ഖത്തറിൽ മൂന്നുദിവസം കനത്ത മഴക്ക് സാധ്യത
text_fieldsദോഹ: വ്യാഴാഴ്ച മുതൽ ശനിയാഴ്ചവരെ രാജ്യത്ത് മിക്കയിടത്തും കനത്ത മഴക്ക് സാധ്യതയെന്ന് ഖത്തർ കാലാവസ്ഥ നിരീക്ഷണ വകുപ്പ്. അറേബ്യൻ പെനിൻസുലയിൽ രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിക്കുന്നതിനെ തുടർന്നാണിത്. മഴക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്.
വടക്കുപടിഞ്ഞാറുനിന്ന് ശക്തമായ കാറ്റുമുണ്ടാകും. ഇടിയോടുകൂടിയ കനത്ത മഴക്കൊപ്പം പൊടുന്നനെ ശക്തമായ കാറ്റുവീശാൻ ഇടയുണ്ടെന്നും വകുപ്പ് അധികൃതർ മുന്നറിയിപ്പു നൽകി. അടുത്ത മൂന്നു ദിവസങ്ങളിൽ പരമാവധി താപനില 19 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. 15-17 ഡിഗ്രി സെൽഷ്യസിനിടയിലായിരിക്കും കുറഞ്ഞ താപനില. വടക്കുപടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനം കാരണം തെക്കൻ, ഔട്ടർ മേഖലകളിൽ താപനില ഇതിലും കുറയാൻ സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.
ബുധനാഴ്ച ദോഹ ഉൾപ്പെടെ പല ഭാഗങ്ങളിലും മഴയുടെ തീവ്രത കുറഞ്ഞിരുന്നു. മഴയെ നേരിടാൻ മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ സംയുക്ത റെയിൻഫാൾ എമർജൻസി കമ്മിറ്റി ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. മന്ത്രാലയ അധികൃതർ, മുനിസിപ്പാലിറ്റി അധികാരികൾ, ബന്ധപ്പെട്ട മറ്റുള്ളവർ എന്നിവർക്കിടയിലെ ഏകോപനം ശക്തമാക്കി. ഇതിനൊപ്പം ഏകീകൃത കാൾ സെന്ററുകളും സജീവമായി.
മന്ത്രാലയ വകുപ്പുകളുടെ സഹകരണത്തോടെ മുനിസിപ്പാലിറ്റികളിലെ മഴക്കെടുതി ടീമുകൾ ചൊവ്വാഴ്ച രാവിലെ മുതൽ 24 മണിക്കൂറും വെള്ളക്കെട്ട് നീക്കാൻ ആവശ്യമായ സംവിധാനങ്ങളുമായി രംഗത്തുണ്ടായിരുന്നു. പൊതുമരാമത്ത് അതോറിറ്റിയുടെ 188 എന്ന നമ്പറിന് പുറമെ, ഹോട്ട് ലൈൻ നമ്പറായ 184 വഴിയും കോളുകൾ സ്വീകരിക്കുന്നതിനുള്ള സംവിധാനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

