പൊഡാർ പേൾ സ്കൂളിന് റൗണ്ട് സ്ക്വയർ ഫൗണ്ടേഷൻ അംഗത്വം
text_fieldsപൊഡാർ പേൾ സ്കൂൾ
ദോഹ: അന്താരാഷ്ട്ര പ്രശസ്തമായ റൗണ്ട് സ്ക്വയർ ഫൗണ്ടേഷനിൽ അംഗത്വം നേടി ഖത്തറിലെ പ്രമുഖ ഇന്ത്യൻ സ്കൂളായ പൊഡാർ പേൾ സ്കൂൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി മികച്ച നിലവാരം പുലർത്തുന്ന 250 സ്കൂളുകൾ അംഗങ്ങളായുള്ള റൗണ്ട് സ്ക്വയർ ഫൗണ്ടേഷനിൽ ഇടം നേടുന്ന ഖത്തറിൽ ആദ്യ സ്കൂളാണ് പൊഡാർ പേൾ. വിദ്യാർഥികൾക്ക് ഏറ്റവും മികച്ച അക്കാദമിക് സൗകര്യവും, ഉന്നതനിലവാരമുള്ള വിദ്യാഭ്യാസവും ഉറപ്പാക്കുകയെന്ന് സ്കൂളിന്റെ പ്രതിബദ്ധതക്കുള്ള അംഗീകാരം കൂടിയാണ് പുതിയ അംഗത്വം. അന്താരാഷ്ട്രീയം, ജനാധിപത്യം, പരിസ്ഥിതിവാദം, സാഹസികത, നേതൃത്വം, സേവനം എന്നീ ആറ് പ്രധാന ആശയങ്ങളിലൂന്നിയ നൂതന വിദ്യാഭ്യാസ രീതി പ്രചരിപ്പിക്കുന്ന ആഗോള കൂട്ടായ്മയാണ് റൗണ്ട് സ്ക്വയർ ഫൗണ്ടേഷൻ.
ഇന്ത്യയിൽനിന്നുള്ള ദ ഡൂൺ സ്കൂൾ, ദ ലോറൻസ് സ്കൂൾ, ലവ്ഡെയ്ൽ, ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്കൂൾ, എയ്ഗ്ലോൺ കോളജ് (സ്വിറ്റ്സർലൻഡ്), സിലിക്കൺ വാലി ഇന്റർനാഷനൽ സ്കൂൾ (യുനൈറ്റഡ് സ്റ്റേറ്റ്സ്) എന്നിവ ഉൾപ്പെടെ അന്താരാഷ്ട്ര പ്രശസ്തമായ 250ഓളം സ്കൂളുകൾക്കൊപ്പമാണ് പൊഡാറും ഇടം നേടുന്നത്. റൗണ്ട് സ്ക്വയർ ഫൗണ്ടേഷന്റെ ഭാഗമാവുന്നത് അഭിമാനകരമായ നേട്ടമാണെന്ന് പൊഡാർ സ്കൂൾ പ്രസിഡന്റ് സി. മുഹമ്മദ് നിസാർ പറഞ്ഞു. നൂതനമായ പഠന അവസരങ്ങൾ, ആഗോള പൗരത്വം, നേതൃത്വം, വിദ്യാർഥികളുടെ വ്യക്തിഗത വളർച്ച എന്നിവയിലൂടെ വിദ്യാർഥികളുടെ പാഠ്യപദ്ധതി കൂടുതൽ മികവുറ്റതാക്കാൻ ഈ അംഗീകാരം വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ പങ്കാളിത്തത്തിലൂടെ അന്താരാഷ്ട്ര പരിപാടികൾ, നേതൃ ക്യാമ്പുകൾ, വിദ്യാർഥി സംരംഭങ്ങൾ, കമ്യൂണിറ്റി സേവന പദ്ധതികൾ, വിദ്യാർഥി വിനിമയ പരിപാടി തുടങ്ങിയവക്ക് അവസരങ്ങൾ തുറക്കുകയാണ്. ഇതുവഴി സ്കൂൾ പാഠ്യപദ്ധതി കൂടുതൽ സമ്പന്നമാവും -പ്രിൻസിപ്പൽ ഡോ. മനീഷ് മംഗൽ പറഞ്ഞു.പുതിയ അവസരങ്ങൾ നമ്മുടെ വിദ്യാർഥികൾക്ക് ആഗോള തലത്തിലെ വിദ്യാർഥികളും അധ്യാപകരും സ്ഥാപനങ്ങളുമായി ഇടപഴകാൻ അവസരം നൽകുകയും, ക്ലാസ് മുറികൾക്കപ്പുറം യഥാർഥ ലോകാനുഭവങ്ങൾ ഉൾക്കൊള്ളാൻ പ്രാപ്തമാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അൽ ഖോർ ഉൾപ്പെടെയുള്ള ഖത്തറിലെ പുതിയ മേഖലകളിലേക്ക് പൊഡാർ പേൾ സ്കൂൾ വ്യാപിപ്പിക്കുന്നതിനിടെയാണ് അന്താരാഷ്ട്ര തലത്തിലെ അംഗീകാരങ്ങൾ തേടിയെത്തുന്നത്. എജുക്കേഷൻ യുനൈറ്റ്സ് വേൾഡ് റാങ്കിങ്ങിൽ ഖത്തറിലെ ഒന്നാം നമ്പർ ഇന്ത്യൻ സ്കൂൾ ഉൾപ്പെടെ നേട്ടങ്ങളും പൊഡാറിനെ തേടിയെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

