അൽ ലഗ്തൈഫിയയിൽ ഭിന്നശേഷിക്കാർക്കുള്ള കളിസ്ഥലം തുറന്നു
text_fieldsദോഹ: ഭിന്നശേഷിക്കാർക്കായുള്ള അന്താരാഷ്ട്ര ദിനത്തിൽ തന്നെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക്് വേണ്ടി മാത്രം നിർമ്മിച്ച കളിസ്ഥലം ഉദ്ഘാടനം ചെയ്ത് മേഖലയിലെ ആദ്യരാജ്യമായി ഖത്തർ മാറി. അൽ ലഗ്തൈഫിയ പാർക്കിലാണ് ഭിന്നശേഷിക്കാരായ കുട്ടികൾക്കായുള്ള എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുന്ന കളിസ്ഥലം തയ്യാറാക്കിയിരിക്കുന്നത്.
ജൂണിൽ നവീകരിച്ച ലഗ്തൈഫിയ ഫാമിലി പാർക്കിലാണ് പുതിയ കളിസ്ഥലം. സ്പെസ് വേൾ, ട്രാംപോളിൻ, ഫ്ലിൻറ് സ്ലൈഡ്, സ്വിങ് തുടങ്ങിയവ കളിസ്ഥലത്ത് സജ്ജീകരിച്ചിട്ടുണ്ട്. ഇൻറർനാഷണൽ കെമിക്കൽസ് ആൻഡ് എനർജി കമ്പനിയായ സാസോളുമായി സഹകരിച്ച് മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലത്തിന് കീഴിലെ പബ്ലിക് പാർക്ക് വകുപ്പും ചേർന്നാണ് കളിസ്ഥലം ഉദ്ഘാടനം ചെയ്തത്. എല്ലാവർക്കും ജീവിക്കാൻ കഴിയുന്ന ഖത്തർ എന്ന ആശയത്തിലൂന്നിയുള്ള ‘ഖത്തർ ഇൗസ് അവൈലബിൾ റ്റു ആൾ’ എന്ന പ്രമേയത്തിലൂന്നിയാണ് പാർക്ക് തയ്യാറാക്കിയത്.
ഇത്തരത്തിലൂള്ള പ്രധാന പദ്ധതികൾ നടപ്പിലാക്കുന്നതിന് പബ്ലിക് പാർക് വകുപ്പ് തയ്യാറാണെന്ന് വകുപ്പ് അസി. ഡയറക്ടർ മുഹമ്മദ് ഇബ്റാഹിം അൽ സാദ പറഞ്ഞു. എല്ലാവർക്കും ഉപയോഗിക്കാനും സമയം ചെലവഴിക്കാനും ആനന്ദിക്കാനും കഴിയുന്ന രീതിയിൽ എല്ലാ പാർക്കുകളും നവീകരിക്കുമെന്നും അൽ സാദ കൂട്ടിച്ചേർത്തു.
