ദ്വീപുകളെ പരിസ്ഥിതി സൗഹൃദ വിനോദകേന്ദ്രമാക്കാൻ പദ്ധതി
text_fieldsപേൾ ഖത്തർ ദ്വീപ് പ്രദേശങ്ങൾ
ദോഹ: ഗൾഫ് ഉൾക്കടലിലേക്ക് ഇറങ്ങി നിൽക്കുന്ന ഖത്തറിന്റെ ചുറ്റും പ്രകൃതി സൗന്ദര്യത്തിന്റെ നിഗൂഢക്കാഴ്ചകൾ ഒളിപ്പിച്ചുനിൽക്കുന്ന കൊച്ചു ദ്വീപുകളെ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാൻ പദ്ധതികളുമായി പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം. ദോഹയുടെ തീരങ്ങളിലേതു മുതൽ വിവിധ ഭാഗങ്ങളിലായുള്ള ഒമ്പത് ദ്വീപുകളെ പരിസ്ഥിതി സൗഹൃദ ടൂറിസം കേന്ദ്രമാക്കാനാണ് പദ്ധതി.
പർപ്പിൾ ദ്വീപ്
അതിശയിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന ദ്വീപുകളാണ് ഖത്തറിൽ വിവിധ ഇടങ്ങളിലായി സ്ഥിതിചെയ്യുന്നത്. സമ്പന്നമായ ജൈവവൈവിധ്യമാണ് ദ്വീപുകളുടെ സവിശേഷത. ചിലയിടങ്ങളിൽ സസ്യജന്തുജാലങ്ങളും പ്രകൃതി രൂപങ്ങളുമാണ് ദ്വീപുകളുടെ ആകർഷണം.
പാറക്കെട്ടുകളും മണൽത്തിട്ടകളും മാത്രമുള്ള ദ്വീപുകളും പച്ചപ്പ് നിറഞ്ഞവയും ഇതിലുൾപ്പെടും. ഇതിനു പുറമേ, രാജ്യം കൃത്രിമമായി വികസിപ്പിച്ച ദ്വീപുകളുമുണ്ട്. ദ്വീപുകളുടെ പുനരധിവാസവും വികസനവും അവശ്യ വിനോദസഞ്ചാര സേവനങ്ങളും സൗകര്യവും കണക്കിലെടുത്തും അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനുമായി മന്ത്രാലയം സമഗ്രമായ പദ്ധതിയാണ് നടപ്പാക്കുന്നത്. പരിസ്ഥിതി ടൂറിസത്തിന്റെ വളർച്ചയോടൊപ്പം പ്രാദേശിക-അന്തർദേശീയ പരിപാടികളുടെ ആതിഥേയത്വവും ഇതിലൂടെ ലക്ഷ്യമിടുന്നു.
ഈ സംരംഭത്തിലൂടെ സന്ദർശകർക്ക് ഖത്തറിന്റെ പ്രകൃതിയെ നേരിട്ട് അനുഭവിക്കുന്നതിനും ദ്വീപുകളുടെ ആകർഷകമായ കാലാവസ്ഥയും പ്രകൃതിദൃശ്യങ്ങളും ആസ്വദിക്കാനും അവസരം ലഭിക്കുകയും ചെയ്യും. അൽ അഷാത്ത് ദ്വീപ്, അൽ സാഫിലിയ ദ്വീപ്, അൽ ആലിയ ദ്വീപ്, ഷുറാ അവാ ദ്വീപ്, ബിൻ ഗന്നാം ദ്വീപ് (പർപ്പിൾ ദ്വീപ് എന്നും അറിയപ്പെടുന്നു) എന്നിവ ഉൾപ്പെടുന്നതാണ് ഒമ്പത് ദ്വീപുകൾ. തെക്ക് കിഴക്കൻ ഖത്തറിൽ 20 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന അൽ അഷാത്ത് ദ്വീപ് പ്രകൃതി ദൃശ്യങ്ങളാൽ മനോഹരമായ ദ്വീപുകളിലൊന്നാണ്.
