പിണറായി ഭരണം മാഫിയ ഭരണമായി മാറി -കെ.കെ. രമ എം.എൽ.എ
text_fieldsവടകര മണ്ഡലം യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണപരിപാടിയിൽ കെ.കെ. രമ എം.എൽ.എ സംസാരിക്കുന്നു
ദോഹ: കേരളത്തിലെ ഭരണം മാഫിയ പ്രവർത്തനമായി മാറിയിട്ട് നാളുകളേറെയായെന്ന് കെ.കെ. രമ എം.എൽ.എ ദോഹയിൽ പറഞ്ഞു. ഖത്തറിലെ വടകര മണ്ഡലം യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. ‘സാധാരണക്കാർക്ക് കേരളത്തിൽ ജീവിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് ഇടതു സർക്കാർ നമ്മുടെ സംസ്ഥാനത്തെ മാറ്റി. മുഖ്യമന്ത്രി പിണറായി വിജയൻ സി.പി.എം എന്ന പ്രസ്ഥാനത്തിന്റെ അന്ത്യം കുറിച്ചു കൊണ്ടിരിക്കുകയാണ്.
ലോക്കൽ സെക്രട്ടറി മുതൽ സംസ്ഥാന സെക്രട്ടറി വരെ അധികാരത്തിന്റെ ധാർഷ്ട്യത്തിലാണ് ജനങ്ങളോട് ഇടപെട്ടുകൊണ്ടിരിക്കുന്നത്. തങ്ങളുടെ താൽപര്യത്തിനു വഴങ്ങാത്തതിനാണ് നവീൻ ബാബു എന്ന എ.ഡി.എമ്മിനെ പൊതുജനത്തിന് മുന്നിൽ പരസ്യമായി വിചാരണ ചെയ്ത് അപമാനിക്കുകയും അദ്ദേഹത്തിന്റെ ആത്മഹത്യയിലേക്ക് കാര്യങ്ങൾ എത്തുകയും ചെയ്തത്.
ദാരുണമായ ഈ സംഭവം നടന്നിട്ടും രാജിക്കത്തിൽ ദിവ്യ എഴുതിയത് അഴിമതിക്കെതിരെയുള്ള സദുദ്ദേശ്യപരമായ വിമർശനമാണ് നടത്തിയത് എന്നാണ്’ -കെ.കെ. രമ പറഞ്ഞു.
ഓൾഡ് ഐഡിയൽ സ്കൂളിൽ നടന്ന സ്വീകരണ മണ്ഡലം യു.ഡി.എഫ് ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഖത്തർ വടകര മണ്ഡലം യു.ഡി.എഫ് ചെയർമാൻ അൻവർ ബാബു അധ്യക്ഷത വഹിച്ചു.
കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസ്സമദ്, ഇൻകാസ് അഡ്വൈസറി ബോർഡ് ചെയർമാൻ കെ.കെ. ഉസ്മാൻ, കരുണ ഖത്തർ പ്രതിനിധി ശ്രീജു വടകര, കെ.എം. സി.സി കോഴിക്കോട് ജില്ല പ്രസിഡന്റ് ടി.ടി. കുഞ്ഞമ്മദ്, ഇൻകാസ് കോഴിക്കോട് ജില്ല പ്രസിഡന്റ് വിപിൻ, സമീറ അബ്ദുൽനാസർ, സ്നേഹ സിറിൻ എന്നിവർ ആശംസകൾ അർപ്പിച്ചു. അഫ്സൽ വടകരയും കോട്ടയിൽ രാധാകൃഷ്ണന് പ്രശാന്ത് ഒഞ്ചിയവും കെ.കെ. രമക്ക് മെമന്റോ നൽകി. അഷറഫ് വടകര സ്വാഗതവും, സുധി നിറം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

