മഞ്ജുവിന് പാഴ്വസ്തുവല്ല പ്ലാസ്റ്റിക്
text_fieldsമഞ്ജു സുരേഷ് മകൻ ഋത്വികിനൊപ്പം ദോഹ മതാർഖദീമിലെ വീട്ടിലെ അടുക്കളതോട്ടത്തിൽ
ദോഹ: ദോഹ നഗരത്തിന്റെ ഹൃദയമായ മതാർകദീമിൽനിന്ന് ഏതാനും ദൂരം ഓടിയാലെത്തുന്ന അൽ ഫിനിഖ സ്ട്രീറ്റിലെ മഞ്ജു സുരേഷിന്റെ വീട് പ്ലാസ്റ്റിക്കിനെതിരായ പോരാട്ടത്തിന്റെ പ്രതീകമാണ്. ഈ വീട്ടിലെത്തുന്ന പാൽപാത്രങ്ങളും, എണ്ണക്കുപ്പികളും, ശീതളപാനീയ ബോട്ടിലുകളുമൊന്നും എവിടേക്കും വലിച്ചെറിയപ്പെടുന്നില്ല. വീടിന്റെ പൂമുഖത്തുനിന്നും തുടങ്ങുന്നുണ്ട് വീട്ടുകാരിയുടെ പെയിന്റിങ്ങിലെയും കരകൗശലത്തിലെയും കൃഷിയിലെയുമെല്ലാം മികവിലേക്കുള്ള കാഴ്ചകൾ. വീടിനുപിറകിലെ അടുക്കളത്തോട്ടത്തിൽ വളർന്നുപന്തലിച്ച പൂച്ചെടികളും പച്ചക്കറികളുമെല്ലാം വേരൂന്നി തളിർക്കുന്നത് പാഴ് വസ്തുക്കളിൽനിന്ന് സൃഷ്ടിച്ച പാത്രങ്ങളിൽനിന്നാണ്. മികച്ച കലാകാരി കൂടിയാണ് കോയമ്പത്തൂർ പോടന്നൂർ സ്വദേശിനിയായ ഈ വീട്ടമ്മ. ബയോകെമിസ്ട്രിയിൽ ബിരുദവും ഫുഡ് സയൻസ് ആൻഡ് ന്യൂട്രീഷനിൽ എം.ഫിലും ഉൾപ്പെടെ ഉന്നത പഠനം പൂർത്തിയാക്കിയ ശേഷം 11 വർഷം മുമ്പായിരുന്നു ഇവർ ഖത്തറിലെത്തിയത്. കാർഷിക കുടുംബത്തിന്റെ പാരമ്പര്യത്തിൽനിന്ന് ഖത്തറിലെ മരുഭൂ മണ്ണിലേക്കാണ് പറന്നിറങ്ങിയതെങ്കിലും കൃഷിയും മണ്ണും കൈവിടാനായില്ല.
ഉപയോഗ ശൂന്യമായ
പ്ലാസ്റ്റിക് പാത്രങ്ങളിൽനിന്ന് നിർമിച്ച ചെടിച്ചട്ടികൾ
അങ്ങനെ തുടങ്ങിയ ശ്രമത്തിൽനിന്നാണ് വീട്ടിൽ അടുക്കള തോട്ടവും, ഒപ്പം പ്ലാസ്റ്റിക്കിൽ നിന്നും പുനരുപയോഗ വസ്തുക്കൾ നിർമിക്കാനും ആരംഭിച്ചത്. കൈയിൽ കിട്ടുന്നതൊന്നും എളുപ്പം ഒഴിവാക്കുന്ന ശീലമില്ല.
പ്ലാസ്റ്റിക് പാത്രങ്ങളും കുപ്പികളും മുതൽ തെർമോകോളും ചിരട്ടയും പഴയ പത്രങ്ങളും ഉൾപ്പെടെ കൈയിലെത്തുന്നതിലെല്ലാം എന്തെങ്കിലുമൊരു കലാവിരുത് തെളിയും. ബോട്ടിലുകൾ വൃത്തിയാക്കിയ ശേഷം, മനോഹരമായ പെയിന്റിങ്ങുകളിലൂടെ പൂക്കളും ചിത്രങ്ങളും കളങ്ങളും വരച്ചെടുക്കുകയാണ് ആദ്യജോലി. വിവിധ വർണങ്ങളിൽ മനോഹരമാവുന്ന ബോട്ടിലുകൾ പിന്നെ സ്വസ്ഥമായ കേന്ദ്രം കണ്ടെത്തും. ചിലപ്പോഴത് വീടിനു പിറകിലെ അടുള്ളത്തോട്ടത്തിൽ ചെടിച്ചട്ടികളോ, പ്ലാന്റ് പോട്ടുകളോ ആയി മാറും. ഖത്തറിൽ പ്രവാസി വീടുകളിൽ സുലഭമായെത്തുന്ന പാൽക്കുപ്പികളും, യോഗ്ഹർട്ട് പാത്രങ്ങളും തന്നെ ഇങ്ങനെ ഏറ്റവും കൂടുതൽ അലങ്കാര വസ്തുക്കളായി മാറിയെന്ന് ഈ വീട് സാക്ഷ്യപ്പെടുത്തുന്നു.
ഉപയോഗ ശൂന്യമായ
പ്ലാസ്റ്റിക് പാത്രങ്ങളിൽനിന്ന് നിർമിച്ച ചെടിച്ചട്ടികൾ
ഒമ്പതു വർഷമായി തന്റെ സ്വന്തം പരീക്ഷണങ്ങളിൽനിന്ന് പ്രവാസ മണ്ണിൽ സുസ്ഥിരമായൊരു ഗാർഹിക ചുറ്റുപാട് സൃഷ്ടിച്ചിരിക്കുകയാണ് ഈ വീട്ടമ്മ. പ്ലാസ്റ്റിക്കിനെതിരായ സന്ദേശവും, പുനരുപയോഗ ശീലങ്ങളും തലമുറകളിലേക്കും പകരുന്നു. കാർഷിക മേഖലയിലെയും പ്രകൃതി സംരക്ഷണത്തിലെയും മികവിന് ഇതിനകം നിരവധി അംഗീകാരങ്ങളും മഞ്ജുവിനെ തേടിയെത്തി. 2023ൽ ഗൾഫ് മാധ്യമം ‘ഷി ക്യൂ’ എക്സലൻസ് പുരസ്കാരത്തിന്റെ പരിസ്ഥിതി വിഭാഗത്തിൽ ഫൈനലിസ്റ്റായിരുന്നു ഇവർ. മാലിന്യത്തിൽനിന്നുള്ള കലാസൃഷ്ടിക്കായി ഐ.സി.സി സംഘടിപ്പിച്ച മത്സരത്തിൽ ഒന്നാം സ്ഥാനവും, സ്കൈ തമിഴ് ചാനലിന്റെ കാർഷിക അവാർഡും തേടിയെത്തി. ഖത്തറിലെ സജീവമായ നമ്മുടെ അടുക്കളത്തോട്ടം, ഖത്തർ തമിഴർ സംഘം എന്നീ കൂട്ടായ്മകളുടെ ഭാഗവുമാണ്. ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് മേഖലയിൽ ജോലി ചെയ്യുന്ന ഭർത്താവ് സുരേഷ് എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്. ബിർള സ്കൂൾ വിദ്യാർഥികളായ സഞ്ജയ്, ഋത്വിക് എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