തിരമാലകളാൽ കൊത്തിയെടുത്ത പാറക്കല്ലുകളാണ് ഇവിടത്തെ പ്രധാന ആകർഷണം. വടക്ക് കിഴക്കൻ പ്രദേശത്ത് ഖോൽ അൽ ഉദൈദിന് നേരെയുള്ള രണ്ട് പ്രധാന പാറക്കൂട്ടങ്ങളും ഇവിടെയുണ്ട്.നിരവധി ഇനം ദേശാടനപ്പക്ഷികളുടെ ആവാസ കേന്ദ്രമായി വർത്തിക്കുന്ന ദ്വീപ് മികച്ച കാലാവസ്ഥക്കും പേരുകേട്ടതാണ്.
പേൾ ഖത്തറിന് തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന അൽ സാഫിലിയ ദ്വീപ് പ്രകൃതിസ്നേഹികൾക്ക് അധികം പരിചയപ്പെടുത്തേണ്ടതില്ലാത്ത പ്രദേശമാണ്. സന്ദർശകർക്ക് ആസ്വദിക്കാനേറെയുണ്ട് ഇവിടെ. തെളിഞ്ഞ ജലം, സമൃദ്ധമായ സൂര്യപ്രകാശം, ദോഹ സ്കൈലൈന്റെ ഏറ്റവും മികച്ച കാഴ്ചകൾ, ഇവിടെനിന്നുള്ള അസ്തമയത്തിന്റെ മനോഹാരിത എന്നിവയെല്ലാം സാഫിലിയയെ സവിശേഷമാക്കുന്നു. പരിസ്ഥിതി ടൂറിസത്തിനും ജല കായിക വിനോദ പ്രവർത്തനങ്ങൾക്കും ഏറ്റവും അനുയോജ്യമായ ഇടംകൂടിയാണിത്.
ഷുറ ആവ ദ്വീപ്
പേൾ ഖത്തറിന് വടക്ക് അൽ ദആയിൻ മുനിസിപ്പാലിറ്റിയുടെ സമീപത്ത് സ്ഥിതി ചെയ്യുന്ന അൽ ആലിയ ദ്വീപ് ജൈവവൈവിധ്യത്താലും കണ്ടൽക്കാടുകളാലും സമൃദ്ധമായ പ്രകൃതിസംരക്ഷണ കേന്ദ്രങ്ങളിലൊന്നാണ്. വംശനാശ ഭീഷണി നേരിടുന്ന ഹോക്സ്ബിൽ കടലാമകൾ ഉൾപ്പെടെ വിവിധ പക്ഷികളുടെയും വന്യജീവികളുടെയും ആവാസ കേന്ദ്രം കൂടിയാണ് അൽ ആലിയ ദ്വീപ്. ഓസ്പ്രേകൾ, കടൽക്കാക്കകൾ, അരയന്നങ്ങൾ, കാട്ടുമുയലുകൾ എന്നിവ ഇവിടെ യഥേഷ്ടം വിഹരിക്കുന്നു. സമുദ്ര ജീവികളാൽ നിറഞ്ഞ വിശാലമായ പവിഴപ്പുറ്റുകളും ഇവിടെയുണ്ട്. ഖോർ അൽ ഉദൈദിന് വടക്ക് കിഴക്കാണ് ചെറിയ ദ്വീപായ ഷുറ ആവ ദ്വീപ് സ്ഥിതി ചെയ്യുന്നത്. പ്രധാന ഭൂപ്രദേശത്ത് നിന്നും 73.5 കിലോമീറ്റർ അകലെയാണ് ദ്വീപ്. ഒരു ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി. തെളിഞ്ഞ നീല ജലം, സ്വർണ നിറമുള്ള മണൽത്തിട്ടകൾ, പവിഴപ്പുറ്റുകൾ എന്നിവയാണ് പ്രധാന സവിശേഷത.
ബിൻ ഗന്നാം എന്നും പർപ്പിൾ ഐലൻഡ് എന്നും അറിയപ്പെടുന്ന ദ്വീപ് സ്ഥിതി ചെയ്യുന്നത് അൽഖോറിനടുത്ത് ദോഹയിൽ നിന്നും 60 കിലോമീറ്റർ അകലെയാണ്. ആഴം കുറഞ്ഞ ഉപ്പുവെള്ള തടാകങ്ങളിൽ വളരുന്ന കണ്ടൽക്കാടുകളും ശൈത്യകാലത്തെ രാജഹംസമടക്കമുള്ള ദേശാടന പക്ഷികളുടെയും വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളുടെയും ആവാസവ്യവസ്ഥയാണ് ഈ ദ്വീപ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

