സുരക്ഷാ നിർദേശങ്ങൾ ശ്രദ്ധിക്കണേ...
text_fieldsവെള്ളക്കെട്ടുകൾ റിപ്പോർട്ട് ചെയ്യാൻ
'OUN' ആപ്പ് വഴിയോ 184 എന്ന നമ്പറിൽ
ബന്ധപ്പെടുകയോ ചെയ്യാം
ദോഹ: മഴ തുടരുമെന്ന് ഖത്തർ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് പുറപ്പെടുവിച്ച സാഹചര്യത്തിൽ വിവിധ സർക്കാർ സ്ഥാപനങ്ങൾ സുരക്ഷാ മാർഗനിർദേശങ്ങൾ പുറത്തിറക്കി. മഴയത്ത് വാഹനമോടിക്കുമ്പോൾ വേഗത കുറക്കണമെന്നും ഓവർടേക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. മുന്നിലുള്ള വാഹനവുമായി കൃത്യമായ അകലം പാലിക്കുക. വൈപ്പറുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തുക. റോഡുകളിലെ വെള്ളക്കെട്ടുകളുടെ ആഴം അറിയാതെ അതിലൂടെ വാഹനം ഇറക്കരുതെന്നും മന്ത്രാലയം നിർദേശിച്ചു.
വീടുകളിലും പരിസരങ്ങളിലും ജാഗ്രത പാലിക്കണമന്ന് പൗരന്മാരോടും താമസക്കാരോടും മുനിസിപ്പാലിറ്റ് മന്ത്രാലയം ആവശ്യപ്പെട്ടു. വീടിന്റെ മുകൾഭാഗം വൃത്തിയായി സൂക്ഷിക്കണമെന്നും ഡ്രെയിനേജ് സംവിധാനങ്ങൾ പതിവായി പരിശോധിക്കണമെന്നും മന്ത്രാലയം ഓർമപ്പെടുത്തുന്നു. തുറന്ന ഡ്രെയിനേജുകൾ, പാർക്കുകളിലെയും തെരുവുകളിലെയും വൈദ്യുത തൂണുകൾ എന്നിവിടങ്ങളിൽ നിന്ന് കാൽനടക്കാർ വിട്ടുനിൽക്കണം. വെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങളിലൂടെ നടക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
മഴക്കെടുതിയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആവശ്യമായ ഒരുക്കങ്ങൾ അധികൃതർ നടത്തിയിട്ടുണ്ട്. വെള്ളക്കെട്ടുകൾ റിപ്പോർട്ട് ചെയ്യാൻ 'OUN' ആപ്പ് വഴിയോ 184 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്.
ഡ്രെയിനേജ് ശൃംഖലകൾ നിരീക്ഷിക്കുന്നതിനും ഹൈവേകളിലും തുരങ്കങ്ങളിലും മഴവെള്ളം അടിഞ്ഞുകൂടുന്നത് ഒഴിവാക്കുന്നതിനുമായി പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗൽ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. നിലവിലെ കാലാവസ്ഥ കാരണം വാഹനമോടിക്കുന്നവർക്ക് നേരിടേണ്ടിവരുന്ന ആശങ്കകൾക്ക് 188 എന്ന നമ്പറിലൂടെയോ customerservice@ashghal.gov.qa എന്ന ഇമെയിൽ വഴിയോ ബന്ധപ്പെടാമെന്ന് അഷ്ഗൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

