സിബിഎസ്ഇ ക്ലസ്റ്റർ ബാസ്‌ക്കറ്റ്‌ബാൾ ചാമ്പ്യൻഷിപ്: പോഡാർ പേൾ സ്കൂളിന് വിജയം
text_fieldsദോഹ: അൽ ഖോർ ഇന്റർനാഷണൽ സ്കൂളിൽ നടന്ന സി.ബി.എസ്.ഇ ഖത്തർ ക്ലസ്റ്റർ ബാസ്‌ക്കറ്റ്‌ബാൾ ചാമ്പ്യൻഷിപ്പിൽ പോഡാർ പേൾ സ്കൂളിന് മിന്നും വിജയം. ഖത്തറിലെ 14 ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള കായികതാരങ്ങൾ മാറ്റുരച്ച ടൂർണമെന്റിൽ മൂന്ന് മെഡലുകൾ സ്വന്തമാക്കിയാണ് സ്കൂൾ മികവ് തെളിയിച്ചത്.
ടൂർണമെന്റിലുടനീളം വിവിധ വിഭാഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെ സ്കൂൾ അണ്ടർ -14 ബോയ്സ് ടീം സ്വർണ്ണമെഡൽ സ്വന്തമാക്കി ചാമ്പ്യന്മാരായി. കൂടാതെ, അണ്ടർ -14, അണ്ടർ -17 ഗേൾസ് ടീമുകൾ വെങ്കല മെഡലുകളും നേടി സ്കൂളിന്റെ മികവിന്റെ മാറ്റ് കൂട്ടി. ടൂർണമെന്റിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും പോഡാർ പേൾ സ്കൂൾ സ്വന്തമാക്കി.
ഖത്തർ ക്ലസ്റ്റർ ചാമ്പ്യൻഷിപ്പിലെ വിജയത്തോടെ അണ്ടർ -14 ബോയ്സ് ടീം സി.ബി.എസ്.ഇ ദേശീയ ബാസ്‌ക്കറ്റ്‌ബാൾ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ ആറുവരെ പഞ്ചാബിലെ ഭട്ടിൻഡയിലാണ് ദേശീയ മത്സരങ്ങൾ നടക്കുന്നത്. വിദ്യാർഥികളുടെയും കായിക അധ്യാപകരുടെയും പരിശീലകരുടെയും നിരന്തരമായ പരിശ്രമമാണ് നേട്ടത്തിന് പിന്നിലെന്ന് സ്കൂൾ മാനേജ്‌മെന്റ് വിശദീകരിച്ചു. ദേശീയതലത്തിൽ മത്സരിക്കാൻ യോഗ്യത നേടിയ അണ്ടർ-14 ആൺകുട്ടികളുടെ ടീമിന് സ്കൂൾ അധികൃതർ വിജയാശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

