽ ആശുപത്രിയിലേക്ക് ചികിത്സക്കായി ആംബുലൻസിലെത്തിയ രോഗികളാണ് സർവേയിൽ പങ്കെടുത്തത്.
2020ൽ 379212 കേസുകളിലാണ് ആംബുലൻസ് അറ്റൻഡ് ചെയ്തത്. ഇതിൽ 268953 അടിയന്തര കേസുകളും 110259 പേഷ്യൻറ് ട്രാൻസ്പോർട്ട് കേസുകളും ഉൾപ്പെടും. 2021ജനുവരി മുതൽ 2021 നവംബർ വരെ 352785 കേസുകളാണ് ആംബുലൻസ് അറ്റൻഡ് ചെയ്തത്. 245610 എമർജൻസി കേസുകളും 107175 പേഷ്യൻറ് ട്രാൻസ്ഫർ കേസുകളും ഇതിലുൾപ്പെടും.