ജലാശയങ്ങളിൽ കുട്ടികളുടെ കളി; ശ്രദ്ധ വേണമെന്ന് എച്ച് എം സി
text_fieldsദോഹ: ജലാശയങ്ങൾക്കടുത്ത് കുട്ടികൾ കളിക്കുമ്പോഴും ചുറ്റിക്കറങ്ങുമ്പോഴും മുതിർന്നവരുടെ ശ്രദ്ധ എപ്പോഴും ഉണ്ടാകണമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ ഓർമിപ്പിച്ചു. വെള്ളത്തിൽ മുങ്ങിത്താഴുകയെന്നത് വളരെ പെട്ടെന്ന് സംഭവിക്കുന്നതാണ്. ശബ്ദം പോലും ഉണ്ടാകുകയില്ല.
രക്ഷിതാക്കളുടെയോ ബന്ധപ്പെട്ടവരുടെയോ നേരിട്ടുള്ള ശ്രദ്ധയില്ലാത്ത സമയങ്ങളിലാണ് അധിക അപകടങ്ങളും ഉണ്ടാകുന്നത്. വെള്ളം എവിടെയുണ്ടോ, കുഞ്ഞുങ്ങൾക്കത് അപകടമാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ മരണം സംഭവിക്കാനിടയുണ്ടെന്നും എച്ച് എം സി എമർജൻസി മെഡിസിൻ സീനിയർ കൺസൾട്ടൻറ് ഡോ. ഖാലിദ് അൽ അബ്ദുൽ നൂർ പറഞ്ഞു.
ആവശ്യമായ മുൻകരുതലുകളെടുക്കുന്നതോടൊപ്പം കുട്ടികളുടെ മേൽ നേരിട്ടുള്ള ശ്രദ്ധയുണ്ടാകുകയും വേണം. എങ്കിൽ അപകടങ്ങൾ ഒഴിവാക്കാം. കുട്ടികളെ ജലാശയങ്ങളിലേക്കോ സ്വിമ്മിംഗ് പൂളുകളിലേക്കോ ബന്ധപ്പെട്ടവരുടെ കീഴിലല്ലാതെ വിടാതിരിക്കുക, ജലാശയങ്ങൾക്കും പൂളുകൾക്കും ആവശ്യമായ തോതിൽ വേലി കെട്ടുക, കുട്ടികളെ നീന്തൽ പഠിപ്പിക്കുക, നീന്തൽ വശമില്ലാത്തവരെ ലൈഫ് ജാക്കറ്റ് പോലുള്ളവ ധരിപ്പിക്കുക തുടങ്ങിയവ പാലിക്കുകയാണെങ്കിൽ അപകടങ്ങൾ പരമാവധി ഒഴിവാക്കാം.
വീട്ടിനുള്ളിലും അപകടം വരാതെ സൂക്ഷിക്കണം. കുട്ടികൾ ബാത് ടബ്ബുകളിലും ബക്കറ്റുകളിലും വീണ് അപകടം വരാൻ സാധ്യതയുണ്ട്. ഇതിനാൽ കൊച്ചു കുട്ടികളുണ്ടെങ്കിൽ വീടകങ്ങളിലെ ബാത്ത്റൂമുകളുടെ വാതിലുകൾ അടച്ചിടണം.
ജലാശയത്തിൽ മുങ്ങിയതുമായി ബന്ധപ്പെട്ട 15ഓളം കേസുകൾ ഈ വർഷം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ രണ്ട് മരണവും ഉണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
