സ്മാർട്ട് മീറ്റർ വഴി അഞ്ചു മിനിറ്റിൽ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാം
text_fieldsകഹ്റമ സ്മാർട്ട് മീറ്റർ
ദോഹ: ബിൽ അടച്ച് അഞ്ചു മിനിറ്റിനുള്ളിൽ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ സ്മാർട്ട് മീറ്റർ വഴി സാധിക്കുമെന്ന് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (കഹ്റമ) അറിയിച്ചു.സ്മാർട്ട് മീറ്റർ വരുന്നതോടെ ജീവനക്കാർ നേരിട്ടെത്തി വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള സംവിധാനം (മാന്വൽ) ഇല്ലാതാകും. വിച്ഛേദിക്കപ്പെട്ട വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുന്നതിന് ഫീൽഡ് ടീമിനെ അയക്കാൻ കഹ്റമ ഹോട്ട്ലൈനിൽ ബന്ധപ്പെടേണ്ട. അതിനാൽ ഉപഭോക്താക്കൾക്ക് ഏറെ സമയം ലാഭിക്കാനും സഹായകമാകും. വിശ്വാസ്യതയിലും കാര്യക്ഷമതയിലും സ്മാർട്ട് മീറ്ററുകൾ ഏറെ മുന്നേറിയെന്നും 97 ശതമാനം പ്രതിമാസ റീഡിങ് കൊണ്ടുവരാൻ സാധിച്ചതായും ബിൽ അടച്ച് അഞ്ചു മിനിറ്റ് കഴിയുന്നതോടെ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ കഴിയുമെന്നും കഹ്റമ ട്വീറ്റ് ചെയ്തു.
സ്മാർട്ട് മീറ്ററിങ് ഇൻഫ്രാസ്ട്രക്ചർ പദ്ധതിയുടെ ഭാഗമായി രാജ്യത്തുടനീളം രണ്ടു ലക്ഷത്തിലധികം സ്മാർട്ട് ഇലക്ട്രിസിറ്റി മീറ്ററുകൾ സ്ഥാപിച്ചതായി കഹ്റമ നേരത്തേ അറിയിച്ചിരുന്നു. 2021 അവസാന പാദത്തോടെ രണ്ടു ലക്ഷത്തിലധികം സ്മാർട്ട് മീറ്ററുകളാണ് പഴയ മീറ്ററുകൾക്കു പകരം സ്ഥാപിച്ചത്. കോർപറേഷന്റെ ഡിജിറ്റൽ പരിവർത്തന മേഖലയിലെ പ്രധാന പദ്ധതികളിലൊന്നായാണ് ഇത് അറിയപ്പെടുന്നത്. രാജ്യത്തുടനീളം ആറു ലക്ഷത്തോളം സ്മാർട്ട് ഇലക്ട്രിസിറ്റി മീറ്റർ സ്ഥാപിക്കുകയാണ് ലക്ഷ്യം.
കൂടുതൽ കൃത്യതയോടെയും കാര്യക്ഷമതയോടെയും വേഗത്തിലും സുരക്ഷിതമായും ഊർജ ഉപഭോഗം രേഖപ്പെടുത്താൻ പുതിയ സ്മാർട്ട് മീറ്ററുകൾക്കാകും. ഊർജ ഉപഭോഗം കൃത്യസമയത്ത് രേഖപ്പെടുത്താനും സാധിക്കും. ഉപഭോക്താക്കൾക്ക് തങ്ങളുടെ ഉപഭോഗം കൃത്യമായി അറിയുന്നതിനും ഉപകരിക്കും. പഴയ മീറ്ററുകൾ മാറ്റി സ്മാർട്ട് മീറ്റർ സ്ഥാപിക്കുമ്പോൾ കഹ്റമ ഉപഭോക്താക്കളിൽനിന്ന് അധിക ചാർജ് ഈടാക്കുന്നില്ല.
2021ൽ ഏകദേശം 8300 പുതിയ വൈദ്യുതി ലൈസൻസും 6425 ജല ലൈസൻസുമാണ് നൽകിയത്. വൈദ്യുതി, ജല സേവനങ്ങൾ ഭേദഗതി ചെയ്യുന്നതിനായി 7444 അപേക്ഷകളും ഇക്കാലയളവിൽ വന്നു. 1,64,062 പരാതികളാണ് കഴിഞ്ഞ വർഷം കഹ്റമയിലെത്തിയത്. ഇതിൽ 99.65 പരാതിക്കും മറുപടി നൽകി. ഉപഭോകൃത സേവനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പുതിയ കഹ്റമ കസ്റ്റമർ സർവിസ് നമ്പർ 991 ഐ.വി.ആർ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. അന്വേഷണങ്ങൾക്ക് വേഗത്തിൽ മറുപടി നൽകാനായി നിർമിതബുദ്ധിയുടെ പിന്തുണയോടെ ചാറ്റ്ബോട്ട് സംവിധാനവും ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

