പ്രായോഗിക നടപടികൾ സ്വീകരിക്കണം-ഒമാൻ
text_fieldsദോഹ: ഖത്തറിനെതിരായ ഇസ്രായേൽ ആക്രമണം മേഖല നേരിടുന്ന ഗുരുതരമായ വെല്ലുവിളികളെ അടിവരയിടുന്നതാണെന്ന് ഒമാൻ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്. ദോഹയിൽ നടന്ന അസാധാരണ അറബ്-ഇസ്ലാമിക് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രായേലിനെതിരെ പ്രായോഗികവും മൂർത്തവുമായ നടപടികൾ, പ്രത്യേകിച്ച് നിയമപരവും നയതന്ത്രപരവുമായ തലങ്ങളിൽ സ്വീകരിക്കണം.
ഫലസ്തീനിലെ മധ്യസ്ഥതക്കും സമാധാന ശ്രമങ്ങൾക്കുമായി പ്രവർത്തിക്കുന്ന ഖത്തറിനെ ലക്ഷ്യംവെക്കുന്നതിലൂടെ സമാധാനത്തിനായുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തും. ഹീനമായ ആക്രമണത്തെ ഒമാൻ ശക്തമായി അപലപിക്കുകയും ഖത്തർ രാഷ്ട്രത്തോടും അതിന്റെ നേതൃത്വത്തോടും സർക്കാറിനോടും ജനങ്ങളോടും പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഖത്തറിന്റെ സുരക്ഷ മുഴുവൻ ഗൾഫിന്റെയും അറബ്, ഇസ്ലാമിക രജ്യങ്ങളടെ സുരക്ഷക്ക് അവിഭാജ്യമാണ്. നമ്മൾ ഐക്യരാഷ്ട്രസഭ, സുരക്ഷ കൗൺസിൽ, ജനറൽ അസംബ്ലി എന്നിവക്കുള്ളിൽ പ്രവർത്തിക്കണം. കൂടാതെ ഇസ്രായേലിനെ അതിന്റെ കുറ്റകൃത്യങ്ങൾക്കും ലംഘനങ്ങൾക്കും ഉത്തരവാദിയാക്കാൻ അന്താരാഷ്ട്ര നിയമ വശങ്ങൾ ഉപയോഗിക്കണം. അന്താരാഷ്ട്ര സമാധാനത്തിന് ഭീഷണിയായ ഈ അപകടകരമായ പാത തടയാൻ ഒരുമിച്ച് പ്രവർത്തിക്കണം.
അറബ്, ഇസ്ലാമിക രാഷ്ട്രം ഐക്യത്തോടെ നിലകൊള്ളുകയാണെങ്കിൽ വെല്ലുവിളികളെ നേരിടാൻ പ്രാപ്തമാണെന്ന് സ്ഥിരീകരിക്കുന്നതിനാണ് ഈ യോഗം നടക്കുന്നത്. ജനങ്ങളുടെ ഭാവി സംരക്ഷിക്കുന്നതിനും നമ്മുടെ മാതൃരാജ്യങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ഏറ്റവും നല്ല മാർഗം അണികളുടെ ഐക്യമാണെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. അന്താരാഷ്ട്ര സമൂഹത്തിന്റെ നിശ്ശബ്ദത ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ് പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

