ഖത്തറിൽ ഐ.സി.ബി.എഫിന്റെ നേതൃത്വത്തിൽ പ്ലേറ്റ്ലെറ്റ് ദാാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഐ.സി.ബി.എഫ് രക്ത പ്ലേറ്റ്ലെറ്റ് ദാന ക്യാമ്പിൽനിന്ന്
ദോഹ: ഇന്ത്യൻ കമ്മ്യൂണിറ്റി ബിനവലന്റ് ഫോറം, ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ സഹകരണത്തോടെ ഖത്തർ നാഷണൽ ബ്ലഡ് ഡൊണേഷൻ സെന്ററിൽ രക്ത പ്ലേറ്റ്ലെറ്റ് ദാന ക്യാമ്പ് സംഘടിപ്പിച്ചു. രക്ത പ്ലേറ്റ്ലെറ്റ് ദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും ജീവൻ രക്ഷാ പ്രവർത്തനത്തിൽ കൂടുതൽ പേരെ പങ്കാളികളാക്കുന്നതിനും ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കാൻസർ ചികിത്സയിലുള്ള രോഗികൾക്കും അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരാകുന്നവർക്കും, രക്ത സംബന്ധമായ രോഗങ്ങളും ഗുരുതരമായ പരിക്കുകളും മൂലം ചികിത്സയിൽ കഴിയുന്നവർക്കും പ്ലേറ്റ്ലെറ്റുകൾ അനിവാര്യമാണ്. പ്ലേറ്റ്ലെറ്റുകൾക്ക് വളരെ കുറഞ്ഞ കാലാവധിയുള്ളതിനാൽ, ആവശ്യമായ അളവിൽ അവയുടെ ലഭ്യത ഉറപ്പാക്കാൻ സന്നദ്ധരായ ദാതാക്കളുടെ തുടർച്ചയായ പിന്തുണ അനിവാര്യമാണ്. ക്യാമ്പിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 60ലധികം പ്രവാസി സന്നദ്ധ പ്രവർത്തകർ പ്ലേറ്റ്ലെറ്റ് ദാനത്തിനായി മുന്നോട്ടുവന്നു.
ചടങ്ങിൽ ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷത വഹിച്ചു. ഐ.സി.ബി.എഫ് രക്ത പ്ലേറ്റ്ലെറ്റ് ദാന ക്യാമ്പുകളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. സന്നദ്ധ ദാതാക്കളുടെ പങ്കാളിത്തത്തെ അദ്ദേഹം അഭിനന്ദിക്കുകയും, സമൂഹത്തിന്റെ തുടർച്ചയായ സഹകരണത്തിലൂടെ ഇത്തരം ജീവൻ രക്ഷാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. ജനറൽ സെക്രട്ടറി ദീപക് ഷെട്ടി സ്വാഗതവും ഹെൽത്ത് വിങ് ഇൻചാർജ് മിനി സിബി നന്ദി പറഞ്ഞു. ഐ.സി.ബി.എഫ് അഡ്വൈസറി കൗൺസിൽ ചെയർമാൻ കെ. എസ്. പ്രസാദ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ മണി ഭാരതി, എസ്. നീലാംബരി, അമർ വീർ സിങ്, ഖാജ നിസാമുദ്ദീൻ, ശങ്കർ ഗൗഡ്, ഇർഫാൻ അൻസാരി എന്നിവർ നേതൃത്വം നൽകി. സമൂഹത്തിന്റെ ആരോഗ്യക്ഷേമത്തിനും ജീവൻ രക്ഷിക്കുന്ന പ്രവർത്തനങ്ങൾക്കും മുൻഗണന നൽകി, രക്ത പ്ലേറ്റ്ലെറ്റ് ദാന ക്യാമ്പുകൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

