പ്രാദേശിക സർവകലാശാലകളുമായി സഹകരണത്തിന് പി.എച്ച്.സി.സി
text_fieldsപി.എച്ച്.സി.സി അക്കാദമിക് വിഭാഗം മേധാവി ഡോ. മർയം അൽ റാഷിദിന്റെ നേതൃത്വത്തിലുള്ള സംഘം സർവകലാശാലാ പ്രതിനിധികൾക്കൊപ്പം
ദോഹ: രാജ്യത്തെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സർവകലാശാലകളുമായും ഉഭയകക്ഷി സഹകരണത്തിന് ഊർജിത ശ്രമങ്ങളുമായി പ്രാഥമികാരോഗ്യ കോർപറേഷൻ (പി.എച്ച്.സി.സി). സഹകരണ ശ്രമങ്ങളുടെ ഭാഗമായി രാജ്യത്തെ വിവിധ സർവകലാശാലകളിൽ പി.എച്ച്.സി.സി അക്കാദമിക് വിഭാഗം മേധാവി ഡോ. മർയം അൽ റാഷിദ് സന്ദർശനം നടത്തുകയും വിവിധ വകുപ്പ് മേധാവികളുമായും ഡീൻമാരുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
യൂനിവേഴ്സിറ്റി ഓഫ് ദോഹ ഫോർ സയൻസ് ആൻഡ് ടെക്നോളജി (യു.ഡി.എസ്.ടി), ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്രാജ്വേറ്റ് സ്റ്റഡീസ്, കമ്യൂണിറ്റി കോളജ് ഓഫ് ഖത്തർ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലാണ് അവർ സന്ദർശനത്തിനെത്തിയത്. പി.എച്ച്.സി.സിയും പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണത്തിനാവശ്യമായ മാർഗങ്ങളും മറ്റു നടപടികളും കൂടിക്കാഴ്ചകളിൽ ചർച്ച ചെയ്തു.
പി.എച്ച്.സി.സി മാനേജിങ് ഡയറക്ടർ ഡോ. മറിയം അലി അബ്ദുൽ മലികിന്റെ മാർഗനിർദേശത്തിൽ, സഹകരണത്തിന്റെയും വിജയകരമായ സാംസ്കാരിക, അക്കാദമിക കൈമാറ്റത്തിന്റെയും പ്രാധാന്യം തിരിച്ചറിഞ്ഞാണ് രാജ്യത്തെ പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സർവകലാശാലകളുമായുമുള്ള സഹകരണശ്രമങ്ങളെന്ന് ഡോ. മർയം അൽ റാഷിദ് പറഞ്ഞു.യോഗ്യരായ പ്രതിഭകളെയും ബിരുദധാരികളെയും പി.എച്ച്.സി.സിക്ക് കീഴിലുള്ള തൊഴിലുകളിലേക്ക് ആകർഷിക്കുന്നതിന് കോർപറേഷന്റെ പ്രതിബദ്ധതയെ അടയാളപ്പെടുത്തുന്നതാണ് പുതിയ സഹകരണ ശ്രമങ്ങൾ. കൂടാതെ പ്രാദേശിക തലത്തിൽനിന്നുതന്നെ പ്രതിഭകളും ബിരുദധാരികളുമായ നേതാക്കളെ വളർത്തിയെടുക്കുന്നതിനും പരിശീലനം നൽകുന്നതിനുമുള്ള ഖത്തർ വിഷൻ 2030െൻറ ഭാഗമായി കൂടിയാണ് പുതിയ ശ്രമങ്ങൾ. പി.എച്ച്.സി.സിയും ദേശീയ സർവകലാശാലകളും തമ്മിലുള്ള പൊതുതാൽപര്യങ്ങൾ നേടിയെടുക്കുന്നതിന് സംയുക്ത ശാസ്ത്രീയ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ പ്രാധാന്യം സന്ദർശനത്തിനിടയിൽ ഡോ. അൽ റാഷിദ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

